വയര്‍ നിറഞ്ഞ ശേഷം... വെഞ്ഞാറമൂട് കൊലപാതകത്തില്‍ പ്രചരിക്കുന്നത് പല കഥകള്‍; കൊല്ലുംമുന്‍പ് സഹോദരന് മന്തിവാങ്ങിനല്‍കി; പിന്നില്‍ പണമോ, പ്രണയമോ?

തിരുവനന്തപുരത്തെ വിറപ്പിച്ച് 23 വയസുകാരന്‍. വെഞ്ഞാറമൂട് പേരുമലയിലെ വീട്ടില്‍ തലയ്ക്കും മുഖത്തും അടിയേറ്റു വികൃതമായ നിലയിലാണ് മൂന്നുപേരെയും കണ്ടെത്തിയത്. ഇതില്‍ ഒന്‍പതാം ക്ലാസുകാരന്‍ അഫ്സാന്റെ മൃതദേഹത്തിനു ചുറ്റും അഞ്ഞൂറു രൂപയുടെ നോട്ടുകള്‍ വിതറിയ നിലയിലായിരുന്നു. സ്വീകരണമുറിയില്‍ നിലത്തുകിടക്കുന്ന നിലയിലായിരുന്നു അഫ്സാന്റെ മൃതദേഹം.
അടുത്ത മുറയിലായിരുന്നു ഷെമി പരിക്കേറ്റു കിടന്നത്. ഇവര്‍ കണ്ണു തുറക്കുന്നതു കണ്ടാണ് പോലീസ് അതിവേഗം ആശുപത്രിയിലെത്തിച്ചത്. മുകളിലത്തെ നിലയില്‍ കസേരയില്‍ ഇരിക്കുന്ന നിലയിലാണ് ഫര്‍സാനയുടെ മൃതദേഹം കണ്ടത്.
പെണ്‍സുഹൃത്തിനെയും സഹോദരനെയും കൊലപ്പെടുത്തുന്നതിനു മുന്‍പ് 14-കാരനായ അഫ്സാന് ഭക്ഷണം വാങ്ങിനല്‍കി. വെഞ്ഞാറമൂട്ടിലെ ഹോട്ടലിലെത്തി കുഴിമന്തി വാങ്ങിക്കൊടുത്തുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. അതിനു ശേഷമായിരുന്നു കൊടുംക്രൂരത.
അഫാന്‍ കൊലപ്പെടുത്തിയ പെണ്‍സുഹൃത്ത് ഫര്‍സാന പഠിക്കാന്‍ പോകുന്നുവെന്ന് പറഞ്ഞാണു വീട്ടില്‍നിന്നിറങ്ങിയത്. കൊല്ലത്ത് പി.ജി.ക്കു പഠിക്കുന്ന ഫര്‍സാന ട്യൂഷനു പോകുന്നുവെന്നാണ് വീട്ടില്‍ പറഞ്ഞത്. പഠനത്തിനു ശേഷമാകാം അഫാനോടൊപ്പം അയാളുടെ വീട്ടിലേക്കു പോയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ഫര്‍സാനയുമായി അഫാന്‍ വീട്ടിലെത്തിയപ്പോള്‍ തര്‍ക്കമുണ്ടായതാണ് ആക്രമണത്തിനു കാരണമെന്നും പോലീസ് സംശയിക്കുന്നുണ്ട്. എതാനും ദിവസംമുന്‍പ് അഫാന്റെ വീടിനു സമീപത്തുവെച്ച് പെണ്‍കുട്ടിയെ കണ്ടതായി സമീപവാസികള്‍ പറയുന്നു. വിവാഹത്തിനു സമ്മതം തേടാനാണ് അഫാന്‍, ഫര്‍സാനയുമായി വീട്ടിലെത്തിയതെന്നാണ് കരുതുന്നത്.
മൂന്നു വീടുകളിലായി ഞെട്ടിക്കുന്ന അഞ്ചു കൊലപാതകങ്ങള്‍ നടന്നിട്ടും അയല്‍ക്കാര്‍പോലും അറിഞ്ഞില്ല. ചുറ്റികകൊണ്ടുള്ള അടിയേറ്റ് തല പൊട്ടിപ്പൊളിഞ്ഞിട്ടും നിലവിളിപോലും പുറത്തുവന്നില്ല. മൂന്നു വീടുകളുടെയും സമീപത്തായി നിരവധി വീടുകളാണുള്ളത്. എന്നിട്ടും പോലീസും ആംബുലന്‍സും എത്തിയതോടെയാണ് നടക്കുന്ന കൊലപാതകവിവരം സമീപവാസികള്‍ അറിയുന്നത്.
കൊലപാതകങ്ങള്‍ നടന്ന വീടുകളില്‍ ഒന്നില്‍നിന്നുപോലും അസ്വാഭാവികമായ ശബ്ദങ്ങളൊന്നും കേട്ടില്ലെന്നാണ് സമീപവാസികള്‍ പറയുന്നത്. പേരുമലയിലെ വീട്ടില്‍നിന്ന് പോലീസ് സ്റ്റേഷനിലേക്കു പോയപ്പോള്‍ അഫാന്‍ വീട് ഭദ്രമായി പൂട്ടി. ഗ്യാസ് സിലിന്‍ഡര്‍ തുറന്നുവിട്ട ശേഷമായിരുന്നു പോലീസില്‍ കീഴടങ്ങി കുറ്റസമ്മതം നടത്താന്‍ സ്റ്റേഷനിലേക്കെത്തിയത്.
രാത്രി ഏഴുമണിയോടെ അഫാന്റെ മൊഴി കേട്ട പോലീസുകാര്‍ ആദ്യം വിശ്വസിച്ചില്ല. കൊല നടത്തിയ സ്ഥലങ്ങളും ആളുകളുടെ പേരുകളും വ്യക്തമായി പറഞ്ഞതോടെയാണ് പോലീസ് പരിശോധന നടത്താന്‍ തീരുമാനിച്ചത്.
മൊഴിയില്‍ പറഞ്ഞിരിക്കുന്ന സ്ഥലങ്ങളിലൊന്നായ പേരുമലയിലെ അഫാന്റെ വീട്ടിലെത്തിയപ്പോള്‍ വീട് പൂട്ടിയ നിലയിലായിരുന്നു. വീടിന്റെ പൂട്ടു തകര്‍ത്താണ് പോലീസ് അകത്തുകയറിയത്. പോലീസ് ഗ്യാസ് സിലിന്‍ഡര്‍ ഓഫ് ചെയ്ത ശേഷമാണ് പരിശോധനയാരംഭിച്ചത്. കൊലപാതകം നടന്നെന്നു വ്യക്തമായതോടെ പോലീസ് അറിയിച്ചതനുസരിച്ച് മൃതദേഹങ്ങള്‍ മാറ്റുന്നതിനും പരിക്കേറ്റ ഷെമിയെ ആശുപത്രിയിലെത്തിക്കുന്നതിനും ആംബുലന്‍സുകളെത്തി.
നിശ്ചയിച്ചുറപ്പിച്ച കൊലപാതകങ്ങള്‍ നടത്താന്‍ അതിക്രൂര മനസ്സുമായി അഫാന്‍ എന്ന 23-കാരന്‍ സഞ്ചരിച്ചത് മുപ്പത്തിനാലോളം കിലോമീറ്റര്‍. ആ യാത്രയിലൊന്നും കൊലപാതകത്തെക്കുറിച്ച് രണ്ടാമതൊരു ചിന്ത പ്രതിയുടെ മനസ്സിലേക്കെത്തിയില്ല.
സ്വന്തം വീടായ പേരുമലയില്‍നിന്ന് അച്ഛന്റെ മാതാവ് സല്‍മാ ബീവിയെ കൊലപ്പെടുത്താന്‍ കല്ലറ പാങ്ങോട്ടേക്ക് ആദ്യയാത്ര. പതിന്നാല് കിലോമീറ്റര്‍ അകലെയുള്ള വീട്ടിലെത്തി അമ്മൂമ്മയെ തലയ്ക്കടിച്ചു കൊന്നു. പിന്നീട് ഏഴ് കിലോമീറ്റര്‍ അകലെയുള്ള ചുള്ളാളത്തെ ബന്ധുക്കളായ ദമ്പതിമാരുടെ വീട്ടിലെത്തി അവരെയും കൊലപ്പെടുത്തി. തുടര്‍ന്ന് പേരുമലയിലെ സ്വന്തം വീട്ടിലെത്തി മാതാവ്, സഹോദരന്‍, പെണ്‍സുഹൃത്ത് എന്നിവരെ കൊലപ്പെടുത്തുകയായിരുന്നു. രണ്ടു മണിക്കൂര്‍ സമയത്തിനിടെയാണ് അഫാന്‍ ആറുപേരെ ആക്രമിച്ചതെന്നാണ് പ്രാഥമികവിവരം.
പിന്നീട് സ്വന്തം വീടിനു സമീപത്തുനിന്ന് ഓട്ടോയിലാണ് അഫാന്‍ വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനിലെത്തിയത്. തുടര്‍ന്നു നടന്ന അന്വേഷണത്തിലാണ് മുഖംപോലും തിരിച്ചറിയാന്‍ കഴിയാത്ത തരത്തിലുള്ള മൃതദേഹങ്ങള്‍ പോലീസ് കണ്ടെത്തിയത്. ചുറ്റികയുപയോഗിച്ചാണ് കൊലപാതകങ്ങള്‍ നടത്തിയതെന്നാണ് പോലീസ് നല്‍കുന്ന പ്രാഥമികവിവരം.
മനഃസാക്ഷിയെ ഞെട്ടിച്ച അരുംകൊലകള്‍ നടത്താന്‍ യുവാവിനെ നയിച്ചതിന്റെ കാരണങ്ങള്‍ തേടുകയാണ് പോലീസും നാട്ടുകാരും. സാമ്പത്തികപ്രതിസന്ധിയെ തുടര്‍ന്നുള്ള അനിശ്ചിതത്വമാണ് കുടുംബാംഗങ്ങളെ ഉള്‍പ്പെടെ കൊലപ്പെടുത്താനുള്ള കാരണമെന്നാണ് യുവാവ് പോലീസില്‍ നല്‍കിയ ആദ്യ മൊഴിയെന്നാണ് പ്രാഥമികവിവരം. ഇത് പോലീസ് വിശ്വസിച്ചിട്ടില്ല. വിവാഹം നിരസിച്ചതിലുള്ള പകയാണ് ക്രൂരകൃത്യത്തിനു യുവാവിനെ പ്രേരിപ്പിച്ചതെന്ന സൂചന ലഭിച്ചതിനാല്‍ അതു സംബന്ധിച്ച അന്വേഷണവും തുടങ്ങിക്കഴിഞ്ഞു. പിന്നെ സാമ്പത്തിക പ്രശ്‌നങ്ങളും.
https://www.facebook.com/Malayalivartha

























