മതവിദ്വേഷ പരാമര്‍ശ കേസ്: പി.സി. ജോര്‍ജിനെ ഇന്നു വൈകിട്ട് ആറു മണി വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

മതവിദ്വേഷ പരാമര്‍ശ കേസില്‍ ഈരാറ്റുപേട്ട കോടതിയില്‍ കീഴടങ്ങിയ ബിജെപി നേതാവ് പി.സി. ജോര്‍ജിനെ ഇന്നു വൈകിട്ട് ആറു മണി വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. പൊലീസ് നല്കിയ കസ്റ്റഡി അപേക്ഷയില്‍ അപാകതയുണ്ടെന്ന് കോടതി പറഞ്ഞു. അപാകത പരിഹരിച്ച് കസ്റ്റഡി അപേക്ഷ വീണ്ടും സമര്‍പ്പിക്കാനാണ് നിര്‍ദേശം. ഇതിനുശേഷമാകും പി.സി.ജോര്‍ജിന്റെ ജാമ്യാപേക്ഷയില്‍ ഉത്തരവ്.
ചോദ്യം ചെയ്യലിന് ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനില്‍ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അതിനാടകീയമായി ഈരാറ്റുപേട്ട കോടതിയിലെത്തി കീഴടങ്ങിയ പി.സി.ജോര്‍ജ്, കേസില്‍ ജാമ്യം ലക്ഷ്യമിട്ടാണ് മുന്നോട്ട് പോയത്. എന്നാല്‍ കോടതി പൊലീസ് കസ്റ്റഡിയില്‍ വിടുകയായിരുന്നു. കോടതി തീരുമാനത്തിനു പിന്നാലെ പി.സി. ജോര്‍ജിനെ വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോയി. ആറു മണിക്ക് വീണ്ടും കോടതിയില്‍ ഹാജരാക്കും. പൊലീസ് റിപ്പോര്‍ട്ട് കൂടി പരിഗണിച്ച ശേഷം ജാമ്യത്തില്‍ കോടതി തീരുമാനമെടുക്കും. പി.സി. ജോര്‍ജിന്റെ കേസ് ഇന്ന് ഉച്ചയ്ക്ക് കോടതി പരിഗണിച്ചപ്പോള്‍, ഇദ്ദേഹത്തിനെതിരെ നേരത്തെ റജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസുകളുടെ റിപ്പോര്‍ട്ട് കോടതിയില്‍ പൊലീസ് സമര്‍പ്പിച്ചിരുന്നു.
തിങ്കളാഴ്ച രാവിലെ മുതല്‍ പി.സി.ജോര്‍ജിന്റെ വീട്ടില്‍ ബിജെപി നേതാക്കളും പ്രവര്‍ത്തകരും എത്തിയിരുന്നു. പൊലീസ് നോട്ടിസ് നല്‍കിയതിനെ തുടര്‍ന്ന് ബിജെപി പ്രതിഷേധ പ്രകടനം ഒഴിവാക്കി. കഴിഞ്ഞ രണ്ടു ദിവസമായി പൊലീസ് പി.സി. ജോര്‍ജിനായി അന്വേഷണം നടത്തുകയായിരുന്നു. കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്യാന്‍ നീക്കം തുടങ്ങിയതിനു പിന്നാലെ ഹാജരാകാന്‍ രണ്ടു ദിവസത്തെ സാവകാശം പി.സി. ജോര്‍ജ് തേടുകയായിരുന്നു.
https://www.facebook.com/Malayalivartha

























