കാക്കനാട് കൂട്ട ആത്മഹത്യ..തൂങ്ങിമരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ട് പറയുമ്പോഴും ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ ബാക്കി.. ഇളയ മകള്‍ പ്രിയയാണ് ഇന്ന് കുടുംബത്തില്‍ ശേഷിക്കുന്ന ഏക ആള്..

സെന്‍ട്രൽ ജിഎസ്ടി ഓഫിസിലെ അഡീഷണൽ കമ്മിഷണർ മനീഷ് വിജയ് (43), സഹോദരി ശാലിനി വിജയ് (49), അമ്മ ശകുന്തള അഗർവാൾ (77) എന്നിവരുടേത് തൂങ്ങിമരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ട് പറയുമ്പോഴും ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ ബാക്കി. എന്താണ് ഇവരുടെ ആത്മഹത്യയിലേക്ക് നയിച്ചത് എന്നതാണ് അതിലൊന്ന്. മറ്റൊന്ന് അമ്മ ശകുന്തള ദേവി സ്വയം തൂങ്ങി മരിച്ചതാണോ എന്നതും. മികച്ച ജീവിതസാഹചര്യങ്ങളുണ്ടായിട്ടും കേസും അതു സമ്മാനിച്ച കടുത്ത നിരാശയുമായിരിക്കാം ഇത്തരമൊരു വഴി തിരഞ്ഞെടുക്കാൻ
മൂവരേയും പ്രേരിപ്പിച്ചതെന്നു കരുതുമ്പോഴും എന്തുകൊണ്ടാണിവർ പെട്ടെന്ന് ആത്മഹത്യയിലേക്ക് തിരിഞ്ഞത് എന്നതിനും ഉത്തരം കിട്ടുക എളുപ്പമായിരിക്കില്ല. ഫെബ്രുവരി 13നാണ് ജാർഖണ്ഡ് പബ്ലിക് സർവീസ് കമ്മിഷന്റെ സംസ്ഥാന സർവീസ് പരീക്ഷയുമായി ബന്ധപ്പെട്ട കേസിൽ ഹാജരാകാൻ ശാലിനിക്ക് സമൻസ് ലഭിച്ചത് എന്നാണ് വിവരം. അന്നാണ് മനീഷ് താൻ സഹോദരിയുടെ ആവശ്യത്തിനായി നാട്ടിലേക്കു പോകുന്നു എന്നും ഒരാഴ്ച അവധിയിലായിരിക്കും എന്നും ഓഫിസിൽ അറിയിക്കുന്നത്. അതിനുശേഷം എന്താണ് സംഭവിച്ചതെന്നത് ദുരൂഹമാണ്.
ഫെബ്രുവരി 20ന് അമ്മയെ ഡോക്ടറെ കാണിക്കാൻ അപ്പോയ്മെന്റ് എടുക്കുകയും ഇക്കാര്യം ഡ്രൈവറോട് പറയുകയും ചെയ്തിരുന്നു എന്നതുകൊണ്ടു തന്നെ ആത്മഹത്യ പെട്ടെന്നുണ്ടായ തീരുമാനങ്ങളുടെ ഫലമാകാനാണ് സാധ്യത.സാമ്പത്തികമായി ബുദ്ധിമുട്ടുകളൊന്നുമില്ലാത്ത കുടുംബമായിരുന്നു ഇവരുടേത്. പിതാവ് യു.സി.വിജയ് വളരെ നേരത്തെ മരിച്ചതിനെ തുടര്‍ന്ന് അമ്മ ശകുന്തളയാണ് 4 മക്കളെയും വളര്‍ത്തിയത്. ബൊക്കോറോ സ്റ്റീല്‍ സിറ്റിയില്‍ അധ്യാപികയായിരുന്നു ശകുന്തള. ഇവരുടെ ഒരു മകന് നേരത്തെ മരിച്ചിരുന്നു. അതും ആത്മഹത്യയായിരുന്നു.
വിവാഹിതയായി അബുദാബിയില്‍ ജീവിക്കുന്ന ഇളയ മകള്‍ പ്രിയയാണ് ഇന്ന് കുടുംബത്തില്‍ ശേഷിക്കുന്ന ഏക ആള്. പ്രിയ എത്തിയതിനു ശേഷമാണ് പോസ്റ്റ്മോര്‍ട്ടം നടന്നതും.മൂന്നുപേരുടെയും ചിതയ്ക്ക് ഏക മകളാണ് തീ കൊളുത്തിയത്.
https://www.facebook.com/Malayalivartha

























