എസ്എസ്എല്‍സി പരീക്ഷാഫലം നാളെ വൈകിട്ട് മൂന്നുമണിക്ക്

ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും. നാളെ വൈകിട്ട് മൂന്ന് മണിക്ക് മന്ത്രി വി. ശിവന്‍കുട്ടിയാണ് ഫലപ്രഖ്യാപനം നടത്തുക. തിരുവനന്തപുരത്ത് പിആര്‍ഡി ചേമ്പറില്‍ വര്‍ത്താ സമ്മേളനം നടത്തിയാണ് ഫലം പ്രഖ്യാപിക്കുക. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അടക്കമുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കും. മന്ത്രിയുടെ ഫലപ്രഖ്യാപനം കഴിഞ്ഞ് നാലുമണിയോടെ വിദ്യാര്‍ഥികള്‍ക്ക് ഫലം പരിശോധിക്കുവാന്‍ കഴിയും.
ഇതിനുപുറമെ പിആര്‍ഡി വെബ്‌സൈറ്റ് വഴിയും ഡിജി ലോക്കര്‍ വഴിയും ഫലം ലഭ്യമാകും. ടിഎച്ച്എസ്എല്‍സി, എഎച്ച്എസ്എല്‍സി എന്നിവയുടെ ഫലവും ഇതോടൊപ്പം പ്രസിദ്ധീകരിക്കും. കേരളത്തിലെ 2964 ഉം ലക്ഷദ്വീപിലെ ഒമ്പതും ഗള്‍ഫിലെ ഏഴും പരീക്ഷ കേന്ദ്രങ്ങളിലായി 427021 പേരാണ് ഇത്തവണ എസ്എസ്എല്‍സി പരീക്ഷ എഴുതിയത്.
പ്ലസ് വണ്‍ അലോട്ട്മെന്റ്:-
ജൂണ്‍ 18ന് പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കും.
ട്രയല്‍ അലോട്ട്മെന്റ് തീയതി : മേയ് 24
ആദ്യ അലോട്ട്മെന്റ് തീയതി : ജൂണ്‍ രണ്ട്
രണ്ടാം അലോട്ട്മെന്റ് തീയതി : ജൂണ്‍ 10
മൂന്നാം അലോട്ട്മെന്റ് തീയതി : ജൂണ്‍ 16
മുഖ്യ ഘട്ടത്തിലെ മൂന്ന് അലോട്ട്മെന്റുകളിലൂടെ ഭൂരിഭാഗം സീറ്റുകളില്‍ പ്രവേശനം ഉറപ്പാക്കി 2025 ജൂണ്‍ 18ന് പ്ലസ് വണ്‍ ക്ലാസ്സുകള്‍ ആരംഭിക്കുന്നതാണ്. മുന്‍ വര്‍ഷം ക്ലാസുകള്‍ ആരംഭിച്ചത് ജൂണ്‍ 24ന് ആയിരുന്നു. മുഖ്യഘട്ടം കഴിഞ്ഞാല്‍ പുതിയ അപേക്ഷകള്‍ ക്ഷണിച്ച് സപ്ലിമെന്ററി അലോട്ട്മെന്റുകളിലൂടെ ശേഷിക്കുന്ന ഒഴിവുകള്‍ നികത്തി 2025 ജൂലൈ 23ന് പ്രവേശന നടപടികള്‍ അവസാനിപ്പിക്കുന്നതായിരിക്കും.
പട്ടിക ജാതി വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ആറ് (6) മോഡല്‍ റെസിഡെന്‍ഷ്യല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളുകളിലെ പ്രവേശനം ഈ വര്‍ഷം മുതല്‍ ഏകജാലക സംവിധാനത്തിലൂടെ ആയിരിക്കും. പ്രസ്തുത സ്‌കൂളുകളിലേയ്ക്ക് ഒറ്റ അപേക്ഷ ഓണ്‍ലൈനായി സ്വീകരിച്ച് നിര്‍ദ്ദിഷ്ട പ്രവേശന ഷെഡ്യൂള്‍ പ്രകാരം അലോട്ട്മെന്റ് പ്രക്രിയയിലൂടെ പ്രവേശനം സാദ്ധ്യമാക്കുന്നതാണ്. ഹയര്‍ സെക്കന്‍ണ്ടറി പ്രവേശനത്തിന് വേണ്ടിയുള്ള പ്രോസ്പെക്ടസ് പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച് ഉത്തരവായിട്ടുണ്ട്. ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പ്രോസ്പെക്ടസുകള്‍ ഒന്നിച്ച് പ്രസിദ്ധീകരിക്കുന്നതാണെന്നും അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha