മന്ത്രി മുഹമ്മദ് റിയാസിനെതിരെ എം.ബി.രാജേഷിന്റെ ചില വിശ്വസ്തർ സമൂഹമാധ്യമം, വഴി പ്രചരണം അഴിച്ചുവിട്ടുവെന്ന വിശ്വാസത്തിലാണ് മുഖ്യമന്ത്രിയും ടൂറിസം മന്ത്രിയും..രാജേഷിനെതിരെ കടുത്ത വൈരാഗ്യത്തിലാണ് മന്ത്രി റിയാസ്..

മുഖ്യമന്ത്രിയും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി.രാജേഷും തമ്മിൽ കടുത്ത അഭിപ്രായ ഭിന്നത ഉടലെടുക്കുന്നു. മന്ത്രി മുഹമ്മദ് റിയാസിനെതിരെ എം.ബി.രാജേഷിന്റെ ചില വിശ്വസ്തർ സമൂഹമാധ്യമം വഴി പ്രചരണം അഴിച്ചുവിട്ടുവെന്ന വിശ്വാസത്തിലാണ് മുഖ്യമന്ത്രിയും ടൂറിസം മന്ത്രിയും. പിണറായിയുടെ കാബിനറ്റിൽ യുവരക്തങ്ങൾ തമ്മിൽ കശപിശ മുറുകുമ്പോൾ നിസഹായനായി നോക്കി നിൽക്കുകയാണ് മുഖ്യമന്ത്രി.എന്നാൽ രാജേഷിനെതിരെ കടുത്ത വൈരാഗ്യത്തിലാണ് മന്ത്രി റിയാസ്.
തിരുവനന്തപുരത്തെ സ്മാര്‍ട് റോഡ് ഉദ്ഘാടന ചടങ്ങിൽ നിന്ന് മുഖ്യമന്ത്രി പിൻമാറിയത് തദ്ദേശ, പൊതുമരാമത്ത് വകുപ്പു മന്ത്രിമാർ തമ്മിലെ വടംവലിയെ തുടര്‍ന്നാണ്. . പണം ചെലവഴിച്ച തദ്ദേശ ഭരണ വകുപ്പിനെ പൂര്‍ണ്ണമായും ഒഴിവാക്കി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് പദ്ധതിയുടെ ക്രെഡിറ്റ് അടിച്ചെടുക്കാൻ ശ്രമിച്ചതാണ് തര്‍ക്കത്തിനിടയാക്കിയത്. ഇക്കാര്യത്തിൽ അതൃപ്തി തദ്ദേശ മന്ത്രി നേരിട്ട് അറിയിച്ചതോടെ ഉദ്ഘാടന ചടങ്ങിൽ നിന്ന് മുഖ്യമന്ത്രി വിട്ടു നിൽക്കുകയായിരുന്നു.മുഖ്യമന്ത്രിയെ നേരിൽ കണ്ട് റിയാസിനെതീരെ സംസാരിക്കാൻ രാജേഷ് ചങ്കൂറ്റം കാണിച്ചു. ഇത് പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദന്റെ ആശീർവാദത്തോടെയാണെന്നാണ് വിവരം.
ആറര വര്‍ഷത്തെ ദുരിതത്തിനൊടുവിലാണ് തലസ്ഥാന റോഡുകൾ സ്മാര്‍ട്ടായത്. പൊതുമരാമത്ത് മന്ത്രിയുടെയും മുഖ്യമന്ത്രിയുടേയും ഫ്ലക്സുകളും വീഡിയോ വാളും എല്ലാമായി തലസ്ഥാന നഗരത്തിലാകെ നടന്നത് കാടടച്ച പ്രചാരണം നടന്നു. പദ്ധതി കേന്ദ്രത്തിന്‍റേതാണെങ്കിലും പണം മുടക്കുന്നത് സംസ്ഥാന സര്‍ക്കാരും തദ്ദേശ സ്ഥാപനവും സംയുക്തമായാണ്. 200 കോടി ചെലവിൽ റോഡ് പണിതപ്പോൾ 80 കോടി കേന്ദ്ര സര്‍ക്കാര്‍ ഫണ്ട്. ബാക്കി 80 കോടി പോയത് തദ്ദേശ ഭരണ അക്കൗണ്ടിൽ നിന്നായിരുന്നു. നാൽപത് കോടി കോര്‍പറേഷനും ചെലവാക്കി. കാര്യം ഇങ്ങനെ ഇരിക്കെ പത്ത് പൈസ പോലും ചെലവാക്കാത്ത പൊതുമരാമത്ത് വകുപ്പ് പദ്ധതിയുടെ ക്രഡിറ്റ് അടിച്ചതിലെ കടുത്ത വിയോജിപ്പ് തദ്ദേശ മന്ത്രി എംബി രാജേഷ് നേരിട്ട് മുഖ്യമന്ത്രിയെ അറിയിച്ചെന്നാണ് വിവരം.
പരിശോധിക്കാമെന്ന് മറുപടി നൽകിയ മുഖ്യമന്ത്രി പരിപാടി റദ്ദാക്കി ക്ലിഫ് ഹൗസിലേക്ക് പോയി. ചെറിയ ജലദോഷത്തെ തുടര്‍ന്ന് വിശ്രമമെന്നായിരുന്നു മുഖ്യമന്ത്രിയോട് അടുത്ത വൃത്തങ്ങൾ വിശദീകരിച്ചത്. എന്നാൽ ഉദ്ഘാടന ദിവസം ഉച്ചവരെയും അടുത്ത ദിവസം രാവിലെ മുതൽ നിശ്ചയിച്ച പരിപാടികളിലെല്ലാം മുഖ്യമന്ത്രി പങ്കെടുക്കുകയും ചെയ്തിരുന്നു. മുഖ്യമന്ത്രിയുമായുള്ള അടുപ്പത്തിന്‍റെ പേരിൽ മന്ത്രി മുഹമ്മദ് റിയാസിന് പാര്‍ട്ടിയിലും സര്‍ക്കാരിലും പരിഗണന കിട്ടുന്നെന്ന ആക്ഷേപം മുതിര്‍ന്ന നേതാക്കൾ പലര്‍ക്കുമുണ്ട്. വ്യവസായ വകുപ്പിന്‍റെ പദ്ധതി ഏകപക്ഷീയമായി ടൂറിസം വകുപ്പ് ഫയലാക്കിയതിലെ അമര്‍ഷം ഇതിന് മുൻപ് മന്ത്രി പി രാജീവും മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നാണ് വിവരം.
അര്‍ഹിക്കുന്ന പരിഗണന തദ്ദേശ വകുപ്പിനോ കോര്‍പറേഷനോ നൽകാതെ സ്മാര്‍ട് റോഡ് ഉദ്ഘാടന ചടങ്ങ് പൊതുമരാമത്ത് മന്ത്രി ഏറ്റെടുത്തതിൽ വ്യാപക എതിര്‍പ്പ് പുകയുന്നുണ്ട്. സ്മാര്‍ട് റോഡ് കടന്ന് പോകുന്ന മണ്ഡലങ്ങളിലെ ജനപ്രതിനിധികൾ എല്ലാം പങ്കെടുത്ത ഉദ്ഘാടന ചടങ്ങിൽ കരാറുകാരന്‍റെ പിടിപ്പുകേടിൽ പൊതുമരാമത്ത് മന്ത്രിയുമായി കൊമ്പ് കോര്‍ത്ത കടകംപള്ളി സുരേന്ദ്രന്‍റെ അസാന്നിധ്യത്തിനുമുണ്ട് രാഷ്ട്രീയ പ്രസക്തി. സ്മാർട് റോഡ് ഉദ്ഘാടന വിവാദവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാർത്ത മുഖ്യമന്ത്രിയുടെ ഓഫീസ് നിഷേധിച്ചു. മുഖ്യമന്ത്രി ഉദ്ഘാടനത്തിൽ നിന്ന് മാറിയത് ആരോഗ്യ കാരണങ്ങളാലാണെന്ന് കുറിപ്പിൽ പറയുന്നു. വാർത്തകൾ വാസ്തവ വിരുദ്ധമാണെന്നും കുറിപ്പിൽ വ്യക്തമാക്കി.
മെയ് 16ന് മുഖ്യമന്ത്രി ആരോഗ്യപരമായ കാരണങ്ങളാൽ ഉച്ചക്ക് ശേഷമുള്ള മൂന്ന് പരിപാടികൾ റദ്ദാക്കിയിരുന്നു. കാലവർഷ മുൻകരുതലുമായി ബന്ധപ്പെട്ട് വിളിച്ച പുനരവലോകന യോഗവും റോഡ് ഉദ്‌ഘാടനവും സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ പരിപാടിയുമാണ് ഇവ. ഇക്കാര്യം വിവിധ മാധ്യമങ്ങൾ അന്ന് റിപ്പോർട്ട് ചെയ്തതുമാണ്. എന്നാൽ പിന്നീട് മറ്റെന്തോ കാരണങ്ങൾ കൊണ്ടാണ് റോഡ് ഉദ്‌ഘാടന പരിപാടിയിൽ മാത്രം പങ്കെടുക്കാത്തത് എന്ന രീതിയിൽ വാർത്തകൾ പ്രചരിപ്പിക്കുന്നത് സംസ്ഥാന സർക്കാരിന്റെ നാലാം വാർഷിക പരിപാടി വിജയകരമായി മുന്നേറുമ്പോൾ അതിൻ്റെ ശോഭ കെടുത്താനുള്ള രാഷ്ട്രീയ ലക്ഷ്യത്തിന്റെ ഭാഗമാണ്. മുഖ്യമന്ത്രിയുടെ ഓഫീസുമായോ മുഖ്യമന്ത്രിയുമായോ യാതൊരു തരത്തിലുള്ള അന്വേഷണവും നടത്താതെയാണ് ഇത്തരം വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതെന്നും കുറിപ്പിൽ പറയുന്നു.
ഇത് റിയാസിനെ രക്ഷിക്കാനുള്ള വാർത്തക്കുറിപ്പാണെന്ന് എല്ലാവർക്കുമറിയാം.സർക്കാരിൽ മുഹമ്മദ് റിയാസിന്റെ അവസ്ഥ കൂടുതൽ പരിതാപകരമാവുകയാണ്. മുമ്പും റിയാസിനെതിരെ പരസ്യമായ ആക്രമണം സി പി എം തലത്തിൽ നടക്കുന്നുണ്ട്. സർക്കാർ തലത്തിലും അതിക്രമം നടക്കുന്നുണ്ട്. പിണറായി മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും പുറത്തായാൽ റിയാസിന്റെ കാര്യത്തിൽ പന്തികേടുണ്ടാവും. മന്ത്രി പി രാജീവും കെ. എൻ. ബാലഗോപാലുമൊക്കെ റിയാസിന്റെ ഇടപെടലിൽ അതൃപ്തരാണ്. എന്നാൽ ബാലഗോപാൽ സാധാരണ ഗതിയിൽ ആരെയും പരസ്യമായി വിമർശിക്കാറില്ല.
രാജേഷിന്റെതും സമാന രീതി തന്നെയാണ്. എന്നാൽ ഇക്കുറി രാജേഷിന്റെ തന്നെ ചില വിശ്വസ്തർ വിവരം ചോർത്തി. ഇതിലാണ് മുഖ്യമന്ത്രിക്ക് പരിഭവം. രാജേഷിന്റെ പരാതിക്ക് താൻ ചെവികൊടുത്തതാണെന്നും അതിന്റെ അടിസ്ഥാനത്തിലാണ് താൻ പരിപാടിക്ക് പോകാതിരുന്നെതെന്നും മുഖ്യമന്ത്രി പറയുന്നു. എന്നിട്ടും തന്റെ അസാനിധ്യം വാർത്തയായതിലാണ് പിണറായിക്ക് വിഷമം. രാജേഷും താനും തമ്മിൽ നടന്ന സംഭാഷണം അതീവരഹസ്യമായിരുന്നുവെന്നും രാജേഷോ താനോ പറയാതെ അക്കാര്യംപുറത്തറിയില്ലെന്നുമാണ് മുഖ്യന്റെ നിലപാട്. ഇതു കൂടാതെ മന്ത്രി മൂഹമ്മദ് റിയാസിന്റെ തിരുക്കും മുഖ്യമന്ത്രിക്ക് ഏറ്റു. തന്റെ കാലം കഴിഞ്ഞാൽ റിയാസിന്റെ ഭാവി അപകടത്തിലാകുമെന്ന് പിണറായിക്കറിയാം.
മന്ത്രി മുഹമ്മദ് റിയാസിനെതിരെ സി പി എമ്മിൽ പടയൊരുക്കം തുടങ്ങിയിട്ട് കുറച്ചു നാളായി.. മുഹമ്മദ് റിയാസിൻെറ ശരീരഭാഷക്ക് എന്തോ പ്രശ്നമുണ്ടെന്നാണ് സി പി എമ്മിലെ പിണറായി വിരുദ്ധർ പറയുന്നത്. ഏറ്റവുമൊടുവിൽ മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരായ വിമർശനം മന്ത്രി തിരുത്തിയത് സ്ഥിതിഗതികൾ ശരിക്കും മനസിലാക്കിയ മുഖ്യമന്ത്രിയുടെ നിർദ്ദേശാനുസരണമാണ്. മുമ്പ് കേന്ദ്ര മന്ത്രി നിധിൻ ഗഡ്ഗരിയെ വിമർശിച്ച് മന്ത്രി റിയാസ് രംഗത്തെത്തിയപ്പോഴും മുഖ്യമന്ത്രി ഇടപെട്ട് തിരുത്തി. തലസ്ഥാന നഗരത്തിൽ നടക്കുന്ന റോഡ് പണി സംബന്ധിച്ച വിവാദത്തിൽ വിമര്‍ശിച്ചത് മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനെയല്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. കരാറുകാരനെ പുറത്താക്കിയത് ശരിയായിരുന്നുവെന്ന് കാലം തെളിയിക്കുമെന്നും മുഹമ്മദ് റിയാസ് പ്രതികരിച്ചു.
കരാരുകാരൻ ഉഴപ്പിയപ്പോള്‍ സർക്കാർ ശക്തമായ നിലപാട് സ്വീകരിച്ചു. അല്ലായിരുന്നുവെങ്കിൽ മറിച്ചായേനെ സ്ഥിതിയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. തലസ്ഥാന നഗരത്തിലെ റോഡുകൾ ഗതാഗത യോഗ്യമല്ലാതായിട്ട് മൂന്ന് വര്‍ഷമായി. മൂന്ന് മാസം കൊണ്ട് പണി തീരുമെന്ന് പ്രഖ്യാപിച്ച് കൂട്ടത്തോടെ റോഡ് പൊളിച്ചതോടെ ജനം നട്ടംതിരിയുകയാണ്. ഇതിനെതിരെ വന്‍ വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെയാണ് സ്മാര്‍ട് സിറ്റി, അമൃത് പദ്ധതികളുടെ നടത്തിപ്പ് ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി കോർപ്പറേഷൻ വികസന സമിതി യോഗത്തിൽ കടകംപള്ളി പ്രസംഗിച്ചത്. എന്നാല്‍, ആകാശത്ത് റോഡ് നിര്‍മ്മിക്കാനാകുമോ എന്ന് തിരിച്ച് ചോദിച്ച മന്ത്രി മുഹമ്മദ് റിയാസ് കരാറുകാരനെ പുറത്താക്കിയത് ചിലര്‍ക്ക് പൊള്ളിയെന്നും കൂടി പറഞ്ഞതോടെ വിവാദം കൊഴുത്തു.
സംസ്ഥാന സമിതിയിലെ മുതിര്‍ന്ന നേതാവും മുൻമന്ത്രിയുമായ കടകംപള്ളിയെ കരാറുകാരുമായുള്ള കള്ളക്കളി കൂടി ആരോപിച്ച് പ്രതിസ്ഥാനത്ത് നിര്‍ത്തിയ നടപടി ശരിയായില്ലെന്നാണ് മുഹമ്മദ് റിയാസിനെതിരായ വിമര്‍ശനം. വിവിധ ജില്ലാ കമ്മിറ്റികൾ റിയാസിനെതിരെ രംഗത്തെത്തിയിരുന്നു. തിരുവനന്തപുരം ജില്ലാ കമ്മിറ്റി റിയാസിനെതിരെ രൂക്ഷ വിമർശനം നടത്തിയെന്ന് മാത്രമല്ല കമ്മിറ്റിയിലെ സംഭാഷണങ്ങൾ ചോർത്തി മാധ്യമങ്ങൾക്ക് നൽകുകയും ചെയ്തു. മാധ്യമങ്ങൾ അതീവ പ്രാധാന്യത്തോടെ ഇത് പ്രസിദ്ധീകരിച്ചപ്പോഴാണ് സി.എം അപകടം മനസിലാക്കിയത്. താൻ സി പി എം എന്ന വലിയ ബഹുജന പാർട്ടിയുടെ ഒരു വിനീതനായ പ്രതിനിധിയാണെന്ന കാര്യം നിർഭാഗ്യവശാൽ റിയാസ് മറന്നു പോയിരുന്നു.
എം.വി.ആറിനെയും ഗൗരിയമ്മയെയും നിഷ്കരുണം പുറത്താക്കിയ പാർട്ടിയാണ് ഇത്. അച്ചുതാനന്ദനെ ഒതുക്കി ഒരു മൂലക്ക് ഇരുത്തി നിശബ്ദനാക്കിയ പാർട്ടിയാണ് ഇത്. നാളെ പിണറായി പുറത്തു പോലും ഇവർക്ക് സംഭവിച്ചതിൽ കൂടതലൊന്നും പിണറായിക്ക് സംഭവിക്കുകയില്ല. അക്കാര്യം പിണറായിക്ക് നന്നായി അറിയാം. തോമസ് ഐസക്ക് മുതൽ കടകംപള്ളി വരെ ഒരു കൂട്ടം നേതാക്കൾക്ക് ഇച്ഛാഭംഗമുണ്ട്. അവരെ പിണറായി ഒതുക്കിയതിൽ അവർ ദു:ഖാകുലരാണ്. പിണറായിയുടെ അടി പതറാൻ അവർ കാത്തിരിക്കുകയാണ്. അപ്പോഴാണ് റിയാസിൻ്റെ വക ചവിട്ടുനാടകം. റിയാസിനെ ഒതുക്കിയാൽ ചോദിക്കാനും പറയാനും പോലും ആരും കാണില്ല. അക്കാര്യം റിയാസ് മറന്നു. ഇതാണ് മുഖ്യമന്ത്രി ഓർമ്മിപ്പിച്ചത്. കടകംപള്ളിയെ പോലെ വി.ശിവൻകുട്ടിയെ മലർത്തിയടിക്കാൻ കഴിയുന്ന നേതാക്കൾക്ക് സത്യത്തിൽ റിയാസ് ഒരു ചുള്ളിക്കമ്പ് മാത്രമാണ്.
ഭാര്യ വീണ ഉണ്ടാക്കിയ പുകിലുകൾ റിയാസിന് വിനയായി മാറി കൊണ്ടിരിക്കെയാണ് കടകംപള്ളിയുടെ ക്വട്ടേഷനും അപകടകരമായി മാറിയത്. ഇതിലെ അപകടം ആദ്യം തിരിച്ചറിഞ്ഞത് മുഖ്യമന്ത്രിയാണ്. അനാവശ്യമായി വിവാദം ഉണ്ടാക്കരുതെന്നാണ് റിയാസിന് നൽകിയ ഉപദേശം. വിവാദങ്ങൾ കണ്ട് കൈയടിക്കുന്നവർ പിന്നീട് തിരിഞ്ഞു നോക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. തനിക്കെതിരെ വിവാദങ്ങൾ പെറ്റു പെരുകിയിട്ടും മുഖ്യമന്ത്രി മിണ്ടാത്തത് ബുദ്ധിപരമായ നീക്കമാണ്. റിയാസിൻെറ നിയമനത്തെ ഇന്നും പ്രതിപക്ഷവും ഭരണപക്ഷത്തിലെ ചിലരും വിശേഷിപ്പിക്കുന്നത് മാനേജ്മെൻറ് സീറ്റ് എന്നാണ് . റിയാസ് മികച്ച രീതിയിൽ പൊതുമരാമത്ത് വകുപ്പ് ഭരിച്ചിട്ടും യാതൊരു പ്രയോജനവും അദ്ദേഹത്തിന് ലഭിക്കുന്നില്ല. അമ്മാവനും ഭാര്യയും ചേർന്നുണ്ടാക്കുന്ന വിവാദങ്ങളിൽ റിയാസിന്റെ പ്രവർത്തനങ്ങൾ അസ്തമിക്കുന്നു,.
ഭരണ വിരുദ്ധ വികാരം മാധ്യമങ്ങൾ റിയാസിനോടും പ്രയോഗിക്കുന്നു. കഴിഞ്ഞ കുറെ നാളുകളായി റിയാസ് റസ്റ്റ് ഹൗസ്, റോഡ് നിരീക്ഷണങ്ങൾ നടത്താറില്ല. ഫേസ്ബുക്ക് ലൈവും കുറവാണ്. പൊതുമരാമത്ത് വകുപ്പിൽ വേണ്ടത്ര സ്വാധീനം മന്ത്രിക്കില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞുതുടങ്ങി. പഴയതിനേക്കാൾ ഭംഗിയായി പൊതുമരാമത്ത് വകുപ്പിൽ അഴിമതിയുടെ കളമൊരുങ്ങുന്നു. ജി . സുധാകരൻ മന്ത്രിയായിരുന്ന കാലത്ത് ഒട്ടുമുക്കാൽ പേർക്കും മന്ത്രിയെ ഭയമായിരുന്നു . എന്നാൽ ഇന്ന് മന്ത്രി റിയാസിനെ ആരും ഗൗരവമായി എടുക്കുന്നില്ല. ഇതിനിടയിലാണ് വീൺ വാക്കുകൾ സൃഷ്ടിക്കുന്ന വിവാദങ്ങൾ. മന്ത്രിയെ ആരും നിയന്ത്രിക്കുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്.
മുഖ്യമന്ത്രിയുമായുള്ള ബന്ധുത്വം കാരണം മന്ത്രിയെ ഉദ്യോഗസ്ഥർക്ക് ഭയമാണ്. പൊതുമരാമത്ത് വകുപ്പിനെതിരെ നാടുനീളെ ആക്ഷേപങ്ങളാണ്. കേരളത്തിൽ എമ്പാടും റോഡ് പൊളിഞ്ഞു കിടക്കുന്നു. ദേശീയപാതയിലെ നിർമ്മാണ പ്രവർത്തനങ്ങൾ മുന്നേറുന്നതിനിടയിലാണ് സാധാരണ റോഡുകൾ തകർന്നു തരിപ്പണമായത്. സാമ്പത്തിക ഞെരുക്കങ്ങളും റിയാസിൻ്റെ വകുപ്പിനെ ദോഷകരമായി ബാധിക്കുന്നുണ്ട്. ധനമന്ത്രി കെ. എൻ. ബാലഗോപാലിൻ്റെ അവഗണന നേരിടുന്ന വകുപ്പുകളിൽ ഒന്നായി പൊതുമരാമത്ത് വകുപ്പ് മാറിയിരിക്കുന്നു. ബാലഗോപാലിന് റിയാസിനെ ഭയമൊന്നുമില്ല. ധനമന്ത്രാലയം എല്ലാ വകുപ്പുകൾക്കും ശത്രുവായതു പോലെ പൊതുമരാമത്ത് വകുപ്പിനും ശത്രുവാകുന്നു. മുഹമ്മദ് റിയാസിന് സ്ഥിരം അബദ്ധം പറ്റാറുണ്ട്. അപ്പോഴെല്ലാം അമ്മാവനായ മുഖ്യമന്ത്രി ഇടപെട്ട് റിയാസിനെ തിരുത്താറുണ്ട്. അപ്പോഴേക്കും സമയം വൈകും. .
കോണ്‍ഗ്രസിന്‍റെ പലസ്തീന്‍ റാലിക്ക് അനുമതി നിഷേധിച്ചാണ് മന്ത്രി റിയാസിന് മറ്റൊരു അബദ്ധം പറ്റിയത്. കോൺഗ്രസ് ഇത് പരമാവധി മുതലെടുത്തു. റിയാസും സുധാകരനും ചെന്നിത്തലയും സതീശനും തമ്മിൽ വായ് പോരും രൂക്ഷമായി. താൻ ഏത് മതത്തിൽ പെട്ടയാളാണെന്ന കാര്യം റിയാസ് മറന്നു പോയി. ഒടുവിൽ മുഖ്യമന്ത്രി പറഞ്ഞതോടെയാണ് അദ്ദേഹം നിലപാട് മാറ്റിയത്.മുഖ്യമന്ത്രി പിണറായി വിജയന് കേന്ദ്ര സർക്കാരിലുള്ള സ്വാധീനത്തിൻെറ പാമ്പൻ പാലമാണ് ബി ജെ പിയുടെ ദേശീയ നേതാവും ദേശീയപാതാ മന്ത്രിയുമായ നിധിൻ ഗഡ്ഗരി. ലാ വ്ലിൻ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പിണറായിയെ സഹായിക്കുന്നത് നിധിൻ ഗഡ്ഗരിയാണെന്നാണ് പറയപ്പെടുന്നത്.
ഗഡ്ഗരിക്ക് പ്രധാനമന്ത്രിയുമായുള്ള അടുപ്പം വിശ്വ പ്രസിദ്ധമാണ്. നിധിൻ ഗഡ്ഗരി തിരുവനന്തപുരത്ത് വരുമ്പോൾ മുഖ്യമന്ത്രിയുടെ അതിഥിയായി ക്ലിഫ് ഹൗസിൽ എത്താറുണ്ടെന്ന കാര്യം എല്ലാവർക്കും അറിയാം. ഇതാണ് സംഗതിയുടെ കിടപ്പുവശം എന്നിരിക്കെ തികച്ചും അപ്രതീക്ഷിതമായാണ് മന്ത്രി റിയാസ് ഗഡ്ഗരിക്കെതിരെ രംഗത്ത് എത്തിയത്. സംസ്ഥാനത്തെ ദേശീയപാതകളിലെ കുഴികൾ അടക്കാൻ സംസ്ഥാന പൊതുമരാമത്ത് വകുപ്പിന് സാധിക്കില്ലെന്നാണ് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞത്. ദേശീയപാതകളുടെ പരിപാലനവും നവീകരണവും ദേശീയപാതാ അതോറിറ്റിയുടെ അധികാര പരിധിയിൽ വരുന്ന കാര്യമാണെന്ന് മന്ത്രി പറഞ്ഞു. അതിൽ പൊതുമരാമത്ത് വകുപ്പ് ഇടപെട്ടാൽ ഭരണഘടനാലംഘനമായി മാറും.
ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ ഇടപെടണമെന്നും കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രി ഇക്കാര്യത്തിൽ മുൻകൈ എടുക്കണമെന്നും റിയാസ് ആവശ്യപ്പെട്ടു. കേന്ദ്ര മന്ത്രി വി.മുരളീധരനെയാണ് റിയാസ് പ്രതിക്കൂട്ടിലാക്കിയത്. മന്ത്രി മുരളീധരൻ്റെ പേരു പറയാതെയാണ് റിയാസിൻ്റെ തീരുമാനം.റോഡ് നന്നാക്കാതിരുന്നാൽ ടോൾ കൊടുക്കരുത് എന്ന തരത്തിൽ ഒരു പ്രചരണത്തിന് സി പി എം ആലോചിച്ചിരുന്നു. നിധിൻ ഗഡ്ഗരിയുടെ സ്ഥാനത്ത് മറ്റേതെങ്കിലും മന്ത്രിയായിരുന്നെങ്കിൽ സി പി എം കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിക്കുമായിരുന്നു. മന്ത്രി റിയാസ് ടോൾ കൊടുക്കരുതെന്ന് ആഹ്വാനം നൽകാൻ തീരുമാനിച്ചിരുന്നു. എന്നാൽ പിണറായിയുടെ ഇടപെടൽ വഴി പൊതുമരാമത്ത് മന്ത്രി പിൻമാറി..
മന്ത്രിമാരായ രാജേഷും രാജീവും ബാലഗോപാലുമൊക്കെ ഭാവിയിൽ സിപി എമ്മിന്റെ വാഗ്ദാനങ്ങൾ ആകേണ്ടവരാണ്. ഇവരെയെല്ലാമാണ് റിയാസ് പിണക്കുന്നത്. അതാണ് മുഖ്യമന്ത്രിയെ ഭയപ്പെടുത്തുന്നത്.റിയാസും താനും തമ്മിലുള്ള അഭിപ്രായ ഭിന്നതയുടെ വാർത്ത പുറത്തു വന്ന് 8 മണിക്കൂറിന് ശേഷമാണ് രാജേഷ് നിഷേധിച്ചത്. അതും മുഖ്യമന്ത്രിയുടെ വിശ്വസ്തർ ങടപെട്ട ശേഷം, ഇതെല്ലാമാണ് മുഖ്യമന്ത്രിയെ വിഷമിപ്പിക്കുന്നത്. എന്നാൽ രാജേഷിനെ എതിർക്കാനുള്ള ധൈര്യം സാക്ഷാൽ പിണറായി വിജയനില്ല. കാരണം രാജേഷിന്റെ സ്വാധീനം അതിനും മുകളിലാണ്.
https://www.facebook.com/Malayalivartha