ക്ഷേത്രക്കുളത്തിൽ നിന്ന് കണ്ടെടുത്ത സൂരജിന്റേത് വെള്ളത്തിൽ മുങ്ങി മരണമല്ല; കൊലപാതകം!?

തിരുവനന്തപുരം ചെമ്പഴുതയിലെ ക്ഷേത്രക്കുളത്തിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ പോയ 17 വയസ്സുകാരനായ സൂരജിന്റെ വീട്ടിലേക്ക് അന്ന് വൈകുന്നേരം എത്തിയത് സൂരജിന്റെ മരണ വാർത്തയാണ്. കുളത്തിൽ നീന്തുന്നതിനിടെ അപകടമുണ്ടായി സൂരജിനെ കാണാതായി. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ ബഹളം വച്ചതോടെ നാട്ടുകാർ ഓടിയെത്തി. അക്കൂട്ടത്തിലാരോ ഫയർ ഫോഴ്സിനെ വിവരമറിയിച്ചു.ഫയർഫോഴ്സെത്തി തിരച്ചിൽ തുടങ്ങി സൂരജിന്റെ ചേതനയറ്റ ശരീരം കണ്ടെത്തി.
ഇത്രയുമാണ് കഴിഞ്ഞ വ്യാഴാഴ്ച്ച വൈകുന്നേരം പുറത്ത് വന്നിരുന്ന വാർത്ത. എന്നാൽ ഇന്നിപ്പോൾ തന്റെ കുഞ്ഞിന്‌റെ മരണത്തിന് പിന്നിൽ അവന്റെ സുഹൃത്തുക്കൾ തന്നെയെന്നാരോപിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് സൂരജിന്റെ അമ്മയും ബന്ധുക്കളും. നീന്തലറിയാവുന്ന കുട്ടി എങ്ങനെ വെള്ളത്തിൽ മുങ്ങി മരിക്കുമെന്നതാണ് അവരുടെ പ്രധാന ചോദ്യം.
സൂരജ് അമ്പല കുളത്തിലേക്ക് കുളിക്കാൻ പോയപ്പോൾ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ പറയുന്ന മൊഴികൾ തമ്മിൽ വ്യത്യസ്തമാണ് എന്നതും കുളത്തിനരികിലേക്ക് സൂരജെത്തിയപ്പോൾ മുൻപ് സൂരജുമായി സംഘർഷത്തിലേർപ്പെട്ട രണ്ട് കുട്ടികൾ വന്നു എന്നതെല്ലാമാണ് സംശയത്തിന്റെ പ്രധാന കാരണം.
സംഭവം നടന്നതിന് ശേഷം അവന് ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ ഈ വീട്ടിലേക്ക് വന്നിട്ടില്ല. ഫോണിൽ വിളിച്ചാൽ ആരും ഫോൺ എടുക്കാറില്ല. വ്യക്തി വൈരാഗ്യം തീർത്തതാണോ എന്നത് സംശയമുണ്ടെന്ന് സൂരജിന്റെ അമ്മ പറഞ്ഞു. സംഭവത്തിൽ ദുരൂഹതയാരോപിച്ച് കഴക്കൂട്ടം പോലീസിൽ പരാതി നൽകിയിരിക്കുകയാണ്.
അതേ സമയം സൂരജിന് അപകടമുണ്ടാകുന്നതിന് മുമ്പ് സ്കൂൾ പരിസരത്ത് വച്ച് ചില സുഹൃത്തുക്കളുമായി തർക്കം ഉണ്ടായിരുന്നു. അവർ ആക്രമിക്കുമോയെന്ന പേടിയുണ്ടായിരുന്നു. ഇക്കാര്യം തന്നോട് പറഞ്ഞതിന് രണ്ട് മൂന്ന് ദിവസങ്ങൾക്കിപ്പുറമാണ് സൂരജ് മരണപ്പെട്ടതെന്ന് സൂരജിന്റെ സുഹൃത്തായ നന്ദു മലയാളി വാർത്തയോട് പ്രതികരിച്ചു.
സംഭവത്തിൽ പോലീസ് അന്വോഷണം എന്നതാണ് ഇനി അടുത്ത ഘട്ടം. വെള്ളത്തിൽ മുങ്ങിച്ചെന്ന് പറയുന്ന സൂരജിന്റെ വയറ് പ്രത്യക്ഷത്തിൽ വീർത്തല്ല കിടക്കുന്നത്. അതിനാൽ വെള്ളം കുടിച്ച് മരിച്ചതാണോ എന്നത് അറിയാൻ ഇനി പോസ്മോട്ടം റിപ്പോർട്ട് നിർണായകമാകും. ഇനി വെള്ളം അകത്ത് ചെന്നല്ല മരിച്ചതെന്നാണ് റിപ്പോർട്ട് പുറത്ത് വരുന്നതെങ്കിൽ അത് സ്വാഭാവികമായും ഈ മരണം കൊലപാതകമാണ് എന്നതിലേക്കാകും വിരൽ ചൂണ്ടുക.
https://www.facebook.com/Malayalivartha