യുവതിക്കൊപ്പം പുഴയില്‍ ചാടിയ യുവാവിനായി തിരച്ചില്‍ തുടരുന്നു

യുവതിക്കൊപ്പം വളപട്ടണം പുഴയില്‍ ചാടിയ യുവാവിനായി തിരച്ചില്‍ നടത്തുന്നതിനിടെ മറ്റൊരാളുടെ മൃതദേഹം കണ്ടെത്തി. അഴീക്കോട് കപ്പക്കടവിലെ ചേലോറകണ്ടിക്കല്‍ വീട്ടില്‍ ഹരീഷിന്റെ (42) മൃതദേഹമാണ് ചൊവ്വാഴ്ച രാവിലെ കിട്ടിയത്. പൊലീസ് മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
കാസര്‍കോട് ബേക്കല്‍ സ്വദേശിയായ മുപ്പത്തിയഞ്ചുകാരിയെ തിങ്കളാഴ്ച പുലര്‍ച്ചെയാണ് നാട്ടുകാര്‍ രക്ഷപ്പെടുത്തിയത്. ദേശീയപാതയില്‍ വളപട്ടണം പാലത്തില്‍ നിന്നാണ് ചാടിയതെന്ന് യുവതി പറഞ്ഞു. നീന്തല്‍ വശമുള്ള യുവതി കരകയറാനുള്ള ശ്രമത്തിനിടെ ഒന്നര കിലോമീറ്റര്‍ അകലെ കപ്പക്കടവ് ഭാഗത്ത് പുഴയോരത്ത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. തന്നോടൊപ്പം സുഹൃത്ത് ബേക്കല്‍ പെരിയാട്ടടുക്കം സ്വദേശി രാജുവും (രാജേഷ് -39) ചാടിയെന്നു യുവതി പറഞ്ഞതനുസരിച്ച് ഇന്നലെ അഗ്‌നിരക്ഷാ സേന തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഞായറാഴ്ചയാണ് യുവതിയെയും രാജുവിനെയും കാണാതായത്. തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
രാജുവിനായി ഇന്നും തിരച്ചില്‍ നടത്തുമ്പോഴാണ് ഹരീഷിന്റെ മൃതദേഹം കണ്ടെത്തിയത്. മൂന്നു ദിവസം മുന്‍പാണ് ഹരീഷ് ചെരിപ്പും വസ്ത്രങ്ങളും അഴിച്ചുവച്ച് സുല്‍ക്ക ഷിപ്പ് യാര്‍ഡിന് സമീപം ചാടിയത്. മരപ്പണിക്കാരനായ ഇയാള്‍ ഭാര്യയുമായി അകന്നു കഴിയുകയായിരുന്നു. ഇന്നലെ ഉച്ചയോടെ പൊലീസ് കോടതിയില്‍ ഹാജരാക്കിയ യുവതി ബന്ധുക്കള്‍ക്കൊപ്പം പോയി.
https://www.facebook.com/Malayalivartha