റോഡ് തടഞ്ഞു സമരം : എം.വി.ജയരാജനടക്കം പതിനായിരം പേര്‍ക്കെതിരെ കേസ്

റോഡ് തടഞ്ഞു സമരം ചെയ്തതിന് സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജനും കണ്ടാലറിയാവുന്ന പതിനായിരം പേര്‍ക്കുമെതിരെ കേസെടുത്ത് പൊലീസ്. കേന്ദ്ര സര്‍ക്കാര്‍ കേരളത്തോടു കാണിക്കുന്ന അവഗണനയ്ക്കും സാമ്പത്തിക ഉപരോധത്തിനുമെതിരെ സിപിഎം നടത്തിയ ഹെഡ് പോസ്റ്റ് ഓഫിസ് ഉപരോധത്തിനിടെയായിരുന്നു റോഡ് തടയല്‍. ഹൈക്കോടതി ഉത്തരവ് ലംഘിച്ചു വഴി തടഞ്ഞ് സമരം ചെയ്തതിന് ടൗണ്‍ പൊലീസാണ് എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തത്. കെ.വി.സുമേഷ് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.രത്നകുമാരി, സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരും പ്രതികളാണ്.
ഉപരോധത്തിനു മുന്നോടിയായി പാര്‍ട്ടിക്ക് പൊലീസ് നോട്ടിസ് നല്‍കിയിരുന്നു. ജനാധിപത്യ മര്യാദ കണക്കിലെടുത്തു നോട്ടിസ് വാങ്ങിച്ച് പോക്കറ്റിലിട്ടെന്നും ഈ ചൂടുകാലത്ത് ഒരിക്കല്‍ കൂടി ജയിലില്‍ പോകുന്നതിന് മടിയില്ലെന്നുമാണ് ഉപരോധസമരത്തില്‍ എം.വി.ജയരാജന് പ്രസംഗിച്ചത്. ഒരിക്കല്‍ പ്രസംഗിച്ചതിന് ജുഡീഷ്യറി തന്നെ ജയിലേക്ക് അയച്ചതാണെന്നും കേരളത്തിന്റെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിന് ഏതറ്റം വരെയും പോരാടുമെന്നും ജയരാജന് പറഞ്ഞു.
ഹെഡ് പോസ്റ്റ് ഓഫിസ് ഉപരോധം രാവിലെ 9നു കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജനാണ് ഉദ്ഘാടനം ചെയ്തത്. കേന്ദ്ര ബജറ്റിലെ ജനദ്രോഹ നയങ്ങള്‍ക്കെതിരെയും സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ കവരുന്നതിനെതിരെയുമായിരുന്നു പ്രതിഷേധം. പരിപാടിയുടെ പ്രചാരണത്തിനായി, 'കേരളമെന്താ ഇന്ത്യയിലല്ലേ' എന്ന ചോദ്യമുയര്‍ത്തി 18 ഏരിയകളിലും കാല്‍നട പ്രചാരണ ജാഥ നടത്തിയിരുന്നു.
https://www.facebook.com/Malayalivartha

























