യുവ അഭിഭാഷകയെ മര്‍ദിച്ച കേസ് : ബെയിലിന്‍ ദാസിൻ്റെ ജാമ്യ ഹർജിയിൽ തിങ്കളാഴ്ച ഉത്തരവ് പുറപ്പെടുവിക്കും...

വഞ്ചിയൂർ ജില്ലാ കോടതിയിലെ ജൂനിയര്‍ അഭിഭാഷകയെ മര്‍ദ്ദിച്ച കേസിൻ പ്രതി ബെയിലിന്‍ ദാസിൻ്റെ ജാമ്യ ഹർജിയിൽ തിങ്കളാഴ്ച ഉത്തരവ് പുറപ്പെടുവിക്കും. തിരുവനന്തപുരം പന്ത്രണ്ടാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് സൂസൻ സോണറ്റാണ് ജാമ്യ ഹർജി പരിഗണിച്ചത്. വഞ്ചിയൂർ പോലീസ് സ്റ്റേഷൻ ഫയലിംഗ് കോടതിയായ പതിനൊന്നാം ജുഡിഷ്യൽ മജിസ്ട്രേറ്റ് 17 മുതൽ 19 വരെ അവധിയിൽ പ്രവേശിച്ചതിനാലാണ് ചുമതലയുള്ള ഈ കോടതി ജാമ്യ ഹർജി പരിഗണിച്ചത്.താൻ കേസിനാസ്പദമായ യാതൊരു കുറ്റവും ചെയ്തിട്ടില്ലെന്ന് ജാമ്യ അപേക്ഷയിൽ പ്രതി ബോധിപ്പിച്ചു. യഥാർത്ഥ അക്രമി ജൂനിയർ അഭിഭാഷക ശ്യാമിലിയാണ്. സ്വയരക്ഷക്കായി പ്രതിരോധിച്ചതിൽ വച്ച് ശ്യാമിലിക്ക് പറ്റിയ പരിക്ക് താൻ ചെയ്തതെന്ന് സമർത്ഥിക്കാനാണ് ശ്യാമിലി ശ്രമിക്കുന്നത്.
ശ്യാമിലിയുടെ ആക്രമണത്തിൽ തൻ്റെ കണ്ണിൽ നഖപ്പാടും ശരീര വേദനയും ഉണ്ടാക്കുകയും തൻ്റെ 40000 രൂപ വിലപിടിപ്പുള്ള കണ്ണട അടിച്ചു തകർത്തതായും പ്രതി ഭാഗം വാദിച്ചു. ഓഫീസിലെ രണ്ട് ജൂനിയര്‍ അഭിഭാഷകര്‍ തമ്മില്‍ നടന്ന തര്‍ക്കത്തില്‍ ഇടപെട്ടപ്പോള്‍ സംഭവിച്ചതാണ് മര്‍ദ്ദനം. പ്രതിക്ക് കുടുംബവും മൂന്നു കുട്ടികളുമുണ്ട്. സമൂഹത്തില്‍ മാന്യതയുള്ള വ്യക്തി, ലീഡിങ് വക്കീലാണ് എന്നും വാദിച്ചു.
അതേസമയം ഇരയുടെ രഹസ്യ മൊഴി എടുക്കേണ്ടതുണ്ടന്നും പ്രതിക്ക് അന്വേഷണം പുരോഗമിക്കുന്ന ഈ ഘട്ടത്തിൽ പ്രതിയെ ജാമ്യം നൽകി സ്വതന്ത്രനാക്കിയാൽ തെളിവുകള്‍ നശിപ്പിക്കാനുള്ള സാധ്യതയുണ്ടെന്ന് പറഞ്ഞ പ്രോസിക്യൂഷന്‍ സാക്ഷികളെയും ഇരയെയും പ്രതി സ്വാധീനിക്കാന്‍ ശ്രമിക്കുമെന്നും വാദിച്ചു.
പ്രതിയെ വെള്ളിയാഴ്ച 14 ദിവസത്തേക്ക് റിമാൻ്റ് ചെയ്തിരുന്നു. പതിനൊനാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കെ. ജി. രവിതയാണ് 15 ന് രാത്രി അറസ്റ്റു ചെയ്യപ്പെട്ട് 16 ന് ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തത്.
https://www.facebook.com/Malayalivartha