വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കായുള്ള മാതൃകാ ടൗണ്‍ഷിപ്പിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി നിര്‍വഹിച്ചു

വയനാട് മുണ്ടക്കൈ - ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കായുള്ള മാതൃകാ ടൗണ്‍ഷിപ്പിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിച്ചു. ഏഴ് സെന്റ് ഭൂമിയില്‍ ആയിരം ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീടുകളാണ് ദുരിതബാധിതര്‍ക്കായി നിര്‍മിക്കുന്നത്. പുനരധിവാസത്തിനായി 402 ഗുണഭോക്താക്കളെയാണ് സര്‍ക്കാര്‍ തിരഞ്ഞെടുത്തിരിക്കുന്നത്.
ഉദ്ഘാടന ചടങ്ങില്‍ കെ രാജന് ഉള്‍പ്പെടെയുള്ള മന്ത്രിമാരും പ്രതിപക്ഷ നേതാവും വയനാട് എംപി പ്രിയങ്ക ഗാന്ധിയും പങ്കെടുത്തു. ഉദ്ഘാടന ചടങ്ങില്‍ ഗുണഭോക്താക്കളും പ്രത്യേക ക്ഷണിതാക്കളായിരുന്നു. എസ്റ്റേറ്റ് ഉടമകളും സര്‍ക്കാരും തമ്മില്‍ വില സംബന്ധിച്ച കേസ് നിലനില്‍ക്കുന്നതിനാല്‍ കോടതിവിധി പ്രകാരം പ്രതീകാത്മകമായാണ് 64 ഹെക്ടര്‍ ഭൂമി ഏറ്റെടുത്തിരിക്കുന്നത്.
കല്‍പ്പറ്റ ബൈപ്പാസിനോട് ചേര്‍ന്ന് 64 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുത്തിട്ടുള്ളത്. ടൗണ്‍ഷിപ്പില്‍ അംഗന്‍വാടി, കമ്മ്യൂണിറ്റി സെന്റര്‍, പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവയും ഉണ്ടാകും. പുനര്‍നിര്‍മ്മാണത്തിലെ ലോകമാതൃകയ്ക്കാണ് തുടക്കമിടുന്നതെന്നും ഒരു ദുരന്തബാധിതനും ഒറ്റപ്പെടില്ലെന്നും മന്ത്രി കെ രാജന് പറഞ്ഞു. ജനങ്ങളെ ഒരുമിച്ച് നിര്‍ത്താനാണ് ടൗണ്‍ഷിപ്പ് ആശയം നടപ്പാക്കുന്നത്. കോടതി വ്യവഹാരങ്ങളില്‍പ്പെട്ടതിനാലാണ് വീട് നിര്‍മ്മാണം വൈകിയതെന്നും മന്ത്രി വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























