ഞെട്ടിവിറച്ച് തലസ്ഥാനം... 23 വയസുകാരന്‍ നടത്തിയ കൊലപാതകത്തില്‍ വിറങ്ങലിച്ച് തിരുവനന്തപുരം; അതിക്രൂര കൊലപാതകങ്ങള്‍ നാടറിഞ്ഞത് പൊലീസ് വന്നപ്പോള്‍; ഫര്‍സാനയെ കൊന്നത് ഏറ്റവും അവസാനം; എലിവിഷം കഴിച്ച് അഫാന്‍

അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിയിരിക്കുകയാണ് തലസ്ഥാനം. രാവിലെ മുതല്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ അതിക്രൂരമായ കൊലപാതകങ്ങള്‍ നടന്നിട്ടും നാടറിയുന്നത് വൈകിട്ട് ആറു മണിക്കു ശേഷം പൊലീസ് എത്തുമ്പോള്‍ മാത്രം. പേരുമലയിലെ വീട്ടില്‍നിന്ന് 25 കിലോമീറ്റര്‍ അകലെയുള്ള കല്ലറ പാങ്ങോട്ട് എത്തിയാണ്, ഒറ്റയ്ക്കു താമസിക്കുന്ന മുത്തശി സല്‍മാബീവിയെ അഫാന്‍ ആദ്യം കൊലപ്പെടുത്തിയത്.
ഇവരെ കുളിമുറിയില്‍ മരിച്ച നിലയില്‍ അയല്‍വാസികള്‍ കണ്ടെത്തിയിരുന്നു. സ്വാഭാവിക മരണമാണെന്നാണ് നാട്ടുകാര്‍ കരുതിയത്. എന്നാല്‍ അഫാന്റെ വെളിപ്പെടുത്തലിനു പിന്നാലെയാണ് ഇതു കൊലപാതകമാണ് എന്നറിഞ്ഞത്. പിന്നീട് അഫാന്‍ കൊന്നത് പുല്ലമ്പാറ എസ്എന്‍ പുരത്തുള്ള പിതൃസഹോദരന്‍ ലത്തീഫ് (69), ഭാര്യ ഷാഹിദ (59) എന്നിവരെയാണ്.
റിട്ട. സിആര്‍പിഎഫ് ഉദ്യോഗസ്ഥനായ ലത്തീഫിന്റെ മൃതദേഹം കസേരയില്‍ ഇരിക്കുന്ന നിലയിലായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. തലയ്ക്കു പിന്നില്‍ ചുറ്റിക കൊണ്ട് അടിച്ചു കൊന്നുവെന്നാണ് സൂചന. ഗുരുതരമായി തലയ്ക്കു പരുക്കേറ്റിരുന്നു.
ഇവിടെയും കൊലപാതകം നടന്ന വിവരം നാട്ടുകാര്‍ അറിഞ്ഞിരുന്നില്ല. ഈ കൊടുംക്രൂരതകള്‍ക്കു ശേഷം അഫാന്‍ വീട്ടിലെത്തി അനുജനെ പുറത്തുകൊണ്ടുപോയി ആഹാരം വാങ്ങിക്കൊടുത്തുവെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇതിനു ശേഷമാണ് സഹോദരനെയും തന്റെ പെണ്‍സുഹൃത്തിനെയും അമ്മയെയും ആക്രമിച്ചത്. ഏറ്റവും ഒടുവിലാണു പെണ്‍സുഹൃത്ത് ഫര്‍സാനയെ കൊന്നതെന്നാണു സൂചന. തൊട്ടടുത്ത് ബന്ധുക്കള്‍ ഉള്‍പ്പെടെ താമസിക്കുന്നുണ്ടെങ്കിലും എല്ലാവരും വിവരം അറിയുന്നത് പൊലീസുകാര്‍ വൈകിട്ട് ആറു മണിക്കു ശേഷം സ്ഥലത്ത് എത്തുമ്പോള്‍ മാത്രമാണ്.
സ്വന്തം അമ്മയെ കഴുത്തുഞെരിച്ചു കൊല്ലാന്‍ ശ്രമിക്കുക, അതു പരാജയപ്പെട്ടപ്പോള്‍ ചുറ്റിക വാങ്ങിച്ചു വന്നു തലയ്ക്കടിച്ചു കൊല്ലാന്‍ ശ്രമിക്കുക... പെരുമല സ്വദേശി അഫാന്റെ കൊടുംക്രൂരതകളും കൂട്ടക്കൊലപാതകവും അറിഞ്ഞു ഞെട്ടിയിരിക്കുകയാണു കേരളം. അമ്മ കൊല്ലപ്പെട്ടെന്നു കരുതി അഫാന്‍ പോയതു പാങ്ങോട് ഒറ്റയ്ക്കു താമസിക്കുന്ന 88 വയസ്സുകാരിയായ അച്ഛമ്മയുടെ വീട്ടിലേക്കാണ്. കയ്യിലുള്ള ചുറ്റികകൊണ്ടു ഇവരെ തലയ്ക്കടിച്ചു കൊന്നു. പിന്നീടു കൂനന്‍വേങ്ങയിലെത്തി അച്ഛന്റെ ജ്യേഷ്ഠനെയും ഭാര്യയെയും കൊലപ്പെടുത്തി.
സ്വന്തം വീട്ടില്‍ മടങ്ങിയെത്തിയപ്പോള്‍ കണ്ട 13 വയസ്സുകാരനായ ഇളയ സഹോദരനെ തലയ്ക്കടിച്ചു കൊന്നു. പെണ്‍സുഹൃത്ത് അനാഥമായി പോകുമോ എന്ന ഭയത്തിലാണ് അവരെ വീട്ടിലേക്കു വിളിച്ചുവരുത്തി കൊലപ്പെടുത്തിയതെന്നാണു പൊലീസ് പറയുന്നത്.കൊലപാതകങ്ങള്‍ക്കു ശേഷം ഗ്യാസ് സിലിണ്ടര്‍ തുറന്നുവിട്ട് വീടും ഗെയ്റ്റും പൂട്ടി പ്രതി പൊലീസ് സ്റ്റേഷനില്‍ എത്തി.
'സാറെ ഞാന്‍ 6 പേരെ കൊന്നു' 23 കാരനായ അഫാന്റെ തുറന്നുപറച്ചല്‍കേട്ടു പൊലീസും ഞെട്ടി. പ്രതി പറഞ്ഞ വീടുകളിലേക്ക് പൊലീസ് വണ്ടികള്‍ പാഞ്ഞു. ഒന്നിനുപുറകെ ഒന്നായി 5 മൃതദേഹങ്ങള്‍ കണ്ടെടുത്തു. ആദ്യം അടിയേറ്റങ്കിലും അവസാനം വരെ മരണത്തോടു പൊരുതിനിന്ന അമ്മ ഷമീനയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊലപാതകത്തിനു ശേഷം ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച പ്രതി എലി വിഷം കഴിച്ച ശേഷമാണു പൊലീസ് സ്റ്റേഷനിലെത്തിയത്. ശാരീരിക അസ്വാസ്ഥ്യങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് അഫാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
"
https://www.facebook.com/Malayalivartha

























