ചെട്ടികുളങ്ങര കുംഭ ഭരണി മഹോത്സവം: മാവേലിക്കര, കാര്‍ത്തികപ്പള്ളി താലൂക്കുകള്‍ക്ക് പ്രാദേശിക അവധി

പ്രസിദ്ധമായ ചെട്ടികുളങ്ങര കുംഭ ഭരണി മഹോത്സവം നാളെ നടക്കും. നാടൊന്നാകെ ആഘോഷിക്കാനായി മാവേലിക്കര, കാര്‍ത്തികപ്പള്ളി താലൂക്കുകള്‍ക്ക് പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കെട്ടുകാഴ്ച്ചകളുടെ മിനുക്കുപണികള്‍ അവസാന ഘട്ടത്തിലാണ്. കാഴ്ച്ച കണ്ടത്തില്‍ ദേവിക്ക് മുന്നില്‍ അണിനിരക്കാന്‍ പതിമൂന്ന് കരകളിലായി ഭീമനും ഹനുമാനും കുതിരകളും തേരുകളുമൊക്കെ അണിയിച്ചൊരുക്കുന്നത് അവസാനഘട്ടത്തിലാണ്. ഓണാട്ടുകരയ്ക്കാകെയൊരു കുത്തിയോട്ടപാട്ടിന്റെ താളമാണ് ഇപ്പോള്‍.
13 ദിവസം നീണ്ടു നില്ക്കുന്ന 13 കരക്കാരുടെ ഉത്സവമാണ് അരങ്ങേറുന്നത്. കെട്ടുകാഴ്ചകളും കുത്തിയോട്ടപ്പാട്ടുകളും കുതിര മൂട്ടില് കഞ്ഞിയുമൊക്കെയായി 13 കരകളും ഉത്സവം ആഘോഷമാക്കും. പൂര്‍ണമായും തടിയില്‍ നിര്‍മ്മിച്ച 92 അടി വരെ ഉയരമുളളവയാണ് ഇവിടുത്തെ കെട്ടുകാഴ്ചകള്‍. കുഭഭരണി നാളില്‍ കാഴ്ച കണ്ടത്തില്‍ കെട്ടുകാഴ്ചകള്‍ നിരക്കും. ഭഗവതി എഴുന്നള്ളി കരക്കാരെ അനുഗ്രഹിക്കുന്നുവെന്നാണ് വിശ്വാസം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ചെട്ടികുളങ്ങരക്കാര്‍ ഈ ദിവസങ്ങളില്‍ നാട്ടിലെത്തും. ഓണാട്ടുകരക്കാരുടെ ഒത്തുചേരലിന്റെ ഉത്സവം കൂടിയാണ് ചെട്ടികുളങ്ങര ഭരണി.
https://www.facebook.com/Malayalivartha
























