2026-27 അദ്ധ്യയന വര്‍ഷം മുതല്‍ ഒന്നാം ക്ലാസ് പ്രവേശനം ആറാം വയസില്‍; നിയമങ്ങള്‍ ലംഘിക്കുന്ന വിദ്യാലയങ്ങള്‍ക്കെതിരെ നടപടിയെന്ന് മന്ത്രി

2026-27 അദ്ധ്യയന വര്‍ഷം മുതല്‍ ഒന്നാം ക്ലാസ് പ്രവേശന പ്രായം ആറ് വയസാക്കി മാറ്റാന്‍ കഴിയണമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. 2009ലെ വിദ്യാഭ്യാസ അവകാശ നിയമപ്രകാരം ഒന്നാം ക്ലാസ് പ്രവേശനത്തിന് കുട്ടികള്‍ക്ക് പരീക്ഷ നടത്തുകയോ ക്യാപ്പിറ്റേഷന്‍ ഫീസ് വാങ്ങുകയോ ചെയ്യുന്നത് ശിക്ഷാര്‍ഹമാണെന്നും മന്ത്രി ഓര്‍മിപ്പിച്ചു. വിദ്യാഭ്യാസ നിയമത്തിലെ സെക്ഷന്‍13 (1) എ, ബിയില്‍ ഈ കാര്യങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്. എന്നാല്‍, ഇവ പാലിക്കാതെ ചില വിദ്യാലയങ്ങള്‍ ഇത് തുടരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും പരാതി ലഭിച്ചാല്‍ സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
മന്ത്രി പറഞ്ഞത്:
ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള പ്രായം ആറ് വയസാക്കി ഉയര്‍ത്തണം. ഔപചാരിക വിദ്യാഭ്യാസത്തിനുള്ള സ്‌കൂള്‍ പ്രവേശന പ്രായം കേരളത്തില്‍ ഇപ്പോള്‍ അഞ്ച് വയസാണ്. എന്നാല്‍, ഔപചാരിക വിദ്യാഭ്യാസത്തിനായി കുട്ടികള്‍ സജ്ജമാകുന്നത് ആറ് വയസിന് ശേഷമാണെന്നാണ് ശാസ്ത്രീയ പഠനങ്ങളും മറ്റും നിര്‍ദേശിക്കുന്നത്. അതുകൊണ്ടാണ് വികസിത രാജ്യങ്ങളെല്ലാം ഔപചാരിക വിദ്യാഭ്യാസ പ്രവേശനത്തിനുള്ള പ്രായം ആറ് വയസോ അതിന് മുകളിലോ ആക്കുന്നത്.
പക്ഷേ, കേരളീയ സമൂഹം എത്രയോ കാലങ്ങളായി അഞ്ച് വയസിലാണ് കുട്ടികളെ ഒന്നാം ക്ലാസില്‍ ചേര്‍ക്കുന്നത്. എന്നിരുന്നാലും വലിയൊരു വിഭാഗവും കുട്ടികളെ ആറാം വയസിലാണ് സ്‌കൂളില്‍ ചേര്‍ക്കുന്നത്. ഏതാണ്ട് 50 ശതമാനത്തിലധികം കുട്ടികള്‍ നിലവില്‍ ആറ് വയസിന് ശേഷമാണ് സ്‌കൂളില്‍ എത്തുന്നത്. ഇത് പ്രോത്സാഹിപ്പിക്കണം. 2026-27 അദ്ധ്യയന വര്‍ഷം മുതല്‍ ഒന്നാം ക്ലാസ് പ്രവേശന പ്രായം ആറ് വയസാക്കി മാറ്റാന്‍ കഴിയണം.
ഈ വര്‍ഷത്തെ ചില പരീക്ഷാ ചോദ്യപേപ്പറുകളില്‍ ചില തെറ്റുകള്‍ സംഭവിച്ചു എന്നത് ശ്രദ്ധയില്‍ പെട്ടപ്പോള്‍ തന്നെ അന്വേഷണം നടത്താന്‍ നിര്‍ദ്ദേശിച്ചിടുണ്ട്. ആഭ്യന്തര അന്വേഷണം നടത്തി എവിടെയാണ് വീഴ്ച സംഭവിച്ചത് എന്ന് മനസിലാക്കിയ ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കും. സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ഒന്നു മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ പരീക്ഷാ പരിഷ്‌കരണം നടപ്പിലാക്കും.
നിരന്തര മൂല്യനിര്‍ണയം, ചോദ്യപ്പേപ്പര്‍ നിര്‍മാണം, പേപ്പറുകളുടെ മൂല്യനിര്‍ണയം, ചോദ്യപ്പേപ്പര്‍ തയ്യാറാക്കുന്നതില്‍ അദ്ധ്യാപകര്‍ക്കുള്ള പരിശീലനം, ചോദ്യബാങ്ക് തയ്യാറാക്കല്‍ എന്നിവയും ഈ വര്‍ഷം തന്നെ നടപ്പിലാക്കും. ഇവയ്ക്കുള്ള വിശദമായ മാര്‍ഗരേഖ ഏപ്രില്‍ മാസം പ്രസിദ്ധീകരിക്കും. പുതുക്കിയ ചോദ്യപ്പേപ്പറുകളുടെ മാതൃകയും എസ്സിഇആര്‍ടി തയ്യാറാക്കി പ്രസിദ്ധീകരിക്കും.
https://www.facebook.com/Malayalivartha

























