മുണ്ടക്കൈ, ചൂരല്‍മല ദുരന്തബാധിതര്‍ക്കായി കല്‍പ്പറ്റയില്‍ ടൗണ്‍ഷിപ്പ് ഉയരും.... ഇന്ന് മുഖ്യമന്ത്രി ടൗണ്‍ഷിപ് നിര്‍മാണത്തിന് തറക്കല്ലിടും

മുണ്ടക്കൈ, ചൂരല്‍മല ദുരന്തബാധിതര്‍ക്കായി കല്‍പ്പറ്റയില്‍ ടൗണ്‍ഷിപ്പ് ഉയരും. കേരളത്തെ സാക്ഷിയാക്കി ഇന്ന് വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയന് ടൗണ്‍ഷിപ് നിര്‍മാണത്തിന് തറക്കല്ലിടുന്നതാണ്. മഹാദുരന്തത്തെ കേരളം മറികടക്കാനൊരുങ്ങുന്നു.
2024 ജൂലൈ 30ന് പുലര്‍ച്ചെയാണ് വയനാട് മുണ്ടക്കൈയിലും ചൂരല്‍മലയിലും ഉരുള്‍പൊട്ടിയത്. നാടാകെ ഒലിച്ചുപോയി. 298പേര് ദുരന്തത്തില്‍ മരിച്ചു. മൃതദേഹങ്ങള്‍ ചാലിയാര്‍വരെ ഒഴുകി. പുന്നപ്പുഴ മരണപ്പുഴയായി. അന്നേവരെ കാണാത്ത രക്ഷാപ്രവര്‍ത്തനത്തിന് രാജ്യം സക്ഷിയായി. ദുരിതാശ്വാസ ക്യാമ്പ് ഒരുകുടുംബമായി. സമൂഹ അടുക്കളകളില്‍ മനുഷ്യര്‍ സ്നേഹം പാകം ചെയ്തു. മണ്ണിനടിയില്‍ ജീവനുള്ള ഒറ്റമനുഷ്യരും ശേഷിക്കുന്നില്ലെന്ന് ഉറപ്പാക്കുംവരെ രക്ഷാപ്രവര്‍ത്തനം തുടര്‍ന്നിരുന്നു.
സര്‍ക്കാര്‍ എല്ലാം നഷ്ടമായ ആയിരങ്ങളെ വാടക വീടുകളില്‍ താല്‍ക്കാലികമായി പുനരധിവസിപ്പിക്കുകയും ജീവനോപാധിയും ചികിത്സയും ഉറപ്പാക്കുകയും ചെയ്തു. ധനസഹായംനല്കി. കുഞ്ഞുങ്ങളുടെ പഠനം തിരിച്ചുപിടിച്ചു. നിയമതടസ്സങ്ങളം മറികടന്ന് ഏഴ് മാസങ്ങള്‍ക്കിപ്പുറം ടൗണ്‍ഷിപ്പ് ഉയരുകയാണ്. ഓരോ കുടുംബങ്ങള്‍ക്കും ഏഴ് സെന്റില്‍ ആയിരം ചതുരശ്രയടി വീടാണ് നിര്‍മിച്ചുനല്‍കുന്നത്.
ആരോഗ്യകേന്ദ്രം, അങ്കണവാടി, പൊതുമാര്‍ക്കറ്റ്, കമ്യൂണിറ്റി സെന്റര്‍, മള്‍ട്ടി പര്‍പ്പസ് ഹാള്‍, ലൈബ്രറി എന്നിവ ടൗണ്ഷിപ്പിലുണ്ടാകും. ആറുമാസംകൊണ്ട് പ്രവൃത്തി പൂര്‍ത്തിയാക്കും. ടൗണ്‍ഷിപ്പിലേക്ക് വരാത്ത കുടുംബങ്ങള്‍ക്ക് 15 ലക്ഷം രൂപവീതം നല്‍കും.
മന്ത്രിമാര്‍ക്കുപുറമെ പ്രതിപക്ഷനേതാവ് വി ഡി സതീശനും തറക്കല്ലിടലിനെത്തുന്നതാണ്.
https://www.facebook.com/Malayalivartha

























