സുപ്രിയ സുളെ മഹാരാഷ്ട്ര മുഖ്യമന്ത്രിയാകുമോ? മകൾക്കായി ബിജെപിയുമായി നേരിട്ട് ചർച്ച നടത്തി ശരദ് പവാർ, നിർണായക രാഷ്ട്രീയ നീക്കം

മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുന്ന നീക്കങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്നാണ് സൂചന. ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപി (എസ്പി) വിഭാഗത്തിന് മഹാരാഷ്ട്ര സർക്കാരിൽ നിർണായക പങ്കാളിത്തം നൽകാൻ ബിജെപി ശ്രമിക്കുന്നതായാണ് വിവരം. ധനകാര്യ വകുപ്പ് ഉൾപ്പെടെയുള്ള പ്രധാന സ്ഥാനങ്ങൾ വാഗ്ദാനം ചെയ്തതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇതിലും വലിയ രാഷ്ട്രീയ ആവശ്യമാണ് ശരദ് പവാർ മുന്നോട്ടുവച്ചതെന്നാണ് സൂചന. മകൾ സുപ്രിയ സുളെയ്ക്ക് മഹാരാഷ്ട്ര മുഖ്യമന്ത്രി പദം നൽകണമെന്നാണ് ആവശ്യമെന്നാണ് റിപ്പോർട്ടുകൾ.
പകരമായി പാർലമെന്റിൽ മണ്ഡല പുനർനിർണയ, വനിതാ സംവരണ ബില്ലുകൾക്ക് പിന്തുണ നൽകുന്നതും എൻഡിഎയുടെ ഭാഗമാകുന്നതുമാണ് ചർച്ചകളിലെ പ്രധാന വിഷയങ്ങളെന്നാണ് വിവരം. എൻസിപിയുടെ ഇരുവിഭാഗങ്ങളെയും വീണ്ടും ഒന്നിപ്പിക്കാനുള്ള നീക്കങ്ങൾക്കും ഇതിലൂടെ വേഗം കൂടിയേക്കും. ബിജെപിക്കെതിരായ പരസ്യ രാഷ്ട്രീയ പോരാട്ടങ്ങൾ തൽക്കാലം ഒഴിവാക്കാൻ പാർട്ടി നേതാക്കൾക്ക് നിർദേശം നൽകിയതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഈ ചർച്ചകൾ അന്തിമ ധാരണയിലെത്തിയിട്ടില്ല. ഔദ്യോഗിക പ്രഖ്യാപനവും ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ സുപ്രിയ സുളെ മഹാരാഷ്ട്രയുടെ അടുത്ത മുഖ്യമന്ത്രിയാകുമെന്നത് ഇപ്പോൾ അഭ്യൂഹം മാത്രമാണ്.
https://www.facebook.com/Malayalivartha


























