ഞെട്ടിവിറച്ച് ഓട്ടോ ഡ്രൈവര്‍... വെഞ്ഞാറമൂട്ടിലെ കൂട്ടക്കൊലയിലെ പൊരുള്‍ തേടി പോലീസ്; ശബ്ദം പുറത്തുവരാത്ത വന്‍ ക്രിമിനലുകളെപ്പോലെ ആസൂത്രണം; ചുറ്റിക ആക്രമണത്തിന്റെ രഹസ്യംതേടി പൊലീസ്

വെഞ്ഞാറമൂട്ടിലെ കൂട്ടക്കൊലയിലെ അന്വേഷണം നടക്കുകയാണ്. വിവിധ സ്ഥലങ്ങളില്‍ ക്രൂരമായ കൊലപാതകങ്ങള്‍ നടന്നിട്ടും ഒരാള്‍ പോലും അറിഞ്ഞില്ല. മൂന്നിടങ്ങളിലും പൊലീസ് എത്തിയപ്പോഴാണു വിവരം അയല്‍വാസികള്‍ പോലും അറിഞ്ഞത്. കൊലയ്ക്കു ചുറ്റിക ഉപയോഗിച്ചതിനു പിന്നില്‍ അഫാന്റെ ആസൂത്രിത പദ്ധതിയുണ്ടാകാമെന്നു പൊലീസ് സംശയിക്കുന്നു. ചുറ്റിക കൊണ്ട് അപ്രതീക്ഷിതമായി തലയ്ക്കടിയേല്‍ക്കുമ്പോള്‍ ശബ്ദിക്കാന്‍ പോലും കഴിയാത്ത വിധം ഇര വീണുപോകും.
തലയ്ക്കു പിന്നില്‍ അടിച്ചാല്‍ ആഘാതം കൂടും. എല്ലാ കൊലയ്ക്കും ഈ മാര്‍ഗമാണ് അഫാന്‍ സ്വീകരിച്ചത്. ചുറ്റിക കൊണ്ടുള്ള ആക്രമണങ്ങളെക്കുറിച്ച് അഫാന്‍ ഗവേഷണം നടത്തിയിരുന്നോ എന്നു സ്ഥിരീകരിക്കാന്‍ അടുത്തകാലത്ത് ഇന്റര്‍നെറ്റില്‍ അയാള്‍ തിരഞ്ഞ കാര്യങ്ങള്‍ പരിശോധിക്കുമെന്നു പൊലീസ് പറഞ്ഞു.
വെഞ്ഞാറമൂട് പുത്തന്‍പാലം റോഡില്‍നിന്ന് 20 മീറ്റര്‍ ഉള്ളിലാണ് അഫാന്റെ വീട്. അഫാന്റെ മാതാവും സഹോദരനും സുഹൃത്തും ആക്രമണത്തിനിരയായത് ഇവിടെയാണ്. വീടിന് ഇരുവശങ്ങളിലുമായുള്ള 2 അയല്‍ വീടുകളില്‍ ഒന്നില്‍ ആള്‍ത്താമസമില്ല. പിതൃസഹോദരന്‍ അബ്ദുല്‍ ലത്തീഫും ഭാര്യയും കൊല്ലപ്പെട്ട വീടിന്റെ ഒരു വശത്ത് മാത്രമാണ് അയല്‍ക്കാരുള്ളത്. മുന്നിലുള്ള റോഡിന്റെ മറുവശം വലിയ കുഴിയാണ്.അഫാന്റെ മുത്തശ്ശി സല്‍മാ ബീവി കൊല്ലപ്പെട്ട പാങ്ങോട്ടെ വീടിന്റെ സമീപത്ത് മറ്റു വീടുകളില്ല. ഒരു പറമ്പിനപ്പുറമുള്ള സ്ഥലത്താണു മൂത്തമകന്‍ താമസിക്കുന്നത്.
അതേസമയം വലിയ ഞെട്ടലിലാണ് ശ്രീജിത്ത്. കീഴടങ്ങാന്‍ പൊലീസ് സ്റ്റേഷനിലേക്ക് ഓട്ടംവിളിച്ച ഓട്ടോയില്‍ തന്നെയായിരുന്നു 3 മണിക്കൂര്‍ മുന്‍പ് അനുജന്‍ അഹ്‌സാനെ പ്രതി അഫാന്‍ കുഴിമന്തിക്കടയിലേക്കും അയച്ചതും. എന്നാല്‍, കടയില്‍നിന്ന് അഹ്‌സാന്‍ തിരിച്ചു വീട്ടിലെത്തിയത് എങ്ങനെയെന്ന് ഓട്ടോ ഡ്രൈവര്‍ ശ്രീജിത്തിന് അറിയില്ല. അഹ്‌സാനെ മിക്കവാറും ഓട്ടോയില്‍ സ്‌കൂളിലെത്തിക്കാറുള്ള ശ്രീജിത്തിന് അവന്റെ വേര്‍പാട് ഉള്‍ക്കൊള്ളാനായിട്ടില്ല.
'ആ ഉമ്മ പൊന്നുപോലെ പൊതിഞ്ഞുകൊണ്ടു നടന്ന പയ്യനായിരുന്നു, അഹ്‌സാന്‍. ശ്വാസംമുട്ടിന്റെ അസുഖമുള്ള കുട്ടിയെ സ്‌കൂളിലേക്ക് അല്ലാതെ ഒരിക്കലും ഒറ്റയ്ക്കു വിടുന്നതു കണ്ടിട്ടില്ല. അവനെ ഒറ്റയ്ക്ക് ഓട്ടോയില്‍ കയറ്റി അഫാന്‍ അയച്ചപ്പോഴെങ്കിലും എനിക്കു സംശയം തോന്നണമായിരുന്നു. എങ്കില്‍ ഒരുപക്ഷേ...' ശ്രീജിത്തിന്റെ വാക്കുകള്‍ മുറിഞ്ഞു...
അഫാന്റെ പേരുമലയിലെ വീട്ടില്‍നിന്ന് 100 മീറ്ററില്‍ താഴയേയുള്ളു ഓട്ടോ സ്റ്റാന്‍ഡിലേക്ക്. വീട്ടിലെ പല ആവശ്യങ്ങള്‍ക്കും ഓട്ടം പോകുന്നത് ഈ സ്റ്റാന്‍ഡിലെ ഓട്ടോക്കാരാണ്. കൂട്ടക്കൊല നടന്ന ദിവസം ഉച്ചതിരിഞ്ഞ് 3.10നു ശ്രീജിത്തിന് അഫാന്റെ കോള്‍ വന്നു, ഉമ്മ ഷെമിയുടെ നമ്പറില്‍നിന്ന്. ഓട്ടോ സ്റ്റാന്‍ഡിന് അടുത്തുണ്ടെന്നും വെഞ്ഞാറമൂട് വരെ പോകണമെന്നും പറഞ്ഞു. എന്നാല്‍, ചെന്നപ്പോള്‍ അഹ്‌സാന്‍ മാത്രമാണുണ്ടായിരുന്നത്. വെഞ്ഞാറമൂട്ടില്‍ സിന്ധു തിയറ്ററിന് എതിര്‍വശമുള്ള സഹര്‍ മന്തിക്കടയ്ക്കു മുന്നില്‍ ഇറക്കി. വണ്ടിക്കൂലി വാങ്ങി മടങ്ങി.
അഫാന്റെ അടുത്ത വിളി 6.09ന്, അതും ഉമ്മയുടെ ഫോണില്‍നിന്ന്. വീടിനടുത്തേക്കു വരണമെന്നും വെഞ്ഞാറമൂട് വര്‍ക്ഷോപ്പില്‍ പോകണമെന്നും ആവശ്യം. വീടിനു മുന്നിലെ പ്രധാന റോഡില്‍ ബൈക്ക് നിര്‍ത്തിയ സ്ഥലത്ത് കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. ബൈക്കിന്റെ പ്ലഗ് തകരാറാണെന്നും ചന്തയുടെ അടുത്തുള്ള വര്‍ക്ഷോപ്പില്‍ വിടണമെന്നും പറഞ്ഞു. പോകുന്ന വഴി പുതിയ ബൈക്കിനെക്കുറിച്ചും മറ്റും പല കാര്യങ്ങളും ചോദിച്ചെങ്കിലും അഫാന്‍ അതൊന്നും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല.
മദ്യത്തിന്റെ മണം കിട്ടിയപ്പോള്‍ ശ്രീജിത്ത് കണ്ണാടിയിലൂടെ നോക്കി. ഫോണില്‍ എന്തൊക്കെയോ നോക്കുകയായിരുന്നു അഫാന്‍. മുഖത്തു ടെന്‍ഷന്‍ ഒന്നുമില്ല. ചന്തയ്ക്കു സമീപത്തെ വര്‍ക്ഷോപ്പില്‍ ഇറങ്ങണമെന്നു പറഞ്ഞയാള്‍ ഇറങ്ങിയതു പൊലീസ് സ്റ്റേഷനു സമീപം. വണ്ടിക്കൂലി വാങ്ങി ശ്രീജിത് മടങ്ങി. ഓട്ടോ സ്റ്റാന്‍ഡില്‍ നില്‍ക്കുമ്പോള്‍ അഫാന്‍ നേരത്തേ വിളിച്ച നമ്പറില്‍നിന്നു വീണ്ടും വിളിവന്നു. വിളിച്ചതു വെഞ്ഞാറമൂട് പൊലീസ്. 'ഈ നമ്പര്‍ അറിയാമോ' എന്നു ചോദിച്ചായിരുന്നു വിളി. കാര്യങ്ങള്‍ പറഞ്ഞു.
ഉമ്മയെയും അനുജനെയുമൊക്കെ കൊന്നെന്ന് അഫാന്‍ പറയുന്നുണ്ടെന്നും മാനസിക പ്രശ്‌നങ്ങള്‍ വല്ലതുമുണ്ടോയെന്ന് അറിയാമോയെന്നും പൊലീസ് ചോദിച്ചു. ഫോണ്‍ അഫാന്റെ ഉമ്മയുടെ കയ്യില്‍ കൊടുക്കാമെന്നു പറഞ്ഞു ശ്രീജിത് ഫോണുമായി അഫാന്റെ വീട്ടിലെത്തിയപ്പോള്‍ കണ്ടതു രണ്ടു പൊലീസുകാരെ. അപ്പോഴേക്കും അഫാന്‍ പറഞ്ഞതിന്റെ പൊരുളറിയാന്‍ സ്റ്റഷനില്‍നിന്നു പൊലീസ് വീടിനു മുന്നിലെത്തിയിരുന്നു.
തന്നെ വിളിച്ചുകൊണ്ടിരുന്ന നമ്പറിന്റെ ഉടമ ആക്രമിക്കപ്പെട്ടെന്നും, മൂന്നു മണിക്കൂര്‍ മുന്‍പു മന്തിക്കടയില്‍ ഇറക്കിയ പതിമൂന്നുകാരന്‍ കൊല്ലപ്പെട്ടെന്നും അല്‍പം മുന്‍പു സ്റ്റേഷനു മുന്നിലിറക്കിയ അഫാനാണു ഇതൊക്കെ ചെയ്തതെന്നും തിരിച്ചറിഞ്ഞതോടെ ശ്രീജിത്തിന്റെ ദേഹമാകെ വിറച്ചു. ഇപ്പോഴും ആ അവസ്ഥ മറികടക്കാനായിട്ടില്ലെന്നു ശ്രീജിത് പറയുന്നു.
https://www.facebook.com/Malayalivartha

























