ആന്ധ്ര വിജയവാഡയില്‍ നിന്നു തലസ്ഥാനത്തേക്ക് 94 കിലോ കഞ്ചാവ് കടത്ത്...വിജയവാഡയിലെയും ഒഡീഷ്യയിലെയും മൊത്ത വിതരണക്കാരായ രണ്ടു പേർക്ക് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്

ആന്ധ്ര വിജയവാഡയില്‍ നിന്നു തലസ്ഥാനത്തേക്ക് 94 കിലോ കഞ്ചാവ് കടത്തിയ കേസില്‍ വിജയവാഡയിലെയും ഒഡീഷ്യയിലെയും കഞ്ചാവ് മൊത്ത വിതരണക്കാരായ കൃഷ്ണ നായക്കിനും ബിബി കുന്നഡ നായിക്കിനും ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്.
തിരുവനന്തപുരം നാലാം അഡീ. ജില്ലാ സെഷന്‍സ് കോടതിയുടേതാണുത്തരവ്. അതേസമയം 2023 മെയ് 8 മുതല്‍ റിമാന്റില്‍ കഴിയുന്ന യമഹ രതീഷടക്കം 3 പ്രതികളുടെ ജയില്‍ റിമാന്റ് 28 വരെ നീട്ടിയ കോടതി പ്രതികളെ ജയിലിലേക്ക് തിരിച്ചയച്ചു.തിരുവല്ല കരിങ്കട മുകള്‍ ശാസ്താ ഭവനില്‍ ചൊക്കന്‍ രതീഷ് എന്നറിയപ്പെടുന്ന ആര്‍. രതീഷ് (36), തിരുവല്ലം മേനിലം ചെമ്മണ്‍വിള പുത്തന്‍ വീട്ടില്‍ യമഹ രതീഷ് എന്ന എസ്.ആര്‍.രതീഷ് (42) , കല്ലിയൂര്‍ വള്ളംകോട് മാത്തൂര്‍ക്കോണം ലക്ഷംവീട് കോളനിയില്‍ ബൊലേറോ വിഷ്ണു എന്നറിയപ്പെടുന്ന വിഷ്ണു (31) , നെയ്യാറ്റിന്‍കര അറക്കുന്നകടവ് ചക്കാലക്കല്‍ സദനത്തില്‍ ഇപ്പോള്‍ ജഗതി സ്‌കൂളിന് സമീപം വാടകയ്ക്ക് താമസിക്കുന്ന ബോള്‍ട്ട് അഖില്‍ എന്ന അഖില്‍. ആര്‍. ജി (25), ശ്യാംകുമാര്‍ എന്ന രമണന്‍, പ്രവീണ്‍ , അരവിന്ദ് രാജ്, വിജയവാഡയിലെയും ഒഡീഷ്യയിലെയും കഞ്ചാവ് മൊത്ത വിതരണക്കാരായ കൃഷ്ണ നായക്, ബിബി കുന്നഡ നായിക് എന്നിവരാണ് 1 മുതല്‍ 9 വരെയുള്ള പ്രതികള്‍.
അറസ്റ്റിലായത് മാനവീയം വീഥിയിലുള്‍പ്പെടെ ലഹരി വിതരണം ചെയ്യുന്ന സംഘമെന്ന് എക്‌സൈസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.
വാടകയ്ക്ക് എടുത്ത കാറില്‍ കടത്താന്‍ ശ്രമിച്ച കഞ്ചാവുമായി മുന്‍ എസ്എഫ്‌ഐ നേതാവ് ഉള്‍പ്പെടെ നാലു പേരെയാണ് ആദ്യം എക്‌സൈസ് സംഘം പിടികൂടിയത്. ഇവര്‍ സഞ്ചരിച്ച വാഹനത്തില്‍ നിന്ന് 94 കിലോ കഞ്ചാവ് പിടിച്ചെടുത്തു. പിടിയിലായ മൂന്നു പേരെ എക്‌സൈസ് സംഘവും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഒരാളെ നാട്ടുകാരുമാണ് പിടികൂടിയത്. ഇവര്‍ക്ക് ഒപ്പമുണ്ടായിരുന്ന സ്ത്രീയും കുട്ടികളും ഓടിരക്ഷപ്പെട്ടു.
കേസിലെ ആദ്യ 4 പ്രതികളും മൂന്നാം പ്രതി വിഷ്ണുവിന്റെ ഭാര്യയും മക്കളും കൂടി വിനോദയാത്ര പോകുകയാണെന്ന വ്യാജേന ആന്ധ്രയില്‍ പോയി. വിഷ്ണുവിന്റെ ഭാര്യയുടെയും കുട്ടികളുടെയും അറിവില്ലാതെ ആന്ധ്രയില്‍ നിന്നു പണി സാധനങ്ങളാണെന്ന വ്യാജേന കഞ്ചാവ് കടത്തി കൊണ്ടു വരുകയായിരുന്നു. കുടുംബത്തോടൊപ്പം കന്യാകുമാരിയിലേക്ക് യാത്ര പോകാനെന്ന വ്യാജേനയാണ് ഇവര്‍ കാര്‍ വാടകയ്ക്ക് എടുത്തത്. കാറില്‍ ജിപിഎസ് സംവിധാനം ഉണ്ടായിരുന്നു. വാഹനം പോകുന്ന വഴി ഇതിലൂടെ കാര്‍ ഉടമ മനസ്സിലാക്കി. സംസ്ഥാനം വിട്ടു പോയ വാഹനം തുടര്‍ച്ചയായി 1300 കിലോമീറ്ററോളം ഓടി. സംശയം തോന്നിയതിനെ തുടര്‍ന്ന് എക്‌സൈസിനെ വിവരം അറിയിച്ചു. സംസ്ഥാന അതിര്‍ത്തി കടന്നു തലസ്ഥാനത്തേക്ക് എത്തിയ വാഹനത്തെ എക്‌സൈസ് സംഘം പിന്തുടര്‍ന്നു. കണ്ണേറ്റ് മുക്കില്‍ വച്ച് ഭക്ഷണം കഴിക്കാനായി വാഹനം നിര്‍ത്തിയപ്പോഴാണ് എക്‌സൈസ് സംഘം പിടികൂടിയത്. ഇതിനിടയില്‍ വിഷ്ണുവിന്റെ ഭാര്യയും മക്കളും ഒരു പുരുഷനും ഓടി രക്ഷപ്പെട്ടു. ഇതില്‍ പുരുഷനെ നാട്ടുകാര്‍ പിടികൂടി. പിടിയിലായ പ്രതികളില്‍ ഒരാള്‍ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട ആളാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വര്‍ധിച്ചു വരുന്ന ലഹരി വിതരണത്തിനു പിന്നില്‍ എസ്എഫ്‌ഐ നേതൃത്വം നല്‍കുന്ന മാഫിയ സംഘമാണെന്നു കെഎസ്യു ആരോപിച്ചു. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കഞ്ചാവുമായി കണ്ണേറ്റുമുക്കില്‍ എസ്എഫ്‌ഐ നേതാവ് പിടിയിലായ സംഭവം. സിപിഎമ്മിന്റെയും ഡിവൈഎഫ്‌ഐയുടെയും കരവലയത്തില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന ഈ മാഫിയ സംഘത്തിനെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നു കെഎസ്യു ജില്ലാ പ്രസിഡന്റ് ഗോപുനെയ്യാര്‍ ആവശ്യപ്പെട്ടു.
കുറ്റം നിഷേധിച്ച് മുന്‍ എസ്എഫ്‌ഐ നേതാവ്
കണ്ണേറ്റുമുക്കില്‍ 100 കിലോയോളം വരുന്ന കഞ്ചാവുമായി പിടിയിലായ പ്രതികളിലൊരാള്‍ കുറ്റം നിഷേധിച്ചു. താന്‍ ജഗതിയില്‍ വാടകയ്ക്ക് താമസിക്കുന്നയാളാണെന്നും മുന്‍ എസ്എഫ്‌ഐ നേതാവായിരുന്നുവെന്നും പിടിയിലായ അഖില്‍ എക്‌സൈസ് ഉദ്യോഗസ്ഥരോടും നാട്ടുകാരോടും ആവര്‍ത്തിച്ച് പറഞ്ഞു. നെയ്യാറ്റിന്‍കര സ്വദേശിയായ അഖിലിനെ പ്രതികള്‍ക്കൊപ്പം എക്‌സൈസുകാരാണ് പിടികൂടിയത്. നാട്ടുകാരോടും ഉദ്യോഗസ്ഥരോടും ആവര്‍ത്തിച്ച് കുറ്റം നിഷേധിച്ച അഖിലിനോട്, പറയാനുള്ളത് മുഴുവന്‍ കേള്‍ക്കാമെന്നും തല്‍ക്കാലം മിണ്ടാതിരിക്കണമെന്നും ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. വഞ്ചിയൂര്‍ സംസ്‌കൃത സെന്ററിലെ എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയായിരുന്നു താനെന്നാണ് അഖില്‍ പറയുന്നത്. 2019 ല്‍ സെക്രട്ടറിയായിരുന്നുവെന്നും നെയ്യാറ്റിന്‍കര സ്വദേശിയായ താന്‍ ജഗതിയില്‍ വാടകയ്ക്ക് താമസിക്കുകയാണെന്നും അഖില്‍ പറയുന്നു. സ്ഥിരമായി വരുന്ന കടയില്‍ രാവിലെ അരി വാങ്ങാന്‍ വന്നതാണെന്നും മറ്റ് പ്രതികളെ തനിക്ക് അറിയില്ലെന്നും അഖില്‍ പറഞ്ഞു.
https://www.facebook.com/Malayalivartha