ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തം: ആറു മാസത്തിനു ശേഷം പുനരധിവാസത്തിനു വായ്പയായി പണമനുവദിച്ച നടപടി നീതികേടെന്ന് പ്രിയങ്ക ഗാന്ധി

വയനാട് ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ആറു മാസത്തിനു ശേഷം പുനരധിവാസത്തിനു വായ്പയായി പണമനുവദിച്ച നടപടി നീതികേടും മനുഷ്യത്വരഹിതവുമെന്നു പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ പ്രിയങ്ക ഗാന്ധി എംപി കുറ്റപ്പെടുത്തി. നിലവില്‍ പ്രഖ്യാപിച്ചിരിക്കുന്ന വായ്പ ദുരിതാശ്വാസമായി മാറ്റണമെന്നും സമയപരിധി നീട്ടണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.
298 പേര് മരിക്കുകയും എല്ലാ അടിസ്ഥാന സൗകര്യങ്ങളും തകരുകയും ചെയ്ത ദുരന്തഭൂമിയില്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം വലിയ പ്രതീക്ഷയോടെയാണു കണ്ടത്. ഈ ദുരന്തത്തെ അതിജീവിക്കാന്‍ അസാമാന്യ ധൈര്യം വയനാട്ടിലെ ജനങ്ങള്‍ പ്രകടിപ്പിക്കുന്നുണ്ടെങ്കിലും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ധനസഹായമില്ലാതെ കഴിയില്ല.
പുനരധിവാസം വേദനിപ്പിക്കുന്ന നിലയിലുള്ള മന്ദഗതിയിലാണു നീങ്ങുന്നത്. കേരളത്തില്‍നിന്നുള്ള എംപിമാരുടെ നിരന്തര സമ്മര്‍ദത്തിന്റെ ഫലമായിട്ടാണ് അതിതീവ്ര ദുരന്തം എന്ന ഗണത്തില്‍ ചൂരല്‍മല ഉരുള്‍പൊട്ടല്‍ പെടുത്തിയത്. പക്ഷേ, പരിമിതമായ സഹായം കടുത്ത മാനദണ്ഡങ്ങളോടെ പ്രഖ്യാപിച്ചത് നിരാശയുണ്ടാക്കുന്നു. ഈ ദുര്‍വിധിയില്‍ വയനാട്ടിലെ ജനങ്ങള്‍ കൂടുതല്‍ സഹായം അര്‍ഹിക്കുന്നുണ്ടെന്നും അതിനെ സഹാനുഭൂതിയോടെ കാണണമെന്നും പ്രിയങ്ക പറഞ്ഞു.
കൃഷി, വ്യാപാരം, ടൂറിസം പ്രവര്‍ത്തനങ്ങളുമായി ഉപജീവനം നടത്തിയിരുന്നവരും ജീപ്പ്, ഓട്ടോറിക്ഷ ഡ്രൈവര്‍മാരും ചെറുകിട വ്യാപാരികളും ഹോം സ്റ്റേ നടത്തിയവരുമെല്ലാം വരുമാനം നഷ്ടപ്പെട്ട അവസ്ഥയിലാണ്. രണ്ടറ്റം മുട്ടിക്കാന്‍ കഴിയാതെ വലയുകയാണു ദുരന്തബാധിതര്‍ എന്നും കത്തില്‍ ചൂണ്ടിക്കാണിക്കുന്നു.
https://www.facebook.com/Malayalivartha

























