സ്വർണം അടിഞ്ഞ് കൂടിയ നദി: ആർക്കുവേണമെങ്കിലും എടുക്കാം..! തടിച്ച് കൂടി ജനം

ഇന്ത്യയുടെ വിദേശ വ്യാപര കമ്മി വളരെ ഉയർന്ന തോതില്‍ നില്‍ക്കാനുള്ള പ്രധാന രണ്ട് കാരണങ്ങള്‍ ക്രൂഡ് ഓയിലിന്റേയും സ്വർണ്ണത്തിന്റേയും ഇറക്കുമതിയാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ ഉപഭോഗമുള്ള രാജ്യങ്ങളില്‍ ഒന്നായ ഇന്ത്യ ആവശ്യമായതിന്റെ 85 ശതമാനത്തിലേറെയും ഇറക്കുമതി ചെയ്യുകയാണ് ചെയ്യുന്നത്. സ്വർണത്തിന്റെ കാര്യത്തിലും ഇത് തന്നെയാണ് സംഭവിക്കുന്നത്.
2024 മാത്രം ഇന്ത്യ 712.1 ടണ്‍ സ്വർണ്ണമാണ് ഇറക്കുമതി ചെയ്തത്. അളവില്‍ 2023 ലെ 744 ടണ്ണുമായി താരതമ്യം ചെയ്യുമ്പോള്‍ കുറവാണെങ്കിലും ആകെ മൂല്യത്തില്‍ 21 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിട്ടുള്ളത്. 712.1 ടണ്ണിന് 52 ബില്യണ്‍ ഡോളർ ചിലവഴിച്ചു. സ്വർണ്ണ വിലയിലെ വർദ്ധനവാണ് മൂല്യത്തിലെ ഈ വർദ്ധനവിന് കാരണം.
പുതിയ സ്വർണ ഖനികളൊന്നും പ്രവർത്തനക്ഷമം ആകാത്തതിനാല്‍ വരും വർഷങ്ങളിലും ഇന്ത്യയുടെ സ്വർണ ഇറക്കുമതിയുടെ അളവ് ഉയർന്ന് തന്നെ നില്‍ക്കും. ഒഡീഷയിലും ആന്ധ്രാപ്രദേശിലുമൊക്കെ സ്വർണഖനന പര്യവേക്ഷണ പ്രവർത്തനങ്ങള്‍ നടക്കുന്നുണ്ടെങ്കിലും വ്യാവസായിക അടിസ്ഥാനത്തില്‍ ഒരിടത്ത് നിന്നും ഉത്പാദനം തുടങ്ങിയിട്ടില്ല. നിലവില്‍ രാജ്യത്ത് കർണാടകയിലെ ഹട്ടി ഖനിയില്‍ നിന്ന് മാത്രമാണ് സ്വർണ ഉത്പാദനം നടക്കുന്നത്.
പുതിയ സ്വർണ ഖനികള്‍ക്കുള്ള അന്വേഷണം രാജ്യത്ത് എമ്പാടും തകൃതിയായി നടക്കുന്നുണ്ട്. യഥാർത്ഥതില്‍ ഇന്ത്യയിലെ വിവിധ നദികളിലും സ്വർണ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. വയനാടന്‍ മലനിരകളില്‍ നിന്നും ഉത്ഭവിക്കുന്ന ചാലിയാർ ഇതിന് ഉദാഹരണമാണ്. അത്തരില്‍ ലോക പ്രശസ്തിയാർജ്ജിച്ച ഇന്ത്യയിലെ ഒരു നദിയാണ് സുബർണരേഖ നദി, അഥവാ സ്വർണ രേഖ നദി.
സുബർണരേഖയെന്ന പേര് സൂചിപ്പിക്കുന്നതുപോലെ സ്വർണം ഒഴുകുന്ന ഈ നദി ഝാർഖണ്ഡിലെ റാഞ്ചി പീഠഭൂമിയിൽ നിന്ന് ഉത്ഭവിച്ച് ഒഡിഷ, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലൂടെ ഒഴുകി ബംഗാൾ ഉൾക്കടലിൽ ചേരുന്നു. ഏകദേശം 474 കിലോമീറ്റർ നീളമുള്ള സുബർണരേഖ, പുരാതന കാലം മുതൽ സ്വർണത്തിന്റെ സാന്നിധ്യത്തിന് പേര് കേട്ടതാണ്.
തീരങ്ങളിലും നദീതടങ്ങളിലും സ്വർണ കണങ്ങളുടെ സാന്നിധ്യം കണ്ടെത്തിയതോടെയാണ് നദിക്ക് സുബർണരേഖയെന്ന പേര് ലഭിക്കന്നത്. പുരാതന കാലം മുതല്‍ തന്നെ സുബർണരേഖയുടെ തീരങ്ങളിൽ നിന്ന് ആളുകൾ ചെറിയ തോതിൽ സ്വർണം ശേഖരിച്ചിരുന്നു. നദിയിലെ മണലിൽ നിന്ന് പൊടിസ്വർണ്ണം വേർതിരിച്ചെടുക്കുന്ന 'പ്ലേസർ മൈനിങ്' രീതി ഇന്നും ചില പ്രദേശങ്ങളിൽ നിലനിൽക്കുന്നു.
ആധുനിക രീതിയില്‍ സ്വർണം ഖനനം ചെയ്യാനുള്ള ശ്രമങ്ങള്‍ സർക്കാർ തലത്തില്‍ തന്നെ നടന്നിരുന്നുവെങ്കിലും
ഇവിടുത്തെ സ്വർണ നിക്ഷേപങ്ങൾ വ്യാവസായിക ഖനനത്തിന് അനുയോജ്യമല്ലെന്ന വിലയിരുത്തലാണ് ഉണ്ടായത്. സ്വർണത്തിന്റെ സാന്ദ്രത താരതമ്യേന കുറവാണ് എന്നതാണ് വ്യാവസായിക അടിസ്ഥാനത്തിലുള്ള ഖനനത്തിന് തടസ്സമാകുന്നത്. പക്ഷെ ഇപ്പോഴും നദീതടങ്ങളില്‍ നിന്ന് പരമ്പരാഗത രീതിയില്‍ സ്വർണം വേർതിരിച്ചെടുക്കുന്ന സംഘങ്ങള്‍ പ്രവർത്തിക്കുന്നുണ്ട്.
നദിയില്‍ ഇന്ന് മണല്‍ ഖനനത്തിന് ഉള്‍പ്പെടെ വിലക്കുണ്ടെങ്കിലും ഇപ്പോഴും ആളുകള്‍ ഇവിടെ സ്വര്‍ണ്ണം തിരഞ്ഞ് എത്താറുണ്ട്. സ്വര്‍ണ്ണത്തരികള്‍ കിട്ടിയെന്ന് അവകാശപ്പെട്ട് പലരും രംഗത്തു വന്നിട്ടുമുണ്ട്. നദിയിയില്‍ നിന്നും കിട്ടുന്ന മണലില്‍ നിന്നും സ്വര്‍ണ്ണം വേര്‍തിരിക്കുന്നത് ഇവിടുത്തെ ഗോത്രവിഭാഗത്തില്‍ പെട്ട ആളുകളുടെ മുഖ്യതൊഴിലുകളിലൊന്നുമാണ്. ദിവസം മുഴുവന്‍ പണിയെടുക്കുന്ന ഒരു വ്യക്തിക്ക് ശരാശരി ഇരുപത് മുതല്‍ 60 വരെ സ്വര്‍ണ്ണത്തരികള്‍ ഒരു മാസം ലഭിച്ചേക്കാം എന്ന തരത്തിലുള്ള റിപ്പോർട്ടുകളും നേരത്തെ പുറത്ത് വന്നിരുന്നു. മണ്‍സൂണ്‍ സീസണ്‍ ഒഴികെ ബാക്കിയെല്ലാ സമയത്തും ഇവിടെ തിരച്ചില്‍ നടക്കാറുണ്ട്.
സുബർണരേഖ നദിയിലെ സ്വർണ നിക്ഷേപങ്ങളെക്കുറിച്ച് നിരവധി പഠനങ്ങളും ഗവേഷണങ്ങളും നടന്നിട്ടുണ്ട്. ചില വിദഗ്ധർ വാദിക്കുന്നത്, സുബർണരേഖയുടെ പോഷക നദിയായ കർകരി നദിയിൽ നിന്നാണ് ഈ സ്വർണം പ്രധാനമായും എത്തിയതെന്നാണ്. കാരണം, കർകരി നദിയിലെ മണലിൽ മുൻപ് സ്വർണത്തിന്റെ അംശങ്ങൾ കണ്ടെത്തിയിരുന്നു. സുബർണരേഖ നദി ഏകദേശം 474 കിലോമീറ്റർ നീളമുള്ളതാണ്, അതേസമയം പോഷക നദിയായ കർകരിക്ക് 37 കിലോമീറ്റർ നീളമാണുള്ളത്.
https://www.facebook.com/Malayalivartha