റിസര്‍വ് ബാങ്കിന്റെ ധന നയത്തില്‍ മുഖ്യ പലിശ നിരക്ക് കാല്‍ ശതമാനം കുറച്ചേക്കും

നാളെ പ്രഖ്യാപിക്കുന്ന റിസര്‍വ് ബാങ്കിന്റെ ധന നയത്തില്‍ മുഖ്യ പലിശ നിരക്ക് കാല്‍ ശതമാനം കുറച്ചേക്കും. വാണിജ്യ ബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍ നിന്ന് വാങ്ങുന്ന വായ്പയുടെ പലിശയായ റിപ്പോ നിരക്ക് 5.75 ശതമാനമായി കുറയുമെന്നാണ് പ്രതീക്ഷയുള്ളത്.
കഴിഞ്ഞ രണ്ട് ധന നയങ്ങളിലും റിപ്പോ നിരക്ക് റിസര്‍വ് ബാങ്ക് കാല്‍ ശതമാനം വീതം കുറച്ചിട്ടുണ്ടായിരുന്നു. നാണയപ്പെരുപ്പം ആറ് വര്‍ഷത്തിനിടെയിലെ താഴ്ന്ന നിരക്കിലെത്തിയതും ആഭ്യന്തര മൊത്തം ഉത്പാദനത്തിലെ വളര്‍ച്ച 6.5 ശതമാനമായി ചുരുങ്ങിയതും പലിശ കുറയ്ക്കുന്നതിന് അനുകൂല സാഹചര്യമാണുള്ളത്. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര അദ്ധ്യക്ഷത വഹിക്കുന്ന മൂന്നാമത്തെ ധന അവലോകന യോഗത്തിനാണ് ഇന്നലെ തുടക്കമായത്.
റിയല്‍ എസ്റ്റേറ്റ്, വാഹന, കണ്‍സ്യൂമര്‍ ഉത്പന്ന വിപണികളിലെ തളര്‍ച്ച മറികടക്കാനാണ് പലിശ കുറയ്ക്കുന്നത്. ഇതിലൂടെ വിപണിയില്‍ പണ ലഭ്യത വര്‍ദ്ധിപ്പിക്കാനായി റിസര്‍വ് ബാങ്ക് ലക്ഷ്യമിടുന്നു.
ഏപ്രിലില്‍ ചില്ലറ വില സൂചിക അടിസ്ഥാനമായ നാണയപ്പെരുപ്പം ആറ് വര്‍ഷത്തിനിടെയിലെ ഏറ്റവും കുറഞ്ഞ തലമായ 3.16 ശതമാനത്തിലെത്തിയിരുന്നു. റിപ്പോ നിരക്ക് താഴുന്നതോടെ ഉപഭോക്താക്കളുടെ ഭവന, വാഹന, വ്യക്തിഗത, കാര്‍ഷിക വായ്പകളുടെ പലിശയും ആനുപാതികമായി കുറയുകയും ചെയ്യും.
"
https://www.facebook.com/Malayalivartha