ഫ്‌ലാറ്റില്‍ 4 വര്‍ഷമായി പുറത്തിറങ്ങാതെ ജീവിച്ച മലയാളിയെ രക്ഷപ്പെടുത്തി

നവി മുംബൈയിലെ ഫ്‌ലാറ്റില്‍ 55 വയസ്സുകാരന്‍ പുറംലോകവുമായി അടുപ്പമില്ലാതെ തനിച്ചു കഴിഞ്ഞത് നാല് വര്‍ഷം. 55 വയസ്സുകാരന്‍ അനൂപ് കുമാര്‍ നായര്‍ എന്നയാളെ സന്നദ്ധ സംഘടനയായ സോഷ്യല്‍ ആന്‍ഡ് ഇവാഞ്ചലിക്കല്‍ അസോസിയേഷന്‍ ഫോര്‍ ലവ് (സീല്‍) പ്രവര്‍ത്തകരെത്തി ഫ്‌ലാറ്റില്‍നിന്ന് അവരുടെ പന്‍വേലിലെ ആശ്രമത്തിലേക്ക് മാറ്റുകയായിരുന്നു.
ടാറ്റ ആശുപത്രി ജീവനക്കാരനായിരുന്ന വി.പി. കൃഷ്ണന്‍ നായരുടെയും വ്യോമസേനയില്‍ ജോലി ചെയ്തിരുന്ന പൊന്നമ്മ നായരുടെയും മകനാണ് കംപ്യൂട്ടര്‍ പ്രോഗ്രാമറായിരുന്ന അനൂപ് കുമാര്‍. ആറുവര്‍ഷത്തിനിടെ മാതാപിതാക്കള്‍ മരിച്ചു. ഇദ്ദേഹത്തിന്റെ മൂത്ത സഹോദരന്‍ 20 വര്‍ഷം മുന്‍പ് ആത്മഹത്യ ചെയ്യുകയും ചെയ്തിരുന്നു. തുടര്‍ന്ന് വിഷാദത്തിലേക്കു വീണ അനൂപ് കൂട്ടുകാരില്‍നിന്നും അയല്‍ക്കാരില്‍നിന്നും അകന്നുമാറി ഏകാന്ത ജീവിതം നയിക്കുകയായിരുന്നു. നാലു വര്‍ഷമായി ഫ്‌ലാറ്റില്‍നിന്ന് പുറത്തിറങ്ങാതായ അനൂപ് വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് കഴിഞ്ഞിരുന്നത്. ഭക്ഷണം ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്യുന്നതു മാത്രമായിരുന്നു പുറംലോകവുമായി ഇദ്ദേഹത്തിനുണ്ടായിരുന്ന ബന്ധം.
അനൂപ് കുമാറിന്റെ വീട്ടില്‍നിന്നുള്ള ദുര്‍ഗന്ധവും വീട്ടിലെ വൃത്തിഹീനമായ അന്തരീക്ഷവും ശ്രദ്ധയില്‍പ്പെട്ട അയല്‍വാസിയാണ് സീല്‍ പ്രവര്‍ത്തകരെ വിവരമറിയിക്കുന്നത്. സന്നദ്ധ പ്രവര്‍ത്തകരെത്തുമ്പോള്‍ മാലിന്യങ്ങള്‍ക്കു നടുവിലായാണ് അനൂപിനെ കണ്ടെത്തിയത് കാലില്‍ ഗുരുതര അണുബാധയുമുണ്ട്. വാതില്‍ തുറക്കാന്‍ വിസമ്മതിച്ചതോടെ വാതില്‍ തള്ളിത്തുറന്നാണ് പ്രവര്‍ത്തകര്‍ വീടിനുള്ളില്‍ കയറിയത്. അനൂപിനെ ആശ്രമത്തിലെത്തിച്ച ശേഷം സീല്‍ പ്രവര്‍ത്തകര്‍ ചികിത്സയ്ക്കുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. 'എന്റെ അച്ഛനും അമ്മയും പോയി. സഹോദരന്‍ പോയി. സുഹൃത്തുക്കളാരും ബാക്കിയില്ല. ആരോഗ്യവും നല്ല അവസ്ഥയിലല്ല. അതുകൊണ്ട് പുതിയ തുടക്കത്തിന് ഒരു സാധ്യതയുമുണ്ടായിരുന്നില്ല' എന്ന് അനൂപ് പറഞ്ഞതായി ആശ്രമ ജീവനക്കാര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha