പൊലീസ് കായികക്ഷമതാ പരീക്ഷയില്‍ ഓടിത്തോറ്റ ബോഡി ബില്‍ഡര്‍ ഷിനുവിന് വീണ്ടും അവസരം നല്കാന് തീരുമാനം

പൊലീസ് കായികക്ഷമതാ പരീക്ഷയില്‍ ഓടിത്തോറ്റ ബോഡി ബില്‍ഡിങ് താരം ഷിനു ചൊവ്വയെ രണ്ടു മാസത്തിനു ശേഷം വീണ്ടും അവസരം നല്കാന് നീക്കം. ഷിനു നല്കിയ അപേക്ഷ പരിഗണിച്ചാണ് നടപടി. രാജ്യാന്തര ബോഡി ബില്‍ഡിങ് ചാംപ്യന്‍ഷിപ്പുകളില്‍ വിജയം നേടിയ കണ്ണൂര്‍ സ്വദേശി ഷിനുവിനെയും കൊച്ചി സ്വദേശി ചിത്തരേഷ് നടേശനെയും സ്പോര്‍ട്സ് ക്വോട്ടയില്‍ ആംഡ് പൊലീസ് ഇന്സ്പെക്ടര്മാരാക്കാന് മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു.
എന്നാല്‍ ഇതിനു ചുക്കാന്‍ പിടിച്ചത് മുഖ്യമന്ത്രിയുടെ ഓഫിസ് ആണെന്നും കണ്ണൂരുകാരനായ താരത്തിന്റെ സിപിഎം ബന്ധമാണു കാരണമെന്നും ആരോപണം ഉയര്‍ന്നു. ആംഡ് ബറ്റാലിയന് ഇന്‍സ്പെക്ടര്‍മാരായി കായികതാരങ്ങളെ നിയമിക്കരുതെന്ന സര്‍ക്കാര്‍ ഉത്തരവും ഇതിനായി അട്ടിമറിച്ചു. ഫുട്ബോള്‍ താരങ്ങളായ അനസ് എടത്തൊടികയും റിനോ ആന്റോയും ഉള്‍പ്പെടെ അംഗീകൃത കായിക ഇനങ്ങളിലെ രാജ്യാന്തര താരങ്ങളടക്കം സ്പോര്‍ട്സ് ക്വോട്ട വഴിയുള്ള സര്‍ക്കാര്‍ ജോലിക്കായി വര്‍ഷങ്ങളായി കാത്തിരിക്കുമ്പോഴാണ് ഇത്തരത്തില്‍ പിന്‍വാതില്‍ നിയമനത്തിനുള്ള നീക്കമെന്നാണു വിമര്‍ശനം.
ഇന്നായിരുന്നു കായികക്ഷമതാ പരീക്ഷ. പേരൂര്‍ക്കട എസ്എപി ഗ്രൗണ്ടില്‍ എട്ടിനങ്ങളില്‍ നടന്ന പരീക്ഷയില്‍ 100 മീറ്റര്‍ ഓട്ടം, ലോങ് ജംപ്, ഹൈജംപ്, 1500 മീറ്റര്‍ ഓട്ടം എന്നീ ഇനങ്ങളില്‍ ഷിനു പരാജയപ്പെട്ടു. എന്നാല്‍ നൂറു മീറ്റര്‍ ഓട്ടമാണ് ആദ്യം നടത്തിയതെന്നും ആ സമയത്ത് കാലിനു പരുക്കേറ്റിരുന്നുവെന്നും ഷിനു പറയുന്നു.
ഇതു പരിഗണിക്കാതെയാണ് പൊലീസുകാര്‍ ബാക്കി മത്സരങ്ങള്‍ നടത്തിയതെന്നും അതാണ് പരാജയപ്പെടാന്‍ കാരണമെന്നുമാണ് ഷിനുവിന്റെ വാദം. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി, വീണ്ടും അവസരം വേണമെന്ന് ആവശ്യപ്പെട്ട് ഷിനു അപേക്ഷ നല്കി. ചിത്തരേഷ് നടേശന് കായികക്ഷമതാ പരീക്ഷയില്‍ പങ്കെടുത്തില്ല. സര്‍ക്കാരിന്റെ സ്പോര്‍ട്സ് ക്വോട്ട നിയമനത്തിന് ബോഡി ബില്‍ഡിങ് പരിഗണിക്കാറില്ലെങ്കിലും രാജ്യാന്തര നേട്ടങ്ങളും മറ്റും കണക്കിലെടുത്തു പ്രത്യേക കേസായി പരിഗണിക്കാമെന്ന ന്യായത്തോടെയാണ് ഇവരെ നിയമിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചത്. ഇവരെ നിയമിക്കാന്‍ വ്യവസ്ഥയില്ലെന്നായിരുന്നു ആഭ്യന്തര വകുപ്പ് ആദ്യം നിലപാടെടുത്തത്. മന്ത്രിസഭ നിര്‍ദേശിച്ചതോടെ പ്രത്യേക കേസായി പരിഗണിച്ചു നിലവിലെ ചട്ടങ്ങളില്‍ ഇളവു വരുത്തി ആഭ്യന്തര സെക്രട്ടറി നിയമന ഉത്തരവിറക്കി.
ഏഷ്യന്‍ ഗെയിംസിലെയും കോമണ്‍വെല്‍ത്ത് ഗെയിംസിലെയും മെഡല്‍ ജേതാവായ ഒളിംപ്യന്‍ എം.ശ്രീശങ്കറിനെ പൊലീസ് നിയമനത്തിനു പരിഗണിക്കണമെന്ന ഡിജിപിയുടെ ശുപാര്‍ശ വ്യവസ്ഥയില്ലെന്നു ചൂണ്ടിക്കാട്ടി തള്ളിയിരുന്നു. അതേ ആഭ്യന്തര വകുപ്പാണ് സ്പോര്‍ട്സ് ക്വോട്ട നിയമനത്തിനു പോലും പരിഗണിക്കാത്ത ഇനമായ ബോഡി ബില്‍ഡിങ്ങിലെ താരങ്ങള്‍ക്കു വളഞ്ഞ വഴിയില്‍ നിയമനം നല്‍കിയത്. ബോഡി ബില്‍ഡിങ് താരങ്ങളെ പൊലീസിലെടുക്കാനാവില്ലെന്നും ഇന്‍സ്പെക്ടറായി നിയമിക്കുന്നത് ചട്ടവിരുദ്ധമാണെന്നും ഡിജിപി വിയോജനക്കുറിപ്പ് എഴുതിയതും അവഗണിച്ചു.
https://www.facebook.com/Malayalivartha

























