എവിടെന്ന് കിട്ടി പ്രതിക്ക് ഇത്ര ധൈര്യം? ലൂസിഫറിലെ ഗോവർദ്ധൻ പറഞ്ഞത് യാഥാർത്ഥ്യമാവുന്നു

അഞ്ചു പേരെ അതിക്രൂരമായി കൊലപ്പെടുത്തിയ അഫാൻ മയക്കുമരുന്നിന് അടിമയാണെന്ന് തെളിഞ്ഞിട്ടും കേരളം മയക്കുമരുന്ന് മാഫിയക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാത്തത് എന്തുകൊണ്ടാണ്?
പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ലൂസിഫർ എന്ന ചിത്രം കണ്ടിട്ടുള്ളവർ ചിത്രത്തിന്റെ തുടക്കത്തിന്റെ ഇന്ദ്രജിത്ത് അവതരിപ്പിച്ച ഗോവർധൻ എന്ന കഥാപാത്രത്തിന്റെ ഫെയ്സ് ബുക്ക് ലൈവ് പ്രേക്ഷകർ ഓർക്കുന്നുണ്ടാവും.
ഇന്ത്യൻ രാഷ്ട്രീയത്തിൽ ഒരു പുതിയ ഫണ്ടിംഗ് ഏജൻസിയുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് ഇന്ദ്രജിത്തിന്റെ കഥാപാത്രം ലൈവ് ആരംഭിക്കുന്നത്. അത് ഇന്ത്യയിലാകെ വ്യാപിച്ച് കിടക്കുന്ന ലഹരി മാഫിയയാണ്. അവർക്ക് നേതൃത്വം നൽകുന്നത് രാഷ്ട്രീയക്കാരാണെന്ന് ഗോവർദധനൻ പറയുന്നു. രാഷ്ട്രീയക്കാരുടെ തണലിൽ വളർന്ന് രാഷ്ട്രീയക്കാരെ രക്ഷിക്കുന്നവരാണ് പുതിയ ഫണ്ടിംഗ് മാഫിയ.
ലൂസിഫർ ചിത്രത്തിന് തിരക്കഥ എഴുതിയത് മുരളി ഗോപിയാണ്. ഭരത് ഗോപിയുടെ മകൻ മുരളി ഗോപി തിരക്കഥാകൃത്താവുന്നതിന് മുമ്പ് മാധ്യമ പ്രവർത്തകനായിരുന്നു. ചിത്രത്തിൽ വിവേക് ഓബറോയ് അവതരിപ്പിച്ച ബോബി എന്ന കഥാപാത്രമാണ് ലഹരിമരുന്ന് മാഫിയക്ക് നേത്യത്വം നൽകുന്നത്.
ലൂസിഫർ പറഞ്ഞതാണ് ശരി. കേരളം മയക്കുമരുന്നിന്റെ പിടിയിൽ അകപ്പെട്ടു. രാഷ്ട്രീയക്കാരുടെ പിൻബലത്തിലാണ് കേരളത്തിൽ മയക്കു മരുന്ന് മാഫിയ വളരുന്നത്. മയക്കു മരുന്ന് കേസിൽ യു.പ്രതിഭ എം എൽ എയുടെ മകനെ കസ്റ്റഡിയിലെടുത്തപ്പോൾ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ പിണറായി സർക്കാർ തീരുമാനിച്ചത് ഇതുമായി കൂട്ടിവായിക്കണം. സ്കൂളുകളാണ് ഇന്ന് ലഹരിവിപണന കേന്ദ്രങ്ങൾ.
വിദ്യാലയങ്ങളിൽ പിടിക്കപ്പെടുന്ന മയക്കുമരുന്നു കേസുകൾ പലതും മറച്ചുവെക്കപ്പെടുകയാണ്. കുട്ടികളുടെ ഭാവിയെ കരുതിയും രക്ഷിതാക്കളുടെ മാനഹാനി ഭയന്നും വിദ്യാലയങ്ങളുടെ സൽപേരിനെ ബാധിക്കുമെന്ന ഭീതിയുമൊക്കെ ഇതിനു പിന്നിലുണ്ട്. പുറത്തുവരുന്ന കേസുകൾ വളരെ കുറവാണ് എന്നാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നത്. മയക്കുമരുന്ന് എന്ന് കേട്ടാൽ,അതിൽ വേണ്ടപ്പെട്ടവർ അകപ്പെട്ടാൽ അഭിമാന ബോധം ഉയരും.
കണ്ണൂരിലെ ഒമ്പതാം ക്ലാസുകാരനായ വിദ്യാർഥി തന്നെ ലഹരി മരുന്ന് നൽകി നിരന്തരം പീഡനത്തിനിരയാക്കിയെന്ന സഹപാഠിയായ പെൺകുട്ടിയുടെ വെളിപ്പെടുത്തൽ ഏതാനും മാസങ്ങൾക്ക് മുമ്പാണ് വന്നത്. തനിക്കുപുറമെ 11 വിദ്യാര്‍ഥിനികളെ ഒമ്പതാം ക്ലാസുകാരന്‍ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചതായി പെണ്‍കുട്ടി വെളിപ്പെടുത്തിയിരുന്നു. വിദ്യാര്‍ഥി ബംഗളൂരുവിലും മറ്റും പോകാറുണ്ടെന്നും മയക്കുമരുന്ന് വാങ്ങുന്ന സ്ഥലമെല്ലാം പെണ്‍കുട്ടി പറഞ്ഞു. 14കാരനെ അറസ്റ്റ് ചെയ്തിരുന്നു. സംസ്ഥാനത്ത് സമാനരീതിയിലുള്ള നിരവധി പരാതികൾ രഹസ്യമായി പൊലീസിലും ശിശുസമിതികളിലും എത്തിയിട്ടുണ്ടെന്ന് അന്വേഷണത്തിൽ മനസ്സിലായി. എന്നാൽ, പല പരാതികളും സ്കൂളുകൾ മറച്ചുവെക്കുന്നതായും കണ്ടെത്തി.
മയക്കുമരുന്ന് ഉപയോഗത്തിന്‍റെ കാര്യത്തിൽ ആൺ -പെൺ വ്യത്യാസമില്ലാതായിരിക്കുന്നു എന്നു പറഞ്ഞത് സംസ്ഥാന മുഖ്യമന്ത്രിയാണ്. ലഹരി ഉപയോഗിക്കുന്ന പെൺകുട്ടികളുടെ എണ്ണം ക്രമാതീതമായി കൂടിവരുകയാണെന്ന ഗുരുതരമായ മുന്നറിയിപ്പുണ്ട് ഈ പ്രസ്താവനയിൽ. മലബാറിലെ ഒരു സ്കൂളിൽ പെൺകുട്ടികൾ മാരക ലഹരി മരുന്നുകൾ ഉപയോഗിക്കുന്നതായി പരാതി വന്നു. ഇക്കാര്യം അന്വേഷിക്കാൻ സ്കൂളിലെത്തിയ അന്വേഷണ സംഘത്തോട് സ്കൂൾ അധികൃതരുടെ മറുപടി അത് പെൺകുട്ടികളല്ലെന്നും ആൺകുട്ടികളാണെന്നുമായിരുന്നു. സ്കൂളിന്‍റെ പേരിന് കളങ്കമാകുമെന്ന ഭയത്താൽ പെൺകുട്ടികളുടെ ലഹരി ഉപയോഗം മറച്ചുവെക്കാനാണ് സ്കൂൾ അധികൃതരും ബന്ധപ്പെട്ടവരും ശ്രമിച്ചത്. എവിടെനിന്നാണ് കുട്ടികൾക്ക് ലഹരി കിട്ടുന്നതെന്ന ചോദ്യത്തിന് മരത്തിന്‍റെ പൊത്തിലും മതിലിന്‍റെ അടുത്തും 'ആരോ' കൊണ്ടുവെച്ചപ്പോൾ കുട്ടികൾ അറിയാതെ ഉപയോഗിച്ചതാണെന്ന മുടന്തൻ മറുപടിയാണ് അധ്യാപകരും സ്കൂൾ അധികൃതരും നൽകിയത്.
പൊലീസ്, എക്‌സൈസ്, ചൈൽഡ്ലൈൻ, കൗൺസലർമാർ എന്നിവർ ഇത് ശരിവയ്ക്കുന്നു. സർക്കാർ -എയ്ഡഡ് വ്യത്യാസമില്ലാതെ വ്യാപകമായി ലഹരി ഉപയോഗിക്കുന്നുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്. സർക്കാർ കണക്കുകളും ഇതും വ്യക്തമാക്കുന്നു. സ്കൂളിന്‍റെ ശുചിമുറികളിലും സമീപത്തെ ഒഴിഞ്ഞ പ്രദേശങ്ങളിലും പാടങ്ങളിലുമെല്ലാം കുട്ടികൾ ലഹരി ഉപയോഗിക്കുന്നുണ്ട്. ലഹരി ഉപയോഗവും അതുമൂലമുണ്ടാവുന്ന ഭവിഷ്യത്തുകളും മറ്റും കുട്ടികളെക്കൂടി ബാധിക്കുമെന്നതിനാലായിരിക്കും പല സ്കൂളുകളും ഇത്തരം കാര്യങ്ങൾ കൃത്യമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ റിപ്പോർട്ട് ചെയ്യുന്നില്ല. ആരോപണവിധേയനായ കുട്ടിയെ സ്കൂളിൽനിന്ന് പുറത്താക്കിയാൽ എല്ലാം ശരിയായെന്നാന്നാണ് പലരുടെയും ധാരണ. എന്നാൽ, അതിനുശേഷം ഈ കുട്ടി എവിടെ എത്തുന്നുവെന്നോ ഭാവി എന്താകുമെന്നോ പലരും ചിന്തിക്കാറില്ല.
ഇന്ന് കഞ്ചാവിനെക്കാളും വിദ്യാർഥികൾ രാസലഹരികൾ ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ നൽകുന്ന വിവരം. കഞ്ചാവ് ഉപയോഗിച്ചാലും മദ്യം കുടിച്ചാലും പെട്ടെന്ന് അറിയാൻ സാധ്യതയുണ്ടെന്ന കണക്കുകൂട്ടലിൽ എം.ഡി.എം.എ പോലുള്ള ലഹരി പദാർഥങ്ങളിലേക്ക് യുവസമൂഹം തിരിഞ്ഞിട്ടുണ്ട്. 13 വയസ്സു മുതലുള്ള വിദ്യാർഥികൾ ഇത്തരം രാസലഹരികൾ വ്യാപകമായി ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടവരുത്തുന്നുണ്ട്. മനുഷ്യനെ ഭ്രാന്തമായ അവസ്ഥയിലേക്ക് ഇത്തരം ലഹരി ചെന്നെത്തിക്കും. എം.ഡി.എം.എ പോലുള്ള ലഹരി മരുന്നുകൾ ഉണ്ടാക്കുന്നത് ശാസ്ത്രീയമായ അറിവുകൾ ഇല്ലാത്തവരാണ്. ഇത് ഉപയോഗിക്കുന്നത് ഭാവിയിൽ ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് ഇടവരുത്തുന്നതായി ആരോഗ്യ രംഗത്തുള്ളവരും പറയുന്നു. ആരോഗ്യ പ്രശ്നങ്ങളെക്കാളുപരി സമൂഹത്തിനും അത് ഗുരുതര വിഷയമായി മാറുന്നു. 5 പേരെ തലയ്ക്കടിച്ച് കൊല്ലാൻ തോന്നുന്നത് ഇത്തരം മുന്തിയ ലഹരികൾ ഉപയോഗിക്കുന്നതുകൊണ്ടാണ്.
ലഹരിക്കടിമപ്പെടുന്ന കുട്ടികളിൽ 90 ശതമാനവും ആദ്യം തുടങ്ങിയത് പുകവലിയാണെന്നാണ് വെളിപ്പെടുത്തുന്നത്. സ്കൂളുകളിൽ അഞ്ചാം ക്ലാസ് മുതലുള്ള കുട്ടികൾ പുകവലിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
കേരളത്തിൽ ലഹരി കേസിൽ അധ്യാപകരും പിടിയിലായിട്ടുണ്ട്. ആലപ്പുഴ ജില്ലയിൽ ഇത്തരം കേസിൽ അറസ്റ്റിലായ അധ്യാപകനെ പിന്നീട് ജാമ്യത്തിൽ ഇറങ്ങിയെങ്കിലും വിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ് ചെയ്തിരുന്നു. കേരളത്തിലെ ഒരു പ്രമുഖ സ്കൂളിലെ അധ്യാപികയെയും പൊലീസ് ലഹരി കൈവശംവെച്ച കേസിൽ അറസ്റ്റ് ചെയ്തിരുന്നു. ഇത്തരം കേസുകളുടെ തുടർനടപടികൾ നടക്കുന്നുണ്ടെന്നും സർക്കാർ വ്യക്തമാക്കി. സംസ്ഥാനത്ത് ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് അധ്യാപകർക്കെതിരെ കേസെടുക്കുകയും വകുപ്പുതല നടപടികൾ സ്വീകരിക്കുകയും ചെയ്തതായും സർക്കാറിന് ബന്ധപ്പെട്ട വകുപ്പുകൾ നൽകിയ വിവരങ്ങളിലുണ്ട്.
കേരളം, മയക്കുമരുന്ന് മാഫിയകളുടെ ഇഷ്ടതാവളമായി മാറിക്കൊണ്ടിരിക്കുകയാണ്. ലോക ഭൂപടത്തില്‍ കൊച്ചിക്കും കേരളത്തിനുമുള്ള സ്ഥാനം ഉയര്‍ന്നുകൊണ്ടിരിക്കുന്നു. നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ 2021 ലെ കണക്ക് പ്രകാരം രാജ്യത്തിലെ ഏറ്റവും അധികം കുറ്റകൃത്യങ്ങള്‍ നടക്കുന്ന നഗരങ്ങളില്‍ മൂന്നാം സ്ഥാനം കൊച്ചിക്കാണ്. കുറ്റകൃത്യങ്ങളില്‍ ഭൂരിപക്ഷത്തിലും മയക്കുമരുന്ന് ഇടപാടുകളുമായി ബന്ധമുണ്ടെന്നു രേഖകള്‍ വ്യക്തമാക്കുന്നു.
നഗരങ്ങളിലെ ലഹരി ഉപയോഗത്തില്‍ കേരളം മൂന്നാമതാണ്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് തുടങ്ങിയ നഗരങ്ങള്‍ മുന്നില്‍ നില്‍ക്കുന്നു. ലഹരിക്കടിമപ്പെടുന്നവരില്‍ എഴുപത് ശതമാനത്തോളം പേര്‍ 15 വയസ്സാകുമ്പോഴേക്കും ലഹരി ഉപയോഗിക്കാന്‍ തുടങ്ങുന്നു. കഴിഞ്ഞ എട്ട് വര്‍ഷങ്ങള്‍ക്കുള്ളില്‍ എഴുപത് ശതമാനം വര്‍ധനവുണ്ടെന്നാണ് എക്‌സൈസ് ഡിപ്പാര്‍ട്‌മെന്റിന്റെ കണക്ക്. ഗോവ, കര്‍ണ്ണാടക തുടങ്ങിയ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും വലിയ അളവില്‍ മയക്കുമരുന്നുകള്‍ ഒഴുകിയെത്തുന്നു. ബാംഗ്ലൂര്‍പോലുള്ള മഹാനഗരങ്ങളില്‍ നിന്നും നാട്ടിലേക്കു സ്ഥിരം യാത്ര ചെയ്യുന്ന പെണ്‍കുട്ടികളെ ഇതിന്റെ വാഹകരാക്കി മാറ്റുന്നു. കാമുക വേഷം കെട്ടി പെണ്‍കുട്ടികളെ പ്രണയക്കുരുക്കിലാക്കി വിദേശത്തേക്ക് കടത്തുന്ന തീവ്രവാദി സംഘടനകളുടെ പ്രതിനിധികളും ഇവര്‍ക്കിടയിലുണ്ട്. കാമുകന്റെ നിര്‍ബന്ധത്തിനു വഴങ്ങി ഒരിക്കല്‍ ഇതുപയോഗിക്കുകയും, ശാരീരികബന്ധത്തിലേര്‍പ്പെടുകയും ചെയ്യുന്നതോടെ അവള്‍ പൂര്‍ണ്ണമായും ആ വലയില്‍ പെട്ടുപോകും.
സിന്തറ്റിക് മയക്കു മരുന്നുകളുടെ വ്യാപനം പണ്ട് നഗരങ്ങളിലായിരുന്നുവെങ്കിലും, ഇന്ന് എല്ലായിടത്തും സുലഭമാണ്. ചരസ്സ്, ഹാഷിഷ്, ഭാങ് എന്നീ വിവിധ നാമങ്ങളിലും രൂപങ്ങളിലും കേരളത്തിലെ സ്‌കൂളുകള്‍ കോളേജുകള്‍, ഹോസ്റ്റലുകള്‍, ആശുപത്രികള്‍, എന്തിന് ജയിലുകളില്‍ വരെ ലഭ്യമാണ്. കുഗ്രാമങ്ങളിലെ പെട്ടിക്കടകളില്‍ പോലും രഹസ്യ നാമങ്ങളില്‍ ഇവ വില്‍ക്കുന്നു.’ഒരു തവണ മാത്രം ഒന്ന് പരീക്ഷിച്ചു നോക്കാന്‍’ എന്ന മനുഷ്യന്റെ സ്വഭാവികമായ ആകാംക്ഷയെ മുതലെടുത്തുകൊണ്ട് കൊച്ചു കുട്ടികളെവരെ ഇവ ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്നു.
പുകയില, മദ്യം, മയക്കുമരുന്നുകള്‍ എന്നൊക്കെ പൊതുവെ പറയുമെങ്കിലും ‘മയക്കുമരുന്നുകള്‍’ എന്ന പ്രയോഗം വേണ്ടത്ര പ്രശ്‌നത്തിന്റെ ഗൗരവം ഉള്‍ക്കൊള്ളുന്നില്ല. മനുഷ്യരാശിയുടെ ഉത്ഭവം മുതലേ മയക്കുമരുന്നുകള്‍ ഉപയോഗിച്ചിരുന്നതായി കാണാം. ഋഗ്വേദ കാലത്തെ സോമയും സുരയും ബൈബിളില്‍ പറയുന്ന മന്നയും വീഞ്ഞും എല്ലാം ഇതിനുദാഹരണങ്ങളാണ്. ആദ്യകാലങ്ങളില്‍ സസ്യങ്ങളും, കുമിളുകളുമൊക്കെയാണ് ഇതുണ്ടാക്കാന്‍ ഉപയോഗിച്ചിരുന്നതെങ്കില്‍ പിന്നീട് രാസവസ്തുക്കള്‍ ഉപയോഗിച്ച് പരീക്ഷണ ശാലകളില്‍ പല രൂപത്തിലും ഭാവത്തിലും ഇവനിര്‍മ്മിക്കപ്പെടാന്‍ തുടങ്ങി.
മയക്കുമരുന്നുകള്‍ വ്യക്തിയുടെ ശാരീരിക മാനസിക തലങ്ങളെ സ്വാധീനിക്കാന്‍ കഴിവുള്ളവയാണ്. ചില മാനസിക പ്രശ്‌നങ്ങള്‍ക്കും, ഉറക്കമില്ലായ്മ, തലവേദന തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കും മരുന്നായി ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം ഇവ ഉപയോഗിക്കാറുണ്ട്.
കഞ്ചാവ് തുടങ്ങിയ ലഹരിവസ്തുക്കള്‍ ഉപയോഗിക്കുമ്പോള്‍ വ്യക്തിയുടെ ഓര്‍മ്മ, ജാഗ്രത, പ്രചോദനം, വ്യക്തിബന്ധങ്ങള്‍ എന്നിവ നഷ്ടപ്പെടുന്നു. സംശയം, അമിതമായ ആശങ്ക, ഉത്സാഹമില്ലായ്മ പെരുമാറ്റവൈകല്ല്യങ്ങള്‍ എന്നിവ ഉണ്ടാകുകയും ചിന്താശേഷിയും, ബൗദ്ധികമായ കഴിവുകള്‍ നശിക്കുകയും ചെയ്യുന്നു. പ്രത്യുല്പാദനശേഷി ക്രമേണ കുറയുന്നു. നിശാപാര്‍ട്ടികളിലും മറ്റും ഉപയോഗിക്കുന്ന എംഡിഎംഎ എന്നൊക്കെ അറിയപ്പെടുന്ന മയക്കുമരുന്ന് യുവാക്കളെ ഏറ്റവുമധികം ആകര്‍ഷിക്കുന്ന ഒന്നാണ്. മണിക്കൂറുകളോളം (12 മണിക്കൂര്‍ വരെ) ഉത്തേജിപ്പിക്കുവാനും, അമിതമായ ഉത്സാഹവും ആനന്ദവും നിലനിര്‍ത്താനും, ലൈംഗിക ബന്ധത്തിന്റെ ദൈര്‍ഘ്യം നിലനിര്‍ത്താനും ഇവ ഉപയോഗിക്കുന്നു. ഏറെ സമയം വിശപ്പറിയില്ല, വിഷാദരോഗികള്‍ സന്തോഷവാന്മാരാകും. നാണം കുണുങ്ങികള്‍ മറ്റുള്ളവരുമായി ഇടപെടാനും വാചാലരാകാനും തുടങ്ങുന്നു. വേദന അറിയാതിരിക്കുക, സുഖാനുഭൂതിയുടെയും ആത്മവിശ്വാസത്തിന്റേയും അളവ് കൂടുക എന്നിവയെല്ലാം ഇവയുടെ ആകര്‍ഷണീയതയാണ്. എംഡിഎംഎ, എല്‍എസ്ഡി സ്റ്റാമ്പ് തുടങ്ങിയ വിവിധയിനം സ്റ്റിമുലന്റ്‌സ്, വിഭ്രാന്തിയുളവാക്കുന്ന മറ്റു വസ്തുക്കളെക്കാള്‍ 100 മുതല്‍ 2000 മടങ്ങ് മാരകശക്തി ഉള്ളവയാണ്. ഒരിക്കല്‍ ഉപയോഗിച്ചാല്‍പോലും അടിമകളാകുന്നവയും ഉണ്ട്. വായിലെ തൊലിപോകുക, പല്ലുകള്‍ പൊഴിയുക, അക്രമാസക്തനാകുക, സംശയരോഗം, ദ്വന്ദ വ്യക്തിത്വ വൈകല്യം, സ്‌കിസോഫ്രിനിയ തുടങ്ങിയ മാരക രോഗങ്ങള്‍ക്കും ഇവര്‍ അടിമകളാകുന്നു. വളരെ കുറഞ്ഞ ആയുര്‍ദൈര്‍ഘ്യവും, കൂടിയ ആത്മഹത്യ നിരക്കുമാണ് മറ്റൊരു വിപത്ത്. സ്ഥിരമായി ഉപയോഗിച്ചാല്‍ 3 വര്‍ഷമാകുമ്പോഴേക്കും മരണം വരെ സംഭവിക്കാം.
മനം മാറ്റമുണ്ടാക്കുന്ന രാസവസ്തുക്കള്‍ രക്തത്തില്‍ കലര്‍ന്നു ശരീരം മുഴുവന്‍ വ്യാപിക്കുന്നു. നാഡീ വ്യൂഹത്തെയും മാനസിക-ശാരീരിക ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കുന്ന ഒന്നാണ് ഡ്രഗ് അഡിക്ഷന്‍. ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് തലച്ചോറിനെയാണ്. ഇതോടെ മനസ്സിന്റെ താളം പിഴയ്‌ക്കുന്നു. ജീവന്‍ നിലനിര്‍ത്താനാവശ്യമായ ശ്വസനം പോലുള്ള അടിസ്ഥാന പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന മെഡുല്ല ഓബ്ലങ്ങേറ്റയില്‍ ആഘാതമേല്‍പ്പിക്കുന്നതുമൂലം മയക്കം, മോഹാലസ്യം തുടങ്ങി മരണം വരെ സംഭവിക്കാം.
ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു മേഖലയായ സെറിബ്രല്‍ കോര്‍ടക്‌സിനെ ബാധിക്കുമ്പോള്‍, ഭാഷ, യുക്തിചിന്ത, നീതിബോധം, വിലയിരുത്തല്‍ മൂല്ല്യബോധം തുടങ്ങിയ എല്ലാ കഴിവുകളും നശിക്കുന്നു. മസ്തിഷ്‌കത്തിന്റെ പുറകില്‍ സ്ഥിതിചെയ്യുന്ന വിഷ്വല്‍ കോര്‍ട്ടക്‌സിനെ ബാധിക്കുമ്പോള്‍ കാഴ്ചയുമായി ബന്ധപ്പെട്ട വിഭ്രാന്തിയുണ്ടാകുകയും നിറങ്ങളും രൂപങ്ങളും മിന്നി മറയുക ഇല്ലാത്തവകാണുക, രൂപങ്ങളെ വലുതായോ, ചെറുതായൊ കാണുക തുടങ്ങിയവ സംഭവിക്കുന്നു.
‘അന്താരാഷ്‌ട്രതലത്തില്‍ ചിന്തിക്കുകയും, പ്രാദേശിക തലത്തില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുക’ എന്ന ആപ്തവാക്യം ഇവിടെ പ്രസക്തമാണ്. നമ്മുടെ മക്കളേയും,രാഷ്‌ട്രത്തേയും രക്ഷിക്കാനുള്ള തീവ്ര യജഞ്ഞം തുടങ്ങേണ്ടത് കുടുംബത്തില്‍ നിന്ന് തന്നെയാണ്. കുട്ടികളുമായി കൂടുതല്‍ സമയം ചെലവഴിക്കുക, അവരുമായി തുറന്നിടപഴകുക, ഓരോ ദിവസത്തെയും അനുഭവങ്ങള്‍ ചോദിച്ചറിയുക, ഇടയ്‌ക്കൊക്കെ മുറിയും ബാഗും പരിശോധിക്കുക, കൂട്ടുകാരെ അറിഞ്ഞിരിക്കുക. സ്വഭാവത്തില്‍, പെരുമാറ്റത്തില്‍ വ്യത്യാസങ്ങള്‍ വരുന്നുണ്ടോ എന്ന് തുടങ്ങി പൂര്‍ണ്ണമായും ശ്രദ്ധ കേന്ദ്രീകരിക്കുക. പണം കൂടുതല്‍ ആവശ്യം വരുക, സംസാരത്തില്‍ വ്യത്യാസങ്ങള്‍ വരുക, ഉറക്കക്കൂടുതല്‍/കുറവ്, ബോധമില്ലായ്മ, തന്നിലോ മറ്റുള്ളവരിലൊ ശാരീരികവും മാനസികവുമായി ആഘാതങ്ങള്‍ ഏല്‍പ്പിക്കുക, സ്ഥിരം ചെയ്യുന്ന കാര്യങ്ങള്‍ ചെയ്യാന്‍ കഴിയാതെ വരുക, തുടങ്ങിയ മാറ്റങ്ങള്‍ കുട്ടിയില്‍ ഉണ്ടോ എന്ന് ശ്രദ്ധിക്കുക. കഴിഞ്ഞ ദിവസം മകന്റെ പെരുമാറ്റത്തില്‍ മാറ്റം കണ്ട പിതാവ് വീട്ടില്‍ വെച്ച് ബാഗ് പരിശോധിക്കുകയും, ചോദ്യം ചെയ്തിട്ടും ഫലമില്ലാതെ വന്നപ്പോള്‍ സ്‌കൂളില്‍ ചെന്ന് ബാഗ് പരിശോധിച്ചപ്പോള്‍ കഞ്ചാവ് പൊതികള്‍ കണ്ടെടുത്തു. അധ്യാപകരോടൊത്തു കുട്ടിയോട് സംസാരിച്ചപ്പോള്‍ പത്തിലധിക കുട്ടികളുടെ കയ്യില്‍ നിന്നും പൊതികള്‍ പിടിച്ചെടുത്തതായി പത്ര വാര്‍ത്തകള്‍ വായിച്ചതാണ്.
കേരളം വല്ലാത്തൊരു പ്രതിസന്ധിയിലാണ് എത്തിയിരിക്കുന്നത്. ബീവറേജസിൽ ആള് കുറയുകയും യുവതീ യുവാക്കൾ സിന്തറ്റിക് ഡ്രഗ്‌സിനൊപ്പം പോവുകയും ചെയ്യുന്ന സാഹചര്യം ഭീകരമാണ്. ആർക്കും നിയന്ത്രിക്കാനാവാത്ത സാഹചര്യമാണ് നിലവിലുള്ളത്.
https://www.facebook.com/Malayalivartha

























