ആറളം ഫാമില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ആദിവാസി ദമ്പതികളുടെ മരണം: വനം മന്ത്രി ഇവിടെയെത്താതെ മൃതദേഹം വീട്ടിലേക്കു കൊണ്ടുപോകില്ലെന്ന് പ്രതിഷേധക്കാര്‍

ആറളം ഫാമില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ആദിവാസി ദമ്പതികളുടെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി. ദമ്പതികളുടെ വീടിനു 100 മീറ്റര്‍ അകലെ മൃതദേഹങ്ങളുമായെത്തിയ ആംബുലന്‍സ് നാട്ടുകാര്‍ തടഞ്ഞു. വനം മന്ത്രി ഇവിടെയെത്താതെ മൃതദേഹം വീട്ടിലേക്കു കൊണ്ടുപോകില്ലെന്നാണു പ്രതിഷേധക്കാര്‍ പറയുന്നത്.
സംഭവസ്ഥലത്തെത്തിയ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജന് അടക്കമുള്ള നേതാക്കളെയും പ്രതിഷേധക്കാര്‍ തടഞ്ഞു. ഇന്നലെ സബ് കലക്ടര്‍ സ്ഥലത്തെത്തിയിട്ടും ആംബുലന്‍സ് കൊണ്ടുപോകാന്‍ അനുവദിക്കാതിരുന്ന നാട്ടുകാര്‍ പൊലീസ് നടത്തിയ ചര്‍ച്ചയ്ക്ക് ഒടുവിലാണ് അയഞ്ഞത്.
വൈകിട്ട് 3 മണിക്കു വനംമന്ത്രി പങ്കെടുക്കുന്ന സര്‍വകക്ഷിയോഗം ചേരും. കുടുംബത്തിന് 20 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്നാണു പ്രഖ്യാപനം. ആദ്യഘട്ട നഷ്ടപരിഹാരം ഇന്നു കൈമാറുമെന്നു ജില്ലാ ഭരണകൂടം അറിയിച്ചു. ആറളം പഞ്ചായത്തില്‍ യുഡിഎഫും ബിജെപിയും പ്രഖ്യാപിച്ച ഹര്‍ത്താല്‍ പുരോഗമിക്കുകയാണ്.
പതിമൂന്നാം ബ്ലോക്കില്‍ കശുവണ്ടി ശേഖരിച്ചു മടങ്ങുമ്പോഴാണ് ഇന്നലെ ഉച്ചയോടെ വെള്ളിയെയും ലീലയെയും ആന ആക്രമിച്ചത്. വീടിനു പിന്നില്‍ പതിയിരുന്ന കാട്ടാനയുടെ ആക്രമണത്തില്‍ വൃദ്ധ ദമ്പതികള്‍ സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചിരുന്നു.
പ്രദേശത്തു വന്യമൃഗ ശല്യത്തെ തുടര്‍ന്നു നൂറുകണക്കിന് കുടുംബങ്ങള്‍ വീടൊഴിഞ്ഞുപോയിരുന്നു. ആദിവാസി പുനരധിവാസ മേഖലയായ ആറളം ഫാമില്‍ ഇരുപതോളം പേരാണ് ഇതുവരെ കാട്ടാന ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്. വനാതിര്‍ത്തിയില്‍ ആന മതില് നിര്‍മാണം രണ്ട് വര്‍ഷം മുന്‍പ് തുടങ്ങിയെങ്കിലും ഇതുവരെ പൂര്‍ത്തിയായിട്ടില്ല.
https://www.facebook.com/Malayalivartha

























