സര്‍ക്കാര്‍ നടപടി അങ്ങേയറ്റം ഖേദകരം: അന്‍പതാം ദിവസം മുടി മുറിച്ച് പ്രതിഷേധിക്കുമെന്ന് ആശാവര്‍ക്കര്‍മാര്‍

സെക്രട്ടറിയേറ്റിന് മുന്പില് ദിവസങ്ങളായി രാപകല്‍ സമരം നടത്തുന്ന ആശാവര്‍ക്കര്‍മാര്‍ അന്‍പതാം ദിവസം മുടി മുറിച്ച് പ്രതിഷേധിക്കുമെന്ന് സമരസമിതി അറിയിച്ചു. ആശാവര്‍ക്കര്‍മാരോട് സര്‍ക്കാര്‍ പ്രതികാര നടപടി സ്വീകരിക്കുന്നുവെന്നും സമരസമിതി വ്യക്തമാക്കി. സര്‍ക്കാര്‍ നടപടി അങ്ങേയറ്റം ഖേദകരമാണെന്നും വലിയ പ്രതിസന്ധിയിലൂടെയാണ് ആശമാര്‍ കടന്നുപോകുന്നതെന്നും സമരസമിതി അറിയിച്ചു.
സമരത്തിന്റെ അന്‍പതാം ദിവസമായ തിങ്കളാഴ്ച സെക്രട്ടറിയേറ്റിന് മുന്പില് ആശമാര്‍ മുടി മുറിച്ച് പ്രതിഷേധിക്കുമെന്നും സമരസമിതി നേതാക്കള്‍ വ്യക്തമാക്കി. സര്‍ക്കാര്‍ മാന്യമായ സെറ്റില്‍മെന്റ് ഉണ്ടാക്കി സമരം തീര്‍ക്കാന്‍ നടപടിയെടുക്കണം. മൂന്ന് ആശമാരുടെ നിരാഹാര സമരം എട്ടാം ദിവസത്തിലേക്കും കടന്നു. സമരത്തോട് സര്‍ക്കാര്‍ മുഖം തിരിഞ്ഞ് നില്ക്കുമ്പോള് യുഡിഎഫ് ഭരണത്തിലുള്ള പത്തിലേറെ തദ്ദേശസ്ഥാപനങ്ങള്‍ ആശമാര്‍ക്ക് അധികവേതനം നല്കാന് തനത് ഫണ്ടില്‍ നിന്ന് തുക മാറ്റി വച്ചിട്ടുണ്ട്. എന്നാല്‍ സര്‍ക്കാര്‍ അനുമതി നല്കിയാല് മാത്രമാണ് പദ്ധതി നടപ്പാക്കാന്‍ ആകുക. ബഡ്ജറ്റ് ചര്‍ച്ചയ്ക്ക് ശേഷം തദ്ദേശസ്ഥാപനങ്ങള്‍ അനുമതി തേടി സര്‍ക്കാരിനെ സമീപിക്കും. സര്‍ക്കാര്‍ അനുമതിയില്ലാതെ പദ്ധതി നടപ്പാക്കാനും ആകില്ലെന്ന് സമരസമിതി വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























