അടുത്ത വർഷം നടക്കുന്ന നിയമസഭാ തിരഞ്ഞടുപ്പിൽ.. അധികാരത്തിൽ തിരിച്ചെത്താൻ വേണ്ടി ബി ജെ പിയെ മഹത്വവൽക്കരിക്കാനുള്ള പിണറായിയുടെയും എം.വി. ഗോവിന്ദന്റെയും ശ്രമം.. പ്രവർത്തകരും ജാഗ്രത പുലർത്തണമെന്ന് ആർ.എസ്.എസ്..

അടുത്ത വർഷം നടക്കുന്ന നിയമസഭാ തിരഞ്ഞടുപ്പിൽ അധികാരത്തിൽ തിരിച്ചെത്താൻ വേണ്ടി ബി ജെ പിയെ മഹത്വവൽക്കരിക്കാനുള്ള പിണറായിയുടെയും എം.വി. ഗോവിന്ദന്റെയും ശ്രമങ്ങളിൽ നേതാക്കളും പ്രവർത്തകരും ജാഗ്രത പുലർത്തണമെന്ന് ആർ.എസ്.എസ്. നേതൃത്വം ബി ജെ പി ദേശീയ നേതൃത്വത്തെ അറിയിച്ചതായി വിവരം. സി.പി.ഐ പറയുമ്പോലെ മോദിസർക്കാരിനെ ഫാസിസ്റ്റ് സർക്കാരെന്നു വിശേഷിപ്പിക്കാനാവില്ലെന്ന നിലപാടുമായി സി.പി.എം രംഗത്ത് വന്നതാണ് സംശയങ്ങൾക്ക് ഇടയാക്കിയത്. ഇതു സംബന്ധിച്ച് കരടു രാഷ്ട്രീയപ്രമേയത്തിൽ വ്യക്തതവരുത്തി സി.പി.എം. കേന്ദ്രകമ്മിറ്റി സംസ്ഥാന കമ്മിറ്റികൾക്ക് രഹസ്യരേഖ അയച്ചു.
സി.പി.ഐ. മോദിസർക്കാരിനെ ഫാസിസ്റ്റ് ഭരണകൂടമെന്നു വിശേഷിപ്പിച്ചപ്പോൾ ഇന്ത്യയിൽ ഫാസിസം വന്നുകഴിഞ്ഞെന്ന് സി.പി.ഐ. (എം.എൽ.) നിലപാടെടുത്തു. ഇതു രണ്ടിനെയും തള്ളി, അവയിൽനിന്ന് വ്യത്യസ്തമാണ് സി.പി.എം. നിലപാടെന്ന് രേഖ വ്യക്തമാക്കി. മുസോളിനിയുടെയും ഹിറ്റ്‌ലറുടെയും കാലത്തേത് ‘ക്ലാസിക്കൽ ഫാസിസ’മെന്നും പിന്നീടുള്ള രൂപങ്ങളെ ‘നവഫാസിസ’മെന്നും വിശേഷിപ്പിച്ചാണ് പുതിയ നിർവചനം. അന്തഃസാമ്രാജ്യത്വവൈരുധ്യത്തിന്റെ സൃഷ്ടിയാണ് ക്ലാസിക്കൽ ഫാസിസമെന്നും നവ ഉദാരീകരണപ്രതിസന്ധിയുടെ ഉത്പന്നമാണ് നവഫാസിസമെന്നുമാണ് വിശേഷണം.
ഏപ്രിലിൽ മധുരയിൽനടക്കുന്ന പാർട്ടി കോൺഗ്രസിനു മുന്നോടിയായി കരടുരാഷ്ട്രീയപ്രമേയം പരസ്യമാക്കിക്കഴിഞ്ഞു. പാർട്ടി ഘടകങ്ങൾക്കും പൊതുജനങ്ങൾക്കുമൊക്കെ ചർച്ചചെയ്യാനും അഭിപ്രായം പറയാനുമായി പ്രമേയം പരസ്യമാക്കിയാൽ പിന്നീടൊരു കുറിപ്പ് പതിവില്ല.ആർ.എസ്.എസിന് ഫാസിസ്റ്റ് സ്വഭാവമുണ്ടെന്നാണ് പാർട്ടി പരിപാടിയിൽ സി.പി.എമ്മിന്റെ വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ്, ആർ.എസ്.എസ്. നിയന്ത്രണത്തിലുള്ള മോദിസർക്കാരിന് ഫാസിസ്റ്റ് പ്രവണതയാണെന്ന് കഴിഞ്ഞ രണ്ടു പാർട്ടി കോൺഗ്രസുകളിലും പ്രഖ്യാപിച്ചത്.
മോദിസർക്കാരിനെ ഫാസിസ്‌റ്റെന്നു പറയാനാവില്ല എന്നാണ് പുതിയ നിലപാട്.ഇന്ത്യൻ ഭരണകൂടത്തെ നവഫാസിസ്റ്റായും ചിത്രീകരിക്കാനാവില്ല. പത്തുവർഷത്തെ തുടർച്ചയായുള്ള മോദി ഭരണത്തിൽ രാഷ്ട്രീയാധികാരം ബി.ജെ.പി.-ആർ.എസ്.എസ്. കരങ്ങളിൽ കേന്ദ്രീകരിക്കപ്പെട്ടു. ആർ.എസ്.എസ്.-ബി.ജെ.പി. കൂട്ടുകെട്ടിനെ തടഞ്ഞില്ലെങ്കിൽ ഹിന്ദുത്വ-കോർപ്പറേറ്റ് സ്വേച്ഛാധിപത്യം നവഫാസിസത്തിലേക്കുപോകും. ‘നവഫാസിസ്റ്റ് സ്വഭാവം’ എന്നതിനർഥം അതൊരു നവഫാസിസ്റ്റ് സർക്കാരായോ രാഷ്ട്രീയസംവിധാനമായോ വികസിച്ചെന്നല്ല. ഇതാണ് സി.പി.എം നിലപാട്.പുതിയ വെളിപ്പെടുത്തൽ വന്നതോടെ സി പി എം നേതാവ് എ.കെ. ബാലൻ വിശദീകരണവുമായി രംഗത്തെത്തി.
രാജ്യത്ത് ഫാസിസം വന്നിട്ടില്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ.കെ.ബാലന്‍ പറഞ്ഞു. ഫാസിസ്റ്റ് സര്‍ക്കാരെന്ന് മോദി സര്‍ക്കാരിനെ പ്രസംഗത്തില്‍ പറയുന്നത് ഒരു പ്രയോഗത്തിന്റെ ഭാഗം മാത്രമാണ്. പിണറായി സര്‍ക്കാരിനെ കുറിച്ചും പ്രതിപക്ഷ നേതാക്കള്‍ ഫാസിസ്റ്റ് സര്‍ക്കാരെന്ന് പറയാറുണ്ട്. അതുകൊണ്ട് ഫാസിസ്റ്റാകില്ലെന്നും ബാലന്‍ പറഞ്ഞു. മോദി സര്‍ക്കാരിനെ ഫാസിസ്റ്റ് ഭരണകൂടം എന്ന് വിളിക്കാനാകില്ലെന്ന സിപിഎം രേഖ സംബന്ധിച്ചായിരുന്നു ബാലന്റെ പ്രതികരണം. പത്രങ്ങളിലൂടെ ഇപ്പോള്‍ പുറത്തുവന്ന ഈ രേഖ പുതിയതല്ലെന്നും പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി ഫെബ്രുവരിയില്‍ ചിന്ത വാരികയില്‍ പ്രസിദ്ധീകരിച്ചതാണെന്നും ബാലന്‍ പറഞ്ഞു.
'മോദി സര്‍ക്കാരിനെ കുറിച്ച് ഫാസിസ്റ്റ് സ്വഭാവമുള്ള സര്‍ക്കാരാണെന്നാണ് ഞങ്ങള്‍ ആദ്യമേ പറയാറുള്ളത്. പ്രസംഗിക്കുമ്പോള്‍ എല്ലാവരും ഫാസിസ്റ്റ് സര്‍ക്കാരെന്ന് പറയും. പിണറായി വിജയനെ സംബന്ധിച്ചും പ്രതിപക്ഷ നേതാവ് പറയാറുണ്ട്. അതൊരു പ്രയോഗംകൊണ്ട് പറയുന്നതാണ്. 22-ാം പാര്‍ട്ടി കോണ്‍ഗ്രസ് മുതലേ ഫാസിസ്റ്റ് സ്വഭാവം എന്നാണ് പറയുന്നത്. ഫാസിസം വന്നിട്ടില്ല. വസ്തുത വസ്തുയായിരിക്കണം.മോദി സര്‍ക്കാര്‍ ഒരു ഫാസിസ്റ്റ് സര്‍ക്കാരാണെന്ന് പറഞ്ഞു കഴിഞ്ഞാല്‍ ഫാസിസത്തെ സംബന്ധിച്ച ഞങ്ങളുടെ ധാരണയിലെ തെറ്റായി മാറുമത്. ഫാസിസത്തിലേക്ക് വരാന്‍ സാധ്യതയുള്ള സര്‍ക്കാരാണ്. അത് വരാതിരിക്കാന്‍ വേണ്ടിയുള്ള മുന്‍കരുതലെന്ന നിലയിലാണ് രാഷ്ട്രീയ പ്രമേയത്തില്‍ ഈയൊരു ഭാഗം വന്നത്' എ.കെ.ബാലന്‍ പറഞ്ഞു.
മോദി സര്‍ക്കാരിനെ ഫാസിസ്റ്റല്ലെന്ന് പറയാന്‍ സിപിഐ തയ്യാറല്ലെന്ന ബിനോയ് വിശ്വത്തിന്റെ പ്രസ്താവനയോട് ബാലന്‍ ഇങ്ങനെ പ്രതികരിച്ചു. 'സിപിഎമ്മും സിപിഐയും അടിസ്ഥാനപരമായി വ്യത്യാസമുള്ളത്‌കൊണ്ടാണല്ലോ രണ്ട് പാര്‍ട്ടികളായി നില്‍ക്കുന്നത്'.നവഫാസിസത്തില്‍ ഒരു വ്യക്തത വരുത്തണമെന്നത് പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയായതിന്റെ ഭാഗമായി വന്നതാണ്. ഇത് സ്വകാര്യരേഖയല്ല. ഫെബ്രുവരിയില്‍ പോളിറ്റ്ബ്യൂറോ തയ്യാറാക്കി ചിന്ത പ്രസിദ്ധീകരിച്ച കാര്യമാണത്. ഇത് പൊതുരേഖയാണ്. പാര്‍ട്ടിയെ സംബന്ധിച്ച് ഇത് ചര്‍ച്ചയാകണമെന്ന് തന്നെയാണ്. ഫാസിസം വന്നിട്ടുണ്ടെന്ന് തെളിയിക്കട്ടെ. അതിന് രേഖകളുണ്ടെങ്കില്‍ വെക്കട്ടെ. അതല്ല ഫാസിസ്റ്റ് സ്വഭാവമുള്ള സര്‍ക്കാരാണ് ഉള്ളതെന്ന പാര്‍ട്ടിയുടെ അഭിപ്രായത്തിനൊപ്പമാണോ ജനങ്ങള്‍ നില്‍ക്കുന്നതെന്ന് വിലയിരുത്തലുണ്ടാകട്ടെ.
ഇതില്‍ പുതുതായി ഒന്നുമില്ലെന്നും ബാലന്‍ കൂട്ടിച്ചേര്‍ത്തു. നയരേഖയില്‍ ആര്‍ക്കും ഭേദഗതി നിര്‍ദേശിക്കാമെന്നും ബാലന്‍ ചൂണ്ടിക്കാട്ടിമോദി സര്‍ക്കാര്‍ ഫാസിസ്റ്റ് സര്‍ക്കാര്‍ അല്ലെന്ന സിപിഎമ്മി്‍റെ പുതിയ രേഖ ഒരിക്കലും ഞെട്ടലുണ്ടാക്കുന്നതല്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. കാരണം കാലങ്ങളായി ബിജെപിയുമായുള്ള രഹസ്യബന്ധമാണ് ഇപ്പോള്‍ പുറത്തായത്. കഴിഞ്ഞ രണ്ടു സമ്മേളനങ്ങളിലെയും തീരുമാനങ്ങളെ മറികടന്ന് മോദി സര്‍ക്കാര്‍ ക്ലാസിക് ഫാസിസ്റ്റുകളുമല്ല നവഫാസിസ്റ്റുകളുമല്ല, ഇങ്ങനെ പോയാല്‍ അവര്‍ അങ്ങനെ ആകാനുള്ള സാധ്യതയുണ്ടെന്നുമാണ് സിപിഎം കണ്ടുപിടിച്ചിരിക്കുന്നത്. ഫാസിസവുമായി എല്ലാ കാലത്തും കേരളത്തിലെ സിപിഎം സന്ധി ചെയ്തിട്ടുണ്ട്. സംഘ പരിവാറുമായും സന്ധി ചെയ്തിട്ടുണ്ട്. ഇപ്പോള്‍ പിടിച്ചു നില്‍ക്കാന്‍ വേണ്ടിയാണ് മോദി സര്‍ക്കാര്‍ ഫാസിറ്റ് സര്‍ക്കാരല്ലെന്ന പുതിയ രേഖ അവതരിപ്പിച്ചിരിക്കുന്നത്.
മോദിയുമായി കൈകോര്‍ക്കാനും സംഘ പരിവാറുമായി സന്ധി ചെയ്യാനും അവര്‍ക്ക് കീഴടങ്ങാനുമുള്ള സിപിഎം തീരുമാനത്തിന്റെ ഭാഗമാണിത്. കേരളത്തിലെ പോളിറ്റ് ബ്യൂറോ അംഗങ്ങളാണ് ഇത്തരമൊരു രേഖ ഉണ്ടാക്കാന്‍ നേതൃത്വം നല്‍കിയതും അവരാണ് സംഘ പരിവാറിന്‍റെ ബാന്ധവം ആഗ്രഹിക്കുന്നതും. അതിന്‍റെ പരിണിതഫലമായാണ് മോദി സര്‍ക്കാര്‍ ഫാസിസ്റ്റല്ലെന്ന് തീരുമാനിച്ചത്. ഇടതു മുന്നണിയില്‍ ഉള്‍പ്പെട്ട സിപിഐയും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഇന്ത്യ മുന്നണിയും അതിശക്തമായാണ് മോദി സര്‍ക്കാര്‍ ഫാസിസ്റ്റാണെന്നാണ് പറയുന്നത്. മോദി സര്‍ക്കാര്‍ ഫാസിസ്റ്റ് അല്ലെന്ന, ഇന്ത്യ മുന്നണിയില്‍ ഉണ്ടെന്ന് അവകാശപ്പെടുന്ന സിപിഎമ്മിന്‍റെ കണ്ടുപിടുത്തം സംഘ പരിവാറിന് വിധേയരായി പ്രവര്‍ത്തിക്കാനുള്ള തീരുമനത്തിന്റെ ഭാഗവും സംഘ പരിവാറിന് സിപിഎം നല്‍കുന്ന സര്‍ട്ടിഫിക്കറ്റുമാണ്.
എന്ത് സാഹചര്യത്തിലാണ് ഇങ്ങനെയൊരു കരട് രേഖ തയാറാക്കിയത്. മോദി സര്‍ക്കാര്‍ ഫാസിസ്റ്റ് ആണോ അല്ലയോ എന്നാണോ സിപിഎം സമ്മേളനം ചര്‍ച്ച ചെയ്യുന്നത്. സംഘ പരിവാറുമായി സിപിഎം പൂര്‍ണമായും സന്ധി ചെയ്തിരിക്കുകയാണ്. രാജ്യത്തിന്റെ ചിന്താഗതിയെ ഫാസിസം മാറ്റുന്നത് വളരെ ആസൂത്രിതമായ ഒരു പ്രക്രിയയിലൂടെയാണ് എന്നാണ് സി പി ഐ പറയുന്നത്. അവർ മനുഷ്യരെ പ്രവർത്തനക്ഷമമാക്കുന്നത് വ്യാമോഹങ്ങളെക്കൊണ്ടാണ്, യുക്തികൊണ്ടല്ല. അവരുടെ ഓരോ തന്ത്രവും, അടവുകളും, നമ്മുടെ ചിന്താശീലത്തെയും സ്നേഹശീലത്തെയും മാറ്റിനിർത്തും. മാറ്റിനിർത്തുക എന്നത് ഫാസിസം ആദ്യമായും അവസാനമായും ഉറപ്പിക്കുന്ന ഒരു തത്വമാണ്.
ഫാസിസം എപ്പോഴും നടപ്പാക്കുന്നത് ഡീഹ്യൂമനൈസേഷൻ അഥവാ വികാര ദുരീകരണം ആണ്. വികാര നിർമ്മാർജനം എന്നത് അവരുടെ ക്രിയാപദ്ധതിയുടെ ആദ്യത്തെ ഘടകമാണ്. മനുഷ്യാവകാശങ്ങൾക്കു വേണ്ടിയുള്ള പോരാട്ടങ്ങളിലൂടെ അധികാരം നേടുക എന്ന രാഷ്ട്രീയ പ്രവർത്തനത്തിനു പകരം ആചാരാനുഷ്ഠാനങ്ങളുടെ ഏകീകരണത്തിലൂടെ, സാംസ്കാരിക രംഗം വഴി അധികാരം പിടിച്ചടക്കുക എന്ന തന്ത്രമാണ് ഫാസിസ്റ്റ് മതശക്തികൾ പ്രയോഗിക്കുക. സാമ്പത്തിക പരിഷ്കാരങ്ങളുടെ ഫലമായി ഉയർന്നു വന്ന മധ്യവർഗത്തിന്റെ പ്രഭുവർഗ മോഹങ്ങൾ, സുഖാന്വേഷണസക്തി, ഉപഭോഗതൃഷ്ണ, വംശീയ താല്പര്യങ്ങൾ, യുക്തിബോധത്തിനു പകരം വിശ്വാസങ്ങളെയും ഭക്തിയേയും പകരം വയ്ക്കൽ, അന്ധവിശ്വാസം പ്രചരിപ്പിക്കൽ, ചരിത്ര ദുർവ്യാഖ്യാനങ്ങൾ തുടങ്ങിയവ ഫാസിസത്തിന്റെ കൊടിയടയാളങ്ങളായി മാറി. ജാതിപ്രത്യയശാസ്ത്രം അപരത്വത്തിന്റെ ഉല്പാദന കേന്ദ്രമാണ്. സംഘ്പരിവാർ ശക്തി സംഭരിക്കുന്നത്, ആ അപരത്വത്തിന്റെ ഉല്പാദന കേന്ദ്രത്തിൽ നിന്നാണ്.
ആശയങ്ങളിലൂടെയല്ല, ശരിയായ ആശയസംവാദത്തെ അസാധ്യമാക്കുന്ന വികാര വിസ്ഫോടനങ്ങൾ വഴിയാണവർ വളർന്നുകൊണ്ടിരിക്കുന്നത്. ഭ്രാന്തമായൊരു വൈകാരിതയ്ക്ക് ഏത് തീക്ഷ്ണ യുക്തിയെക്കാളും താൽക്കാലികമായെങ്കിലും വല്ലാത്തൊരു ഊർജം ഉല്പാദിപ്പിക്കാനാവും എന്ന് ഫാസിസ്റ്റുകൾക്ക് അറിയാം. അത് നാം ഇന്ത്യയിൽ കണ്ടുകൊണ്ടിരിക്കുന്നു എന്നാണ് സി പി ഐ പറയുന്നത്. ഇക്കാര്യം പുറത്തു വന്നതിന് പിന്നാലെ മുഖ്യമന്ത്രി രാജ്ഭവനിലെത്തി ഗവർണറെ കണ്ടു. ആരിഫ് മുഹമ്മദ് ഖാൻ ഗവർണറായിരിക്കെ രാജ്ഭവനിൽ എത്താതിരുന്ന പിണറായിയാണ് ഇപ്പോൾ അടിക്കടി രാജ്ഭവനിൽ എത്തുന്നത്. ബില്ലുകളിൽ തീരുമാനം വൈകരുതെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. സ്വകാര്യ സർവകലാശാലാ ബിൽ അടുത്ത മാസം മൂന്നിന് നിയമസഭയിലെത്തും. ഇക്കാര്യം കൂടി മനസിലാക്കിയാണ് ഗവർണറെ കണ്ടത് - യു. ജി സി കരട് ഭേദഗതിക്ക് എതിരെ കേരളം കോൺഫറൻസ് നടത്തിയതിൽ ഗവർണർക്ക് അതൃപ്തിയുണ്ടായിരുന്നു.
ഇതിൽ കൂടി മഞ്ഞുരുകൽ ആവശ്യപ്പെട്ടാണ് ഗവർണറെ കണ്ടത്. ഇനി ഒരു വർഷം മാത്രമാണ് സംസ്ഥാന നിയമസഭാ തിരഞ്ഞടുപ്പിനുള്ളത്. കോൺഗ്രസാണെങ്കിൽ ആഭ്യന്തര പ്രശ്നങ്ങളാൽ ഗുരുതര പ്രതിസന്ധിയിലാണ്. ഒരു ഇലക്ഷനെ അഭിമുഖീകരിക്കാൻ പോലും കോൺഗ്രസിന് ശക്തിയില്ല. കോൺഗ്രസ് അധികാരത്തിൽ വരണമെങ്കിൽ ജനങ്ങൾ വിചാരിക്കണം. ആശാ വർക്കർമാർ പോലും മാന്യമായ ശമ്പളം ആവശ്യപ്പെട്ട് തെരുവിൽ സമരം ചെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളത്. എന്നിട്ടും പിണറായി ആത്മവിശ്വാസത്തോടെ ഇലക്ഷനെ നേരിടാൻ ഒരുങ്ങുന്നു. ഇൻവെസ്റ്റ് കേരള പോലുള്ള നിക്ഷേപ പരിപാടികൾ സംഘടിപ്പിച്ച് സർക്കാർ കൈയടി നേടുന്നു. ഇൻവെസ്റ്റ് കേരള എന്ന പരിപാടി കൊച്ചിയിൽ തുടങ്ങാൻ സമയമായപ്പോഴാണ് ശശി തരൂർ സർക്കാരിനെ അനുകൂലിച്ച് രംഗത്തെത്തിയത്.കോടികൾ മുടക്കിയാണ് ഈ പരിപാടിയുടെ പി.ആർ. വർക്ക് നടത്തിയത്.
ശശി തരൂരിന്റെ പ്രസ്താവന പി.ആർ. പ്രവർത്തനമാണോ എന്ന സംശയം കോൺഗ്രസുകാർക്കുണ്ട്.നേതാക്കൾക്കും ഇതേ സംശയം ഉണ്ട്. ശശിതരൂരിന്റെ പ്രസ്താവനയാണ് യഥാർത്ഥത്തിൽ ഇൻവെസ്റ്റ് കേരളയെ വിജയിപ്പിച്ചത്. ഹിന്ദു സമൂഹത്തെ വിശ്വാസത്തിലെടുക്കാനാണ് ഇപ്പോൾ പിണറായി ശ്രമിക്കുന്നത്.കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞടുപ്പിൽ ഇടതുമുന്നണി തോൽക്കാൻ കാരണം ഭൂരിപക്ഷം അകന്നതാണെന്ന് സി പി എം കരുതുന്നു. സി പി എം ന്യൂനപക്ഷങ്ങളുടെ പാർട്ടിയാണെന്ന് പ്രചരണം നടക്കുന്നു. മുസ്ലിം പ്രീണനത്തിന്റെ വക്താക്കളാണ് സി.പി.എം എന്നും പറയപ്പെടുന്നുണ്ട്. ഇതിൽ ഒരു മാറ്റം സി പി എം ആഗ്രഹിക്കുന്നു. 2016 ൽ ഉമ്മൻ ചാണ്ടി സർക്കാർ അധികാരത്തിൽ നിന്നും നിഷ്കാസിതമാകാൻ കാരണം ന്യൂനപക്ഷ പ്രീണനത്തിന്റെ പേരിലാണ്. ഇതേ വിധി തന്നെയും ബാധിക്കുമെന്ന്പിണറായി മനസിലാക്കിയതോടെയാണ് പിണറായി ബി ജെ പിയോടുള്ള നിലപാട് മാറ്റിയത്.
2026 ലും കോൺഗ്രസിനെ ഒഴിച്ചു നിർത്തണം എന്ന ആവശ്യമാണ് ബി ജെ പി മുന്നോട്ടുവയ്ക്കുന്നത്.ഇതിന് പിണറായിയുടെ പിന്തുണയുണ്ട്. കേന്ദ്രത്തിൽ സി പി എം ഇന്ത്യാ മുന്നണിയിൽ സജീവമാകാത്തതിന്റെ പ്രധാന കാരണം പിണറായിക്കുള്ള എതിർപ്പാണ്. സീതാറാം യച്ചൂരി മരിച്ചതോടെ പിണറായി എഴുതി കൊടുക്കുന്നതെല്ലാം അംഗീകരിക്കുന്ന സാഹചര്യമാണ് സി പി എം പി.ബി.യിലുള്ളത്.യച്ചൂരി മരിച്ചതോടെ സി പി എമ്മിന് ബി ജെ പിയോടുള്ള വിരോധം മാറി എന്നു വേണം മനസിലാക്കാൻ. എന്നാൽ പിണറായിയുടെ വൈകി വന്ന വിവേകത്തെ ആർ എസ് എസ് നേതൃത്വം വിശ്വാസത്തിലെടുക്കുന്നില്ല. കേരളത്തിൽ ആർ എസ് എസിനെ നശിപ്പിക്കാനുള്ള പിണറായിയുടെ
ഗൂഢതന്ത്രമായി ആർ എസ് എസ്. ഇതിനെ വ്യാഖ്യാനിക്കുന്നുണ്ട്. പിണറായിക്ക് മറുപടി പറയാതെ അവഗണിക്കാനാണ് ആർ എസ് എസ് തീരുമാനം. പിണറായിയുടെ അടവുനയത്തിൽ മോദി വീഴില്ലെന്ന് ചുരുക്കം. ചുരുക്കത്തിൽ പീയുഷ് ഗോപാലിനെയും നിധിൻ ഗഡ്ഗരിയെയുമൊക്കെ കൈയിലെടുത്ത പിണറായിയുടെ നടപടി വെറുതെയായി. കേരളത്തിൽ പിണറായിയുടെ ഗുഡ് ബുക്സിൽ കയറുക എന്നതല്ല ആർ എസ് എസിന് ലക്ഷ്യം. 2029 ൽ നടക്കുന്ന ഇലക്ഷനിൽ നിർണായക ശക്തിയാവുക എന്നതാണ്.അതിന് തടസം നിൽക്കുന്ന മാരീചൻമാരെയെല്ലാം ആർ എസ് എസ് ഇല്ലാതാക്കും. ബി ജെ പിയുടെ വോട്ട് ഷെയർ വർധിപ്പിക്കാൻ സഹായിക്കാമെന്ന് വാഗ്ദാനം നൽകിയ ശേഷം വഞ്ചിക്കുന്ന പിണറായിയുടെ രീതിക്ക് ഇനി നിലനിൽപ്പില്ല.
https://www.facebook.com/Malayalivartha

























