റോഡ് ഗതാഗത സൗകര്യം മെച്ചപ്പെടുത്തിയത് സ്റ്റേഡിയത്തിന് ഗുണകരമാകും; കേരള ക്രിക്കറ്റ് അസോസിയേഷന്റെ കീഴില്‍ കൊല്ലം എഴുകോണില്‍ ആരംഭിക്കുന്ന ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് സ്റ്റേഡിയത്തിൻ്റെ നിർമ്മാണോദ്ഘാടനം മന്ത്രി കെ.എൻ ബാലഗോപാൽ നിർവഹിച്ചു

കേരള ക്രിക്കറ്റ് അസോസിയേഷന്റെ കീഴില്‍ കൊല്ലം എഴുകോണില്‍ ആരംഭിക്കുന്ന ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് സ്റ്റേഡിയത്തിൻ്റെ നിർമ്മാണോദ്ഘാടനം മന്ത്രി കെ.എൻ ബാലഗോപാൽ നിർവഹിച്ചു. കെ.സി.എയുടെ ആദ്യ ഗ്രിഹ അംഗീകൃത സ്റ്റേഡിയം യാഥാർത്ഥ്യമാകുന്നതോടെ ജില്ലയുടെ ക്രിക്കറ്റ് തലസ്ഥാനമായി എഴുകോൺ മാറുമെന്ന് മന്ത്രി പറഞ്ഞു. പ്രദേശത്തെ റോഡ് ഗതാഗത സൗകര്യം മെച്ചപ്പെടുത്തിയത് സ്റ്റേഡിയത്തിന് ഗുണകരമാകും. ഇലഞ്ഞിക്കോട് പാലം കൂടി യാഥാർത്ഥ്യമാകുന്നതോടെ സ്റ്റേഡിയത്തിലേക്കുള്ള ഗതാഗത സൗകര്യം കൂടുതൽ മെച്ചപ്പെടുമെന്നും മന്ത്രി പറഞ്ഞു.
എഴുകോൺ ഇലഞ്ഞിക്കോടിൽ പത്ത് ഏക്കര്‍ വിസ്തൃതിയില്‍ കെസിഎയുടെ ഉടമസ്ഥതയിലുള്ള ഭൂമിയിലാണ് സ്റ്റേഡിയം ഒരുങ്ങുന്നത്. 56 കോടി രൂപ ആകെ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ ആദ്യ ഘട്ട നിർമ്മാണം 2026 അവസാനത്തോടെ പൂർത്തിയാക്കുമെന്ന് കെ.സി.എ പ്രസിഡൻ്റ് ജയേഷ് ജോർജ് പറഞ്ഞു.ആദ്യഘട്ടത്തില്‍ 21 കോടിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് നടത്തുക. കേരളത്തിൻ്റെ കായിക മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമാക്കി കെസിഎ നടത്തുന്ന പദ്ധതികളുടെ ഭാഗമാണ് പുതിയതായി നിർമ്മിക്കുന്ന ഗ്രിഹ[ GRIHA) അംഗീകൃത സ്റ്റേഡിയമെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ ജില്ലകളിലും അന്താരാഷ്ട്ര നിലവാരമുള്ള സ്റ്റേഡിയം നിർമ്മിക്കുകയെന്ന ലക്ഷ്യത്തിൻ്റെ ഭാഗമാണ് പുതിയ സ്റ്റേഡിയമെന്ന് കെസിഎ സെക്രട്ടറി വിനോദ് എസ് കുമാർ പറഞ്ഞു. കെ.സി.എയുടെ 14 - മത് സറ്റേഡിയമാണിത്. സമീപത്തുള്ള നീര്‍ചാലുകളുടെയും ചുറ്റുമുള്ള മരങ്ങളുടെയും സംരക്ഷണം ഉറപ്പാക്കിയുള്ളതാണ് നിര്‍മ്മാണ രീതിയെന്നും വിനോദ് എസ് കുമാർ പറഞ്ഞു.
കെസിഎ ആദ്യമായി നിര്‍മ്മിക്കുന്ന ഗ്രീന്‍ റേറ്റിങ് ഫോര്‍ ഇന്‍ഗ്രേറ്റഡ് ഹാബിറ്റാറ്റ് അസസ്മെന്റ് (GRIHA) അംഗീകൃത സ്റ്റേഡിയം കൂടിയാണിത്. കൊല്ലം ജില്ലയിലെ കായിക ഭൂപടത്തില്‍ വന്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്ന സ്റ്റേഡിയം ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് ഭാവിയില്‍ വേദിയാകും. 2015-16 കാലയളവില്‍ കെസിഎ ഏറ്റെടുത്ത സ്ഥലം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് 60 കിലോ മീറ്റര്‍ അകലെയാണ്.
അഭ്യന്തര മത്സരങ്ങള്‍ നടത്താനുള്ള 150 മീറ്റര്‍ വ്യാസമുള്ള ക്രിക്കറ്റ് ഗ്രൗണ്ട്, കളിക്കാരുടെ ഡ്രസ്സിംഗ് റൂം ഉള്‍പ്പെടുന്ന ആധുനിക പവലിയന്‍, ഓപ്പണ്‍ എയര്‍ ആംഫി തീയേറ്റര്‍ മാതൃകയില്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ള ഗാലറി, മികച്ച സൗകര്യങ്ങളുള്ള ഓഫീസ് ബ്ലോക്ക്, ഔട്ട് ഡോര്‍ നെറ്റ് പ്രാക്ടീസ് സൗകര്യം, ഏത് കാലാവസ്ഥയിലും പരിശീലനം നടത്താവുന്ന ഇന്‍ഡോര്‍ പ്രാക്ടീസ് സംവിധാനം, മറ്റ് കായികയിനങ്ങൾക്കുള്ള സൗകര്യങ്ങൾ, അത്യാധുനിക ജിംനേഷ്യം, വിശാലമായ കാര്‍ പാര്‍ക്കിംഗ് എന്നീ സൗകര്യങ്ങളും സ്റ്റേഡിയത്തിൽ ഉണ്ടാകും.
https://www.facebook.com/Malayalivartha