കേരളത്തില്‍ വീണ്ടും നിപ സ്ഥിരീകരിച്ചു: മലപ്പുറം വളാഞ്ചേരി സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്

മലപ്പുറം വളാഞ്ചേരി സ്വദേശിയായ 42കാരിക്ക് നിപ സ്ഥിരീകരിച്ചു. ഇവര്‍ ഇപ്പോള്‍ പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. പുനെ വൈറോളജി ലാബില്‍ നിന്നുള്ള ഫലം പോസിറ്റീവായി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പനി, ചുമ, ശ്വാസതടസം തുടങ്ങിയ രോഗ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നതിനെ തുടര്‍ന്നാണ് സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചത്. എവിടെ നിന്നാണ് രോഗം ലഭിച്ചതെന്ന് വ്യക്തമല്ല. ഇവരുടെ വീട്ടില്‍ രണ്ട് പേര്‍ക്ക് പനിയുണ്ടായിരുന്നുവെന്നാണ് വിവരം.
ലോകാരോഗ്യ സംഘടനയുടെ നിര്‍വചന പ്രകാരം മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്കും തിരിച്ചും പകരുന്ന (Zoonotic ) വൈറസ് രോഗമാണ് നിപ. ലോകത്ത് നിപ ആദ്യം സ്ഥിരീകരിച്ചത് മലേഷ്യയിലാണെന്നാണ് റിപ്പോര്‍ട്ട്. പന്നികളില്‍ നിന്നാണ് മലേഷ്യയില്‍ വൈറസ് പകര്‍ന്നത്. പിന്നീട് ബംഗ്ലാദേശിലും ഇന്ത്യയിലും രോഗം സ്ഥിരീകരിച്ചു. രണ്ട് രാജ്യങ്ങളിലും രോഗം ബാധിച്ച വവ്വാലുകളുടെ മൂത്രമോ ഉമിനീരോ കലര്‍ന്ന പഴങ്ങള്‍ ഭക്ഷിച്ചതിലൂടെയാണ് പടര്‍ന്നതെന്നാണ് നിഗമനം. പാരാമിക്സോ വൈറിഡേ ആണ് ഫാമിലി.
വൈറസ് ബാധിച്ച് അഞ്ച് മുതല്‍ 14 ദിവസത്തിന് ശേഷമായിരിക്കും ലക്ഷണങ്ങള്‍ തുടങ്ങുക. പനിയും തലവേദനയും തലകറക്കവും ബോധക്ഷയവും പ്രധാന ലക്ഷണങ്ങള്‍. ചുമ, വയറുവേദന, മനംപിരട്ടല്‍, ഛര്‍ദി, ക്ഷീണം, കാഴ്ച മങ്ങല്‍ തുടങ്ങിയവയും ഉണ്ടാവാം.
അതിവേഗം പടരാന്‍ സാദ്ധ്യത. പഴംതീനി വവ്വാലുകള്‍ പ്രധാന വാഹകരാണ്. പന്നികളില്‍ നിന്നും വവ്വാലുകളില്‍ നിന്നും രോഗം പടരും. നേരത്തെ കേരളത്തില്‍ നിപ പടര്‍ന്നത് വവ്വാലുകളില്‍ നിന്നാണെന്ന് സ്ഥിരീകരിച്ചിരുന്നു.
https://www.facebook.com/Malayalivartha