വയനാട് ദുരന്തത്തിലെ പുനരധിവാസത്തിന് അനുവദിച്ച വായ്പത്തുക വിനിയോഗിക്കുന്നതിലുള്ള ആശയക്കുഴപ്പം: കേന്ദ്ര സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം

കേരളത്തെ ഒന്നടങ്കം ഞെട്ടിച്ച വയനാട് മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തില്‍ അകപ്പെട്ടവരുടെ പുനരധിവാസത്തിന് തുക അനുവദിക്കുന്നതു സംബന്ധിച്ച ആശയക്കുഴപ്പം അകറ്റാത്തതില് കേന്ദ്ര സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. പുനരധിവാസത്തിന് അനുവദിച്ച വായ്പത്തുക വിനിയോഗിക്കുന്നതിലുള്ള ആശയക്കുഴപ്പം തീര്‍ക്കാനായിരുന്നു കോടതി കേന്ദ്രത്തോട് നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ ഇതു സംബന്ധിച്ച് കേന്ദ്രം കൃത്യമായ ഉത്തരം നല്‍കാതിരുന്നത് കോടതിയെ ചൊടിപ്പിച്ചു. ഡല്‍ഹിയിലിരിക്കുന്ന ഉദ്യോഗസ്ഥര്‍ കേരള ഹൈക്കോടതിക്ക് കൃത്യമായ മറുപടി നല്‍കിയില്ലെങ്കില്‍ അടുത്ത വിമാനത്തില്‍ ഇവിടെ എത്തിക്കാന്‍ കഴിയുമെന്നും ജസ്റ്റിസുമാരായ എ.കെ.ജയശങ്കരന്‍ നമ്പ്യാരും എസ്.ഈശ്വരനും ഉള്‍പ്പെട്ട ബെഞ്ച് മുന്നറിയിപ്പു നല്കി. ഇതിനിടെ, വായ്പത്തുക വിനിയോഗിക്കാനുള്ള സമയപരിധി ഈ മാസം 31ല്‍ നിന്ന് ഡിസംബര്‍ 31ലേക്ക് നീട്ടിയെന്നു കേന്ദ്രം അറിയിച്ചു.
കേസ് പരിഗണിച്ചപ്പോള്‍ത്തന്നെ വായ്പത്തുക വിനിയോഗിക്കുന്നതിലുള്ള ആശയക്കുഴപ്പത്തിലെ മറുപടിയാണ് കോടതി തേടിയത്. മാര്‍ച്ച് 31 ആയിരുന്നു വായ്പത്തുക വിനിയോഗിക്കാന്‍ കേന്ദ്രം നിര്‍ദേശിച്ച തീയതി. എന്നാല്‍ ഇത് അസാധ്യമാണെന്ന് അഭിപ്രായപ്പെട്ട ഹൈക്കോടതി ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ കേന്ദ്രത്തോട് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ ഏത് ഏജന്‍സിക്കാണ് പണം അനുവദിക്കുക തുടങ്ങിയ കാര്യങ്ങളാണ് മറുപടിയായി ലഭിച്ചത്. ഇതോടെ, കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുന്നതിലുള്ള വൈദഗ്ധ്യമാണല്ലോ കാണുന്നതെന്നു കോടതി പ്രതികരിച്ചു. തുടര്‍ന്നാണ് കാര്യങ്ങള്‍ ഇത്ര ലഘുവായി എടുക്കരുതെന്നും തുക വിനിയോഗിക്കുന്നതു സംബന്ധിച്ച് തിങ്കളാഴ്ച തന്നെ സത്യവാങ്മൂലം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചത്.
ഇതില്‍ സാവകാശം നല്‍കണമെന്നു കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല. വായ്പാ വിനിയോഗ തീയതി ഡിസംബര്‍ 31ലേക്കു മാറ്റിയ തീരുമാനം എപ്പോഴാണ് എടുത്തത്, അത് എന്നാണ് അറിയിച്ചത് തുടങ്ങിയ കാര്യങ്ങള്‍ തേടിയ ശേഷമായിരുന്നു കോടതിയുടെ രൂക്ഷവിമര്‍ശനം. കോടതിക്കു വേറെ ഒന്നും ചെയ്യാനില്ല എന്നു കരുതരുത്. ഡിസംബര്‍ 31നു പോലും ജോലികള്‍ തീരണമെന്നില്ല. എന്നാല്‍ ഇതാണ് ഒരു വഴി. അങ്ങനെയല്ലെങ്കില്‍ മറ്റ് അജന്‍ഡകളുണ്ടെന്ന് കരുതേണ്ടി വരുമെന്നും കോടതി കൂട്ടിച്ചേര്‍ത്തു. ദുരിതബാധിതരുടെ ബാങ്ക് വായ്പ എഴുതിത്തള്ളുന്നതിലുള്ള തീരുമാനവും കേന്ദ്രം തിങ്കളാഴ്ച അറിയിക്കണമെന്നു കോടതി നിര്‍ദേശിച്ചു.
ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ സ്ഥലത്തെ അവശിഷ്ടങ്ങള്‍ മൂന്നു ഘട്ടമായി നീക്കം ചെയ്യുമെന്നു സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ആദ്യഘട്ടം ചൂരല്‍മല ടൗണ്‍ അടക്കമുള്ള ജനവാസമേഖലകളില്‍ മഴക്കാലത്തിനു മുന്‍പ് പൂര്‍ത്തിയാക്കും. ചീഫ് എന്‍ജിനീയറുടെ നേതൃത്വത്തില്‍ വിദഗ്ധസംഘം അവിടം സന്ദര്‍ശിച്ച് പദ്ധതികള്‍ക്കു രൂപം നല്‍കിയിട്ടുണ്ട്. എന്നാല്‍ ജോലി ആരംഭിക്കാന്‍ കഴിയുന്ന കൃത്യമായ തീയതി കേസ് വീണ്ടും പരിഗണിക്കുന്ന ബുധനാഴ്ച അറിയിക്കണമെന്നു കോടതി നിര്‍ദേശം നല്കി.
https://www.facebook.com/Malayalivartha
























