തരൂർ കേന്ദ്ര മന്ത്രിയായാൽ തിരുവനന്തപുരത്ത് നിന്നും മത്സരിക്കുന്നത് ആരായിരിക്കും ? . തരൂർ ബി ജെ പിയിലെത്തിയാൽ അദ്ദേഹത്തെ രാജ്യസഭാംഗമാക്കുമെന്ന് ഉറപ്പാണ്...

ശശി തരൂർ കേന്ദ്രമന്ത്രിയാകുമോ? തരൂർ കേന്ദ്ര മന്ത്രിയായാൽ തിരുവനന്തപുരത്ത് നിന്നും മത്സരിക്കുന്നത് ആരായിരിക്കും ? ഇന്ത്യൻ നാഷണൽ കോൺഗ്രസ് എം.പിയായി ജയിച്ച തരൂരിന് ബി.ജെ പി സർക്കാരിൽ മന്ത്രിയാകാൻ കഴിയുന്നില്ല. തരൂർ ബി ജെ പിയിലെത്തിയാൽ അദ്ദേഹത്തെ രാജ്യസഭാംഗമാക്കുമെന്ന് ഉറപ്പാണ്.അങ്ങനെ സംഭവിച്ചാൽ രാജീവ് ചന്ദ്ര ശേഖർ തിരുവനന്തപുരത്ത് നിന്നും പാർലെമെന്റംഗമാകും. കേരള രാഷ്ട്രീയത്തിൽ വൈകാതെ സംഭവിക്കാൻ സാധ്യതയുള്ള ചില കാര്യങ്ങളാണ് ഇത്. കേന്ദ്രത്തെ തരൂർ വീണ്ടും വീണ്ടും പുകഴ്ത്തുന്നത് വെറുതെയല്ല. പുതിയ ലേഖനത്തിലാണ് കോവിഡ് കാലത്തെ കേന്ദ്രസര്‍ക്കാരിന്റെ വാക്‌സിന്‍ നയത്തെ തരൂര്‍ പുകഴ്ത്തിയത്. വാക്‌സിന്‍ കയറ്റുമതിയിലൂടെ ഇന്ത്യയുടെ ആഗോള പ്രതിച്ഛായ ഉയര്‍ന്നുവെന്ന് തരൂര്‍ പറഞ്ഞു.
കോവിഡ് കാല ഭീകരതകളില്‍ നിന്ന് വേറിട്ടു നില്‍ക്കുന്നതാണ് ഇന്ത്യയുടെ അന്നത്തെ വാക്‌സിന്‍ നയതന്ത്രം. ഉത്തരവാദിത്തത്തിലും ഐക്യദാര്‍ഢ്യത്തിലും വേരൂന്നിയ അന്താരാഷ്ട്ര നേതൃത്വത്തിന്റെ ശക്തമായ ഉദാഹരണമായിരുന്നു അതെന്നും നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പാക്കിയ 'വാക്‌സിന്‍ മൈത്രി' സംരംഭത്തെ പുകഴ്ത്തി ദി വീക്കില്‍ എഴുതിയ ലേഖനത്തില്‍ തരൂര്‍ പറഞ്ഞു.ദ വീക്ക് മനോരമയുടെ ഉടമസ്ഥതതയിലുള്ളതാണെന്നതാണ് രസകരമായ മറ്റൊരു കാര്യം.കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ ഭരണകാലത്ത് വിദേശകാര്യ സഹമന്ത്രിയായി പ്രവര്‍ത്തിച്ചയാളാണ് ശശി തരൂര്‍. 2020-21 കാലത്തെ കോവിഡ് മഹാമാരിയെ നേരിടാന്‍ നരേന്ദ്രമോദി സര്‍ക്കാര്‍ നടത്തിയ അന്താരാഷ്ട്ര നീക്കങ്ങളെയാണ് തരൂര്‍ അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്തത്.
കോവിഡ് കാലത്ത് 100-ല്‍ അധികം രാജ്യങ്ങള്‍ക്ക് വാക്‌സിനുകള്‍ നല്‍കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നടപ്പാക്കിയ സംരംഭമാണ് വാക്‌സിന്‍ മൈത്രി. ഇതിന്റെ ഭാഗമായി 2021 ജനുവരി 20 മുതല്‍ ഇന്ത്യ വാക്‌സിന്‍ വിതരണം ആരംഭിച്ചു. കോവിഷീല്‍ഡ്, കോവാക്‌സിന്‍ എന്നീ വാക്‌സിനുകള്‍ നിര്‍മിച്ച് നേപ്പാള്‍, ഭൂട്ടാന്‍, മാലിദ്വീപ്, ബംഗ്ലാദേശ്, ആഫ്രിക്കന്‍ രാജ്യങ്ങള്‍, മ്യാന്‍മര്‍ എന്നിവയുള്‍പ്പെടെ 100-ലധികം രാജ്യങ്ങള്‍ക്ക് ഇന്ത്യ ഇത് വിതരണം ചെയ്തു. സമ്പന്ന രാജ്യങ്ങള്‍ ചെയ്യാത്തത് ഇന്ത്യ ചെയ്തുവെന്ന് തരൂര്‍ പറഞ്ഞു.വസുധൈവ കുടുംബകം എന്ന തത്വത്തില്‍ വേരൂന്നിയ ആഗോള ഐക്യദാര്‍ഢ്യത്തിന് സര്‍ക്കാര്‍ ഊന്നല്‍ നല്‍കിയെന്നും. ഉപഭൂഖണ്ഡത്തിലെ മറ്റ് രാജ്യങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്താന്‍ ഇന്ത്യക്ക് സാധിച്ചുവെന്നും തരൂര്‍ ചൂണ്ടിക്കാട്ടി.
കേവലം വാക്‌സിന്‍ നല്‍കുക മാത്രമല്ല, നേപ്പാള്‍, മാലിദ്വീപ്, കുവൈറ്റ് എന്നിവിടങ്ങളിലേക്ക് ഇന്ത്യന്‍ സൈനിക ഡോക്ടര്‍മാരെ അയയ്ക്കുകയും, ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലുടനീളമുള്ള ആരോഗ്യ പരിപാലന തൊഴിലാളികള്‍ക്കായി ഓണ്‍ലൈന്‍ പരിശീലനം നല്‍കുകയും ചെയതു. ഇതുവഴി ഇന്ത്യക്ക് ദീര്‍ഘകാല അന്താരാഷ്ട്ര സഹകരണത്തിന് അടിത്തറ പാകാന്‍ സാധിച്ചതിനൊപ്പം അടിയന്തിര ആരോഗ്യ ആശങ്കകള്‍ കൈകാര്യം ചെയ്യാന്‍ സാധിച്ചുവെന്നും തരൂര്‍ പറയുന്നു. തരൂർ വെറുതെ സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നയാളല്ല.താൻ കോൺഗ്രസിന്റെ വോട്ട് നേടി ജയിച്ചതല്ലെന്ന് തരൂർ ആവർത്തിക്കുന്നതിൽ നിന്നു തന്നെ അദ്ദേഹത്തിന്റെ ഉദ്ദേശം വ്യക്തമാണ്.മുമ്പ് അനുനയനീക്കത്തിനില്ലെന്ന് വ്യക്തമാക്കിയ കോൺഗ്രസിന് മുന്നറിയിപ്പുമായി ശശി തരൂർ എംപി പലവട്ടം രംഗത്ത് വന്നിരുന്നു.
പാർട്ടിക്ക് എന്റെ സേവനങ്ങൾ വേണ്ടെങ്കിൽ എനിക്ക് മുന്നിൽ മറ്റ് വഴികളുണ്ടെന്ന് ശശി തരൂർ വ്യക്തമാക്കി. നേതൃത്വവുമായി ഇടഞ്ഞ് നിൽക്കുന്നതിനിടെ ഒരു ഇംഗ്ലിഷ് മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് തരൂർ നിലപാട് വ്യക്തമാക്കിയത്.പാർട്ടിക്ക് ഉപയോഗിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ, ഞാൻ പാർട്ടിക്ക് വേണ്ടി ഉണ്ടാകും. ഇല്ലെങ്കിൽ എനിക്ക് എൻ്റേതായ കാര്യങ്ങൾ ചെയ്യാനുണ്ട്. എനിക്ക് വേറെ വഴിയില്ലെന്ന് നിങ്ങൾ കരുതരുത്. ഒരു സർക്കാർ നല്ല കാര്യങ്ങൾ ചെയ്യുമ്പോൾ അഭിനന്ദിക്കുകയും തെറ്റായ നടപടികളെ വിമർശിക്കുകയും ചെയ്യുന്നു. എൻ്റെ അഭിപ്രായങ്ങളോട് ജനങ്ങളിൽ നിന്ന് മോശമായ പ്രതികരണം ഞാൻ കണ്ടിട്ടില്ല. എന്നാൽ പാർട്ടിയിൽ അത് ഉണ്ട്. എന്തുകൊണ്ടാണ് നിങ്ങൾ ഞങ്ങളുടെ എതിരാളികളെക്കുറിച്ച് നല്ല കാര്യങ്ങൾ പറയുന്നതെന്ന് അവർ എന്നോട് ചോദിക്കുന്നു.
അതെ, അവർ നമ്മുടെ എതിരാളികളാണ്, പക്ഷേ അവർ നല്ല കാര്യങ്ങൾ ചെയ്യുമ്പോൾ, അവരെ അഭിനന്ദിക്കണം.ഞാൻ ഒരു രാഷ്ട്രീയക്കാരനെപ്പോലെയല്ല ചിന്തിക്കുന്നത്. സങ്കുചിതമായ രാഷ്ട്രീയ ചിന്തകൾ എനിക്കൊരിക്കലും ഉണ്ടായിരുന്നില്ല, എനിക്ക് ബോധ്യപ്പെട്ട ഒരു കാര്യത്തെക്കുറിച്ച് അഭിപ്രായം പറയുന്നതിന് മുമ്പ് ഞാൻ രാഷ്ട്രീയ പ്രത്യാഘാതങ്ങളെക്കുറിച്ച് ചിന്തിച്ചിട്ടില്ല. കോൺഗ്രസിൻ്റെ എതിരാളികളായ സർക്കാരുകളുടെയോ പാർട്ടികളുടെയോ നല്ല സംരംഭങ്ങളെ ഞാൻ അഭിനന്ദിക്കാൻ കാരണം ഇതാണ്. കേരളത്തിലെ പാർട്ടിക്ക് നേതൃ പ്രതിസന്ധിയുണ്ട്. കഠിനാധ്വാനം ചെയ്തില്ലെങ്കിൽ മൂന്നാമതും കേരളത്തിൽ തിരിച്ചടി നേരിടേണ്ടി വരും. ഘടക കക്ഷികൾ തൃപ്തരല്ലെന്നും, ദേശീയ തലത്തിലും തിരിച്ചടിക്ക് സാധ്യതയുണ്ടെന്നാണ് വിലയിരുത്തലെന്നുമാണ് തരൂരിന്റെ തുറന്ന് പറച്ചിൽ.
സ്വതന്ത്ര അഭിപ്രായ സർവ്വേകളിൽ കേരളത്തിൽ ജനസമ്മിതിയിയിൽ താനാണ് മുന്നിലുള്ളത്. പാർട്ടിക്ക് ആവശ്യമാണെങ്കിൽ ഈ ജനസമ്മതി ഉപയോഗപ്പെടുത്താം. പാർട്ടിക്ക് എന്നെ ഉപയോഗപ്പെടുത്താൻ താൽപര്യമുണ്ടെങ്കിൽ ഞാനെപ്പോഴും സന്നദ്ധനാണ്. വിയോജിപ്പുകളുടെ പേരിൽ പാർട്ടി വിടില്ല. പാർട്ടി പിന്തുണയെക്കാൾ അധികം വോട്ടുകൾ തിരുവനന്തപുരത്തെ മത്സരത്തിൽ തനിക്ക് കിട്ടി. 2026 തെരഞ്ഞെടുപ്പിൽ വിജയിക്കാൻ ഇതേ രീതി പിന്തുണയ്ക്കണമെന്നും തരൂർ ഇംഗ്ലീഷ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്നു. സോണിയ ഗാന്ധിയും, മൻമോഹൻ സിംഗും, രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടത് കൊണ്ടാണ് താൻ പാർട്ടിയിലെത്തിയതെന്നും തരൂർ അഭിമുഖത്തിൽ ചൂണ്ടിക്കാട്ടുന്നു. രാഹുൽ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചക്ക് മുമ്പാണ് ഈ അഭിമുഖം നടന്നത്. ഇതിനു ശേഷം രാഹുലുമായി നടന്ന കൂടിക്കാഴ്ചയിലും തരൂർ തന്റെ നിലപാട് ആവർത്തിച്ചു.
എമ്പുരാൻ സിനിമ പോലെയാണ് തരൂരിന്റെ നീക്കങ്ങൾ. എല്ലാം ബിസിനസാണെന്ന് തരൂരിന് അറിയാം. ബിസിനസിന്റെ വഴിയിൽ തിരിഞ്ഞു നിന്ന് മനുഷ്യത്വം പ്രകടിപ്പിക്കുന്നതിൽ .തരൂർ വിശ്വസിക്കുന്നില്ല. തരൂരിന് പിന്നിൽ ഇന്ത്യയിൽ അറിയപ്പെടുന്ന ബിസിനസുകാരുണ്ടെന്ന് ചില കോൺഗ്രസ് നേതാക്കൾ ആവർത്തിക്കാറുണ്ട്. രാജീവ് ചന്ദ്രശേഖറിനോട് ഏറ്റുമുട്ടി തീരെ ചെറിയ മാർജിനിൽ ജയിച്ചപ്പോൾ തന്നെ തരൂർ ആ തീരുമാനമെടുത്തിരുന്നു. തരൂരിന്‍റേത് കോൺഗ്രസിനെ ദുർബലപ്പെടുത്താനുള്ള നീക്കമെന്ന് എഐസിസി വിലയിരുത്തൽ വന്നു കഴിഞ്ഞു . തരൂരിന്‍റെ നിലപാട് പാർട്ടിക്ക് വലിയ ദോഷം ചെയ്യുമെന്നാണ് എഐസിസി വിലയിരുത്തുന്നത്. പാർട്ടിക്ക് തൻ്റെ സേവനങ്ങൾ വേണ്ടെങ്കിൽ മുന്നിൽ മറ്റ് വഴികളുണ്ടെന്ന് ശശി തരൂർ ഇംഗ്ലീഷ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞതിലാണ് എഐസിസിയുടെ നിലപാട്.
നേതൃത്വവുമായി ഇടഞ്ഞ് നിൽക്കുന്നതിനിടെയാണ് വീണ്ടും കോൺഗ്രസിന് മുന്നറിയിപ്പുമായി ശശി തരൂർ രംഗത്തെത്തിയത്. മോദിയുടെയും ട്രംപിന്‍റെയും പ്രസ്താവനകള്‍ ഏറെ പ്രതീക്ഷ നല്‍കുന്നതാണെന്നും, വ്യാപാര മേഖലയില്‍ സെപ്തംബര്‍, ഒക്ടോബര്‍ മാസത്തോടെ മാറ്റങ്ങളുണ്ടാകുമെന്നുമാണ് തരൂര്‍ പറഞ്ഞത്. തരൂരിന്‍റെ പ്രസ്താവനക്ക് പിന്നാലെ മോദി നയങ്ങൾക്കുള്ള അംഗീകാരമെന്ന വലിയ പ്രചാരണം ബി ജെ പി സമൂഹമാധ്യമങ്ങളില്‍ സജീവമാക്കിയിട്ടുണ്ട്. വിദേശകാര്യ വിഷയങ്ങളില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഒരു ഗ്രാഹ്യവുമില്ലെന്നും തരൂരിനെ അല്ല താന്‍ ഉദ്ദേശിച്ചതെന്നുമുള്ള പാര്‍ലമെന്‍റിലെ പ്രധാനമന്ത്രി ഈയിടെ നടത്തിയ പരാമര്‍ശം വലിയ ചര്‍ച്ചയായിരുന്നു. യഥാർത്ഥത്തിൽ ഈ പ്രസ്താവനയിൽ നിന്നു മോദിക്ക് തരൂരിനോടുള്ള പ്രതിപത്തി വ്യക്തമായിരുന്നു.
നേരത്തെ കേന്ദ്ര ബജറ്റിനെ പ്രശംസിച്ചും തരൂര്‍ കോണ്‍ഗ്രസിന് തലവേദനയുണ്ടാക്കിയിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച് തോറ്റത് മുതലിങ്ങോട്ട് തരൂരിന്‍റെ നീക്കങ്ങളെ ജാഗ്രതയോടെയാണ് കോണ്‍ഗ്രസ് കാണുന്നത്. പ്രവർത്തക സമിതിയില്‍ ഉള്‍പ്പെടുത്തിയതു പോലും സമ്മര്‍ദ്ദത്തിന്‍റെ ഫലമായിരുന്നു. അതുകൊണ്ടുതന്നെ മോദിയുടെ അമേരിക്കൻ സന്ദർശനത്തെ പുകഴ്ത്തിയതിൽ എന്ത് നടപടിയുണ്ടാകുമെന്ന് കണ്ടറിയണം. എന്ത് നടപടിയുണ്ടായാലും തരൂരിന് ഒന്നുമില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി കോൺഗ്രസ് നേതാവ് ശശി തരൂർ എംപി രംഗത്തെത്തിയത് അപ്രതീക്ഷിതമായിട്ടാണ്.യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ പ്രശംസയ്ക്ക് പിന്നാലെയാണ് തരൂരിന്‍റെ വാക്കുകള്‍. ‘‘മോദിയോട് വിലപേശല്‍ എളുപ്പമല്ല. അക്കാര്യത്തില്‍ അദ്ദേഹം എന്നേക്കാളും കടുപ്പക്കാരനും മെച്ചപ്പെട്ടയാളുമാണ്’’ എന്നായിരുന്നു ട്രംപിന്‍റെ വാക്കുകൾ. ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ട്രംപ് അങ്ങനെ ഇന്ത്യന്‍ പ്രധാനമന്ത്രിയെ കുറിച്ച് പറഞ്ഞുവെങ്കില്‍,
അതു വെറുതെയാവില്ലെന്നായിരുന്നു തരൂരിന്റെ പ്രതികരണം.‘‘ഞങ്ങളുടെ ജനങ്ങളെ നിങ്ങള്‍ക്ക് അപമാനിച്ചയയ്ക്കാന്‍ കഴിയില്ലെന്ന് അടച്ചിട്ട മുറിക്കുള്ളില്‍ മോദി തീര്‍ച്ചയായും ട്രംപിനോട് പറഞ്ഞിട്ടുണ്ടാകുമെന്നാണ് ഞാന്‍ കരുതുന്നത്. അനധികൃതമായി കുടിയേറിയവരെ നിങ്ങള്‍ക്ക് തിരികെ ഇന്ത്യയിലേക്ക് അയയ്ക്കാം, ഞങ്ങള്‍ അവരെ നോക്കും, അവര്‍ ഞങ്ങളുടെ പൗരന്മാരാണ്. കയ്യില്‍ വിലങ്ങും കാലില്‍ ചങ്ങലയുമിട്ട് സൈനിക വിമാനത്തില്‍ അവരെ അയയ്ക്കുന്നത് ശരിയല്ല എന്ന് മോദി കൃത്യമായി പറഞ്ഞിട്ടുണ്ടാകുമെന്നാണ് ഞാന്‍ കരുതുന്നത്. വാസ്തവം അറിയില്ല’’ – തരൂർ പറഞ്ഞു.ട്രംപ്–മോദി കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത് പ്രതീക്ഷയ്ക്ക് വകയുള്ള വാര്‍ത്തകളാണെന്നും തരൂർ പറഞ്ഞു. താരിഫുകളെ ബന്ധപ്പെട്ട് കുറച്ചു കൂടി ഗൗരവമായ ചര്‍ച്ചകള്‍ ആവശ്യമാണ്. ഒക്ടോബറോടെ താരിഫ് സംബന്ധിച്ച വിഷയത്തില്‍ ഇന്ത്യയ്ക്ക് അനുകൂലമായ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അല്ലെങ്കില്‍ നമ്മുടെ കയറ്റുമതിയെ സാരമായി അത് ബാധിക്കുമെന്നും തരൂർ പറഞ്ഞു.തരൂരിനെ പിന്തുണച്ച് കോൺഗ്രസ് നേതാവ് കനയ്യ കുമാറും രംഗത്തെത്തി. മോദി ട്രംപ് ഉഭയകക്ഷി ചർച്ച നല്ലതാണെന്നും 140 കോടി ജനങ്ങളുള്ള ഇന്ത്യയിൽ വ്യാപാര സാധ്യതകളേറെയെന്നും കനയ്യ കുമാർ പറഞ്ഞു. രാജ്യത്തെ ജനങ്ങളെ മനുഷ്യത്വരഹിതമായി കൊണ്ടുവരുന്നതിലാണ് ആശങ്ക. രാജ്യവും പൗരന്മാരും അപമാനിക്കപ്പെടുമ്പോൾ സർക്കാർ വ്യക്തമായ നിലപാടെടുക്കണം. സൗഹൃദരാജ്യം ഇങ്ങനെയാണോ പെരുമാറുകയെന്നും കുടിയേറ്റക്കാരെ കൊണ്ടുവരാൻ ഇന്ത്യയ്ക്ക് വിമാനം വിടാമായിരുന്നുവെന്നും കനയ്യ കുമാർ പറഞ്ഞു.കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞടുപ്പിൽ നിന്നും മാറി നിൽക്കാൻ തരൂർ ആഗ്രഹിച്ചതാണ്. അദ്ദേഹത്തിന് കേരളത്തിന്റെ മുഖ്യമന്ത്രിയാവാൻ ആഗ്രഹമുണ്ട്.
എന്നാൽ കോൺഗ്രസിൽ നിന്നും അനുഭാവ പൂർവമായ പ്രതികരണമല്ല ഉണ്ടായത്. അങ്ങനെയാണ് ബി ജെ പി താൽപ്പര്യം തരൂരിൽ ഉടലെടുത്തത്.തരൂർ എൻ എസ് എസ് ആസ്ഥാനത്ത് സജീവമായത് തന്നെ തൻ്റെ ബി ജെ പി പ്രവേശ ത്തിൻ്റെ ഭാഗമായാണ്. ബി ജെ പിയിൽ എത്തുമെന്ന ഉറപ്പ് കിട്ടിയതുകൊണ്ടാണ് സുനന്ദ പുഷ്കർ മരണത്തിൽ നിന്നും ബി ജെ പി തരൂരിനെ രക്ഷിച്ചതെന്നും കോൺഗ്രസുകാർ പറയുന്നു . കരൺ അദാനി അടക്കമുള്ള ബിസിനസുകാർ തരൂരിന് അനുകൂലമായി ചരടുവലിക്കുന്നുണ്ട്.ദേശീയ-സംസ്ഥാന നേതൃത്വത്തെ ഒരുപോലെ വെട്ടിലാക്കിയാണ് കേരള പ്ലാനുമായുള്ള തരൂരിന്‍റെ പര്യടനം. നിയമസഭയിലേക്ക് മത്സരിക്കാനും മുഖ്യമന്ത്രിയാകാനും വരെയുള്ള ആഗ്രഹം തുറന്ന് പറഞ്ഞ് മത - സാമുദായിക നേതാക്കളുടെ പിന്തുണ ആവർത്തിച്ചുറപ്പാക്കിയുമാണ് നീക്കങ്ങൾ.
തരൂരിനെ വാഴ്ത്തി എൻഎസ്എസ് അടക്കം നിലയുറപ്പിക്കുമ്പോൾ കടുത്ത അമർഷമുണ്ടങ്കിലു കേരള നേതാക്കൾ വിമർശനം ഉള്ളിലൊതുക്കുന്നു. എന്നാൽ തരൂർ ലൈൻ ശരിയല്ലന്ന് തന്നെ ദേശീയ നേതൃത്വം വ്യക്തമാക്കുന്നു. ശശി തരൂരിന്‍റെ സന്ദർശനങ്ങളിൽ ലീഗ് പ്രത്യേക മാനം കൊടുക്കുന്നില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി യും പറഞ്ഞു.തരൂരിൻ്റെ മലപ്പുറം സന്ദർശനം യു.ഡി.എഫിൽ വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു. തരൂരിന്‍റെ സന്ദര്‍ശനത്തിന് രാഷ്ട്രീയ പ്രാധാന്യമില്ലെന്നും കുഞ്ഞാലിക്കുട്ടി വിശദീകരിച്ചു. കോൺഗ്രസിന്‍റെ ആഭ്യന്തരകാര്യത്തിൽ ഇന്നുവരെ ഇടപെട്ടിട്ടില്ല. മുഖ്യമന്ത്രി സ്ഥാനാർഥിക്കാര്യത്തിൽ ലീഗ് അഭിപ്രായം പറഞ്ഞിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.കുഞ്ഞാലിക്കുട്ടിയെ മുന്നിൽ നിർത്താൻ ലീഗിനും താൽപര്യമുണ്ട്. തരൂർ ബിജെപിയിലേക്കെന്ന് പലവട്ടം വാർത്തകൾ വന്നിട്ടുണ്ട്.. എന്നാൽ ബി ജെ പിയിൽ ചേരാൻ അദ്ദേഹം തയ്യാറായില്ല. മുമ്പ് മുല്ലപ്പള്ളി രാമചന്ദ്രൻ തരൂരിനെതിരെ അതിശക്തമായി രംഗത്തെത്തിയത് ഇത്തരം ഒരു വാർത്ത പ്രചരിച്ചതിൻ്റെ അടിസ്ഥാനത്തിലാണ്.
തരൂരിന്റെ ദില്ലിയിലെ വീട്ടിൽ സോണിയാ- രാഹുൽ വിരുദ്ധ സംഘത്തിന്റെ യോഗം വിളിച്ചത് ബി ജെ പിയിലേക്കുള്ള വാതിൽ തുറക്കുന്നതിന്റെ ഭാഗമാണെന്ന് കോൺഗ്രസ് ദേശീയ നേതൃത്വം കരുതിയിരുന്നു. നരേന്ദ്ര മോദിയുടെ രഹസ്യ നീക്കത്തിൽ ഒട്ടുമിക്ക കോൺഗ്രസ് നേതാക്കളും വീണു എന്നാണ് കോൺഗ്രസിന്റെ ദേശീയ നേതൃത്വം കരുതുന്നത്. അതിന്റെ മുന്നണിയിൽ തരൂർ ഉണ്ടെന്ന് കോൺഗ്രസിന്റെ സംസ്ഥാന നേതൃത്വം കരുതുന്നു. വർഷങ്ങൾക്ക് മുമ്പ് ശശി തരൂരിന്റെ വീട്ടിൽ നടന്ന രാത്രിസത്കാരത്തിലാണ് ഹൈക്കമാന്റിനെതിരെ മണിശങ്കർ അയ്യർ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയത്.കബിൽ സിബൽ ഉൾപ്പെടയുള്ളവർ തരൂരിൻ്റെ സുഹൃത്തുക്കളാണ്. അദ്ദേഹം ബി ജെ പിയുടെ പിന്നാലെയാണ് ഇപ്പോൾ. കോൺഗ്രസ് ദേശീയ നേത്യത്വത്തിനെതിരെ കത്തയച്ച തരൂരിന്റെ നടപടിയാണ് കോൺഗ്രസ് നേതൃത്വത്തെ ചൊടിപ്പിച്ചത്.
പാർട്ടി അച്ചടക്കം തരൂരിനും ബാധകമാണെന്നാണ് അന്ന് നേതാക്കൾ പറഞ്ഞത്.അഭിപ്രായം പാർട്ടി വേദികളിൽ പറയണമെന്നും നേതാക്കൾ കുട്ടിച്ചേർത്തു. തിരുവനന്തപുരത്ത് വരാതെ ദില്ലിയിരുന്ന് തരൂർ പ്രവർത്തിക്കുന്നതിനെയും സംസ്ഥാനത്തെ കോൺഗ്രസ്സ് നേതാക്കൾ വിമർശിക്കുന്നു. ദില്ലിയിൽ താമസിച്ച് നിരന്തരം നേതാക്കളെ കണ്ടു കൊണ്ടിരിക്കുന്ന തരൂർ ദേശീയ നേതൃത്വത്തിനെതിരെ കത്ത് എഴുതുന്നതിൽ ദുരുഹതയുണ്ടെന്നായിരുന്നു നേത്യത്വത്തിൻ്റെ അഭിപ്രായം.ശശി തരൂർ തിരുവനന്തപുരം പാർലമെന്റ് മണ്ഡലത്തിന്റെ കാര്യത്തിൽ തീരെ ശ്രദ്ധാലുവല്ല. എഴുത്തുകാരൻ, പ്രഭാഷകൻ എന്നീ നിലകളിൽ തനിക്ക് പിടിപ്പത് പണിയുണ്ടെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. തിരുവനന്തപുരത്തെ കോൺഗ്രസ് പ്രവർത്തകർക്കും ഇതിൽ നിരാശയുണ്ട്. കൂടുതൽ സമയവും അദ്ദേഹം ഡൽഹിയിലാണ് താമസം.
കേരളത്തി ലേക്ക് മടങ്ങി വന്നപ്പോഴാകട്ടെ കേരളത്തിലെ കോൺഗ്രസുകാരെ പാര വയ്ക്കാൻ തീരുമാനിച്ചു. ഇതെല്ലാം കെ പി സി സി നേതൃത്വത്തെ ചൊടിപ്പിച്ചിട്ടുണ്ട്. കോൺഗ്രസുകാരനായിരിക്കണമെങ്കിൽ പാർട്ടിക്ക് വിധേയനായിരിക്കണം എന്നു തന്നെയാണ് നേതാക്കൾ വിശ്വസിക്കുന്നത്. ഇതെല്ലാം ബി ജെ പിയുടെ സാധ്യതകൾ വർധിപ്പിക്കുന്നു.തരൂരിനെതിരെ മത്സരിക്കാൻ ഇടതു മുന്നണിക്ക് സാധാരണ ഗതിയിൽ സ്ഥാനാർത്ഥികളെ കിട്ടാറില്ല. സി പി ഐ ക്കാണ് തിരുവനന്തപുരം സീറ്റ് ഇടതു മുന്നണി നൽകിയിട്ടുള്ളത്. കിട്ടുന്ന ആരെയെങ്കിലും മത്സരിപ്പിക്കുക എന്നതിൽ കവിഞ്ഞ് തിരുവനന്തപുരത്ത് സി പി ഐ ക്ക് സ്ഥിരം സ്ഥാനാർത്ഥികളൊന്നുമില്ല.തരൂരിന് സി പി എമ്മുമായി മികച്ച ബന്ധം ഉള്ളതുകൊണ്ട് സി പി എം വോട്ടുകൾ ചോർന്ന് തരൂരിൻ്റെ പോക്കറ്റിലെത്തും.. പാലക്കാടുകാരനായ തരൂരിന് പ്രകാശ് കാരാട്ടുമായുള്ള ബന്ധം പ്രസിദ്ധമാണ്. ശശി തരൂരും കോൺഗ്രസ് നേതൃത്വവും തമ്മിലുള്ള ഭിന്നത രൂക്ഷമാണ്.
ഡൽഹിയിൽ രാഹുൽ ഗാന്ധിയുമായി കൊമ്പുകോർക്കുന്ന തരൂർ കോളത്തിൽ കെ സുധാകരനുമായി പലവട്ടം കൊമ്പുകോർത്തിട്ടുണ്ട്. തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരണത്തിൽ തരൂർ നിൽക്കുന്നത് നരേന്ദ്ര മോദിക്ക് ഒപ്പമാണ്. കരൺ അദാനിയുമായുള്ള ബന്ധമാണ് ഇതിന് പിന്നിലെന്ന് കോൺഗ്രസ് നേതൃത്വം കരുതുന്നത്. തരൂരിന്റെ ഭാര്യയുടെ മരണവുമായി ബന്ധപ്പെട്ട് ബി ജെ പി സ്വീകരിക്കുന്ന തണുപ്പൻ നീക്കം അദാനി കുടുംബത്തിന്റെ ഇടപെടൽ വഴി സംഭവിച്ചതെന്നാണ് കോൺഗ്രസ് കരുതുന്നത്. വിമാനത്താവള വിഷയത്തിൽ സംസ്ഥാന കോൺഗ്രസ് തൂരിനെ തള്ളിയിരുന്നു.നരേന്ദ്ര മോദിയുമായി തരൂരിന് നല്ല ബന്ധമുണ്ടെന്ന് കോൺഗ്രസ് നേതൃത്വം കരുതുന്നു. കരൺ അദാനി തിരുവനന്തപുരത്ത്എത്തുമ്പോൾ തരൂരിൻ്റെ അതിഥിയാകുന്നതു പതിവാണ്.
കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച് തോറ്റ തരൂർ പാർട്ടിയിലില്ലാത്തതു പോലെയാണ് ഇപ്പോഴും.. ജ്യോതി രാജസിന്ധ്യ മുതൽ ഗലാം നബി ആസാദ് വരെയുള്ള നേതാക്കൾ പുറത്തു പോയത് തരൂരിന് നന്നായി അറിയാം.ബി ജെ പിയുടെ ലക്ഷ്യം കോൺഗ്രസിനുള്ളിൽ കലഹം ഉണ്ടാക്കുക എന്നത് മാത്രമായിരിക്കും. സീനിയർ നേതാക്കൾ ഓരോരുത്തരായി പുറത്തു പോയി ബിജെപി പാളയത്തിൽ ചേക്കേറുന്നത് കോൺഗ്രസ് നേതൃത്വം കണ്ടിട്ടും പ്രതികരിക്കാതിരിക്കുന്നത് അതുകൊണ്ടാണ്. പോകുന്നവരെല്ലാം പോകട്ടെ എന്ന നിലപാടാണ് ഹൈകമാൻറിനുള്ളത്.തരൂരിൻ്റെ പോക്കും അവർ കണക്കുകൂട്ടുന്നു.തരൂർ പോയാൽ തിരുവനന്തപുരം സീറ്റ് കിട്ടുമല്ലോ എന്ന പ്രതീക്ഷയിലാണ് കോൺഗ്രസ് നേതാക്കൾ.
ദേശീയ നേതാക്കളെയെല്ലാം അടർത്തിമാറ്റി കോൺഗ്രസിനെ ദുർബലപ്പെടുത്തുക എന്ന നീക്കമാണ് ബി ജെ പി നടത്തുന്നത്.തരൂരിൻെറ പ്രതിച്ഛായ മുതലാക്കി അദ്ദേഹത്തെ കേന്ദ്ര കാബിനറ്റ് മന്ത്രിയാക്കാൻ മോദിക്ക് താത്പര്യമുണ്ട്.ഇക്കാലമത്രയും തരൂർ ജയിച്ചിട്ടുള്ളത് കോൺഗ്രസ് പിന്തുണയോടെയല്ല.എന്നാൽ കോൺഗ്രസ് നേതാക്കളുടെയും പ്രവർത്തക തടയും വോട്ടുകളിൽ ഭിന്നിപ്പുണ്ടാക്കാൻ തരൂരിന് തീർച്ചയായും കഴിയും. അതു കൊണ്ടു തന്നെ ബി ജെ പി സ്ഥാനാർത്ഥിയായി രാജീവ് ചന്ദ്ര ശേഖർ തരൂരിന്റെ പിന്തുണയോടെ മത്സരിച്ചാൽ വിജയം സുനിച്ഛിതമാണെന്ന് ബി ജെ പി കരുതുന്നു. അതായത് തരൂരിന്റെ തീരുമാനമാണ് ശരി. അറബി കടലിലായ കോൺഗ്രസിൽ നിന്നിട്ട് ഒരു കാര്യവുമില്ലെന്ന് അദ്ദേഹം തിരിച്ചറിഞ്ഞിരിക്കുന്നു. രാജീവ് തലസ്ഥാനത്ത് നിന്നും എം.പിയായാൽ അത് കേരളത്തെ പൂർണമായി സഹായിക്കുമെന്ന് നാട്ടുകാർക്കറിയാം.
https://www.facebook.com/Malayalivartha


























