തിരുവനന്തപുരത്ത് ഇലട്രിക് ഷോപ്പില്‍ തീപിടിത്തം

കാഞ്ഞിരംപാറയില്‍ ഇലട്രിക് ഷോപ്പില്‍ തീപിടിത്തം. കാഞ്ഞിരംപാറ ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന തേക്കുമ്മൂട് സ്വദേശി പ്രദീപിന്റെ ഇലക്ട്രോണിക് ഉപകരണങ്ങളുടെ സര്‍വീസ് സെന്ററിലാണ് ഉച്ചയോടെ തീപിടിത്തമുണ്ടായത്. കടയില്‍ തെളിയിച്ചിരുന്ന വിളക്കില്‍ നിന്നും തീ പടര്‍ന്നതാണ് അപകടകാരണമെന്ന് ഫയര്‍ഫോഴ്‌സ് അറിയിച്ചു. ഈ സമയം ഉടമ പുറത്തു പോയിരുന്നു.
12 മണിയോടെ തീ പടര്‍ന്നത് കണ്ട സമീപവാസികള്‍ അറിയിച്ചതിനെത്തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്തെത്തി ഒരു മണിക്കൂര്‍ പ്രയത്‌നിച്ച ശേഷമാണ് തീ നിയന്ത്രണ വിധേയമാക്കാനായത്. റിപ്പയറിങ്ങിനെത്തിച്ച നാല് ഫ്രിഡ്ജ്, ഒരു എസി, രണ്ട് വാഷിങ് മെഷീന്‍ തുടങ്ങിയവ കത്തിനശിച്ചു. ഒരു ലക്ഷം രൂപയുടെ നഷ്ടമാണ് പ്രാഥമികമായി കണക്കാക്കിയിരിക്കുന്നത്.
തിരുവനന്തപുരം യൂണിറ്റില്‍ നിന്നും രണ്ട് വണ്ടി എത്തിയാണ് തീയണച്ചത്. സ്റ്റേഷന്‍ ഓഫീസര്‍ നിധിന്‍ രാജിന്റെ നേതൃത്വത്തില്‍ സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ പ്രശോഭ്, ഓഫീസര്‍മാരായ ബിജു, പ്രസാദ്, ദീപക്, വിമല്‍രാജ്, ശ്രീജിത്ത്, ജിനു, സുജീഷ്, വിപിന്‍ ചന്ദ്രന്‍, വനിത ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ രശ്മി, അശ്വതി എന്നിവര്‍ സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.
https://www.facebook.com/Malayalivartha

























