കസ്റ്റഡിയിലെടുത്ത പ്രതി തൂങ്ങിമരിച്ച സംഭവത്തില്‍ സിഐയ്ക്ക് സസ്‌പെന്‍ഷന്‍

പത്തനംതിട്ടയില്‍ കഞ്ചാവ് വലിച്ചതിന് കസ്റ്റഡിയിലെടുത്ത പ്രതി തൂങ്ങിമരിച്ച സംഭവത്തില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് സസ്‌പെന്‍ഷന്‍. പത്തനംതിട്ട കോയിപ്രം സിഐ ജി സുരേഷ് കുമാറിനെതിരെയാണ് നടപടി. കഞ്ചാവ് വലിച്ചതിന് കസ്റ്റഡിയിലെടുത്തയാള്‍ക്ക് മര്‍ദനമേറ്റു എന്ന പരാതിയിലാണ് നടപടി എടുത്തിരിക്കുന്നത്. കസ്റ്റഡിയിലെടുത്ത് വിട്ടയച്ച വരയന്നൂര്‍ സ്വദേശി കെഎം സുരേഷിനെയാണ് പിന്നീട് കോന്നി പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
സുരേഷിനെ കസ്റ്റഡിയിലെടുക്കുകയും കഞ്ചാവ് വലിച്ചു എന്ന കുറ്റംചുമത്തി കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു. പിന്നീട് സ്‌റ്റേഷന്‍ ജാമ്യം നല്‍കി സുരേഷിനെ വിട്ടയച്ചു എന്നാണ് പൊലീസിന്റെ വിശദാകരണം. എന്നാല്‍, നാല് ദിവസത്തിന് ശേഷം സുരേഷിനെ ഒരു തോട്ടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണവും നടത്തിയിരുന്നില്ല.
എന്നാല്‍, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സുരേഷിന്റെ ശരീരത്തില്‍ വാരിയെല്ലിനടക്കം ക്ഷതവും ചൂരല്‍കൊണ്ട് അടിച്ചതിന് സമാനമായ പാടുകളും ഉണ്ടായിരുന്നു എന്നാണ് പറഞ്ഞിരിക്കുന്നത്. സുരേഷിന് മര്‍ദനമേറ്റതായി വ്യക്തമായിട്ടും പൊലീസ് അന്വേഷണം നടത്താന്‍ തയ്യാറായില്ല. പിന്നീട് സുരേഷിന്റെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. വാര്‍ത്തകള്‍ പുറത്തുവന്നതോടെയാണ് പൊലീസ് അന്വേഷണം പ്രഖ്യാപിച്ചത്.
പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷമാണ് സിഐയ്‌ക്കെതിരെ നടപടിയെടുത്തിരിക്കുന്നത്. കസ്റ്റഡി മര്‍ദനം, അന്യായമായി വാഹനം പിടിച്ചുവയ്ക്കല്‍, മൊബൈല്‍ ഫോണ്‍ പിടിച്ചുവയ്ക്കല്‍ എന്നീ മൂന്ന് കാര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് സിഐയ്‌ക്കെതിരെ നടപടിയെടുത്തിരിക്കുന്നത്. അഡീഷണല്‍ എസ്പി, ഡിഐജിക്ക് അന്വേഷണ റിപ്പോര്‍ട്ട് കൈമാറി.
https://www.facebook.com/Malayalivartha