കണ്ണൂര്‍ തളിപ്പറമ്പ് കുപ്പത്തും കാസര്‍കോടും ദേശീയപാതയില്‍ വീണ്ടും മണ്ണിടിഞ്ഞു

പുതുതായി പണി നടക്കുന്ന ദേശീയപാത 66നോട് ചേര്‍ന്ന് കണ്ണൂരും കാസര്‍കോടും മണ്ണിടിച്ചില്‍. കണ്ണൂരില്‍ തളിപ്പറമ്പ് കുപ്പത്താണ് വീണ്ടും മണ്ണിടിഞ്ഞത്. ഇന്ന് രണ്ട് തവണ ഇവിടെ മണ്ണിടിഞ്ഞു. വാഹനങ്ങള്‍ കടന്നുപോകുന്ന സമയത്ത് തന്നെയാണ് അപകടമുണ്ടായത്. രാവിലെയും ഉച്ചയ്ക്കുമാണ് ഇവിടെ മണ്ണിടിച്ചില്‍ ഉണ്ടായത്. സംഭവത്തിന് പിന്നാലെ പ്രദേശവാസികളും നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തി. ജില്ലാ കളക്ടര്‍ ഇതുവരെ മണ്ണിടിഞ്ഞ പ്രദേശം സന്ദര്‍ശിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി നാട്ടുകാര്‍ പ്രതിഷേധിച്ചു. ഇവര്‍ റോഡ് ഉപരോധിച്ചു.
പ്രശ്നമുണ്ടായിട്ടും ദേശീയപാത അതോറിറ്റി അധികൃതര്‍ ഉടന്‍ സ്ഥലത്തെത്തിയില്ല. ദേശീയപാത നിര്‍മ്മാണത്തിന് കുന്നിടിച്ച സ്ഥലത്താണ് ഇന്ന് രണ്ടുവട്ടം മണ്ണിടിഞ്ഞത്. സ്ഥലത്ത് സുരക്ഷയൊരുക്കും വരെ പ്രതിഷേധിക്കുമെന്നാണ് നാട്ടുകാരുടെ നിലപാട്. സ്ഥലത്ത് വീടുകളുള്ളവര്‍ മഴ പെയ്യുമ്പോഴുള്ള ചെളിയും വെള്ളവും വീട്ടില്‍ എത്തിയതിനെ തുടര്‍ന്ന് വിഷമിക്കുകയാണ്.വെള്ളം ഒഴുകിപ്പോകാന്‍ ഇടമില്ലാത്ത അവസ്ഥയാണ്.
കാസര്‍കോട് കാഞ്ഞങ്ങാട് കൂളിയങ്കാവിലാണ് ദേശീയപാതയുടെ അപ്രോച് റോഡ് ഇടിഞ്ഞത്. ഇത് രണ്ടാം തവണയാണ് ഇവിടെയും റോഡ് ഇടിയുന്നത്. അപ്രോച് റോഡ് ഇനി ഉപയോഗിക്കാന്‍ കഴിയാത്ത വിധം തകര്‍ന്നു. ഇതിനിടെ മലപ്പുറം കൂരിയാട് കഴിഞ്ഞദിവസം ദേശീയപാത 66ന്റെ അപ്രോച്ച് റോഡ് തകര്‍ന്ന സ്ഥലത്ത് ദേശീയ പാത അതോറിറ്റിയുടെ വിദഗ്ദ്ധ സംഘം പരിശോധിച്ചു, ഡോ. അനില്‍ ദീക്ഷിത്ത് (ജയ്പൂര്‍). ഡോ. ജിമ്മി തോമസ് (കൊച്ചി) എന്നിവരുടെ സംഘമാണ് പരിശോധന നടത്തിയത്.
അതേസമയം ദേശീയ പാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഉണ്ടായ അനിഷ്ടസംഭവങ്ങള്‍ തീര്‍ത്തും ദൗര്‍ഭാഗ്യകരമാണെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. വാര്‍ത്തയറിഞ്ഞ ഉടന്‍ ദേശീയ പാത അതോറിറ്റിയെ ബന്ധപ്പെട്ടിരുന്നതായും മന്ത്രി അറിയിച്ചു.
https://www.facebook.com/Malayalivartha