യുവതിയുള്‍പ്പെടെ നാല് പേര്‍ 114 ഗ്രാം എംഡിഎംഎയുമായി പിടിയില്‍

എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ മിന്നല്‍പരിശോധനകളില്‍ യുവതിയുള്‍പ്പെടെ നാല് മയക്കുമരുന്ന് വിതരണക്കാര്‍ അറസ്റ്റിലായി. ഇവരില്‍ നിന്ന് അഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന 114 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. ബംഗളൂരുവില്‍ നിന്നാണ് അങ്കമാലിയിലും തൈക്കൂടത്തും എം.ഡി.എം.എ കൊണ്ടുവന്നത്.
ബംഗളൂരുവില്‍ എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥിയായിരുന്ന അങ്കമാലി വടക്കന്‍ കിടങ്ങൂര്‍ മാളിയേക്കല്‍ മാളക്കാരന്‍ വീട്ടില്‍ എഡ്‌വിന്‍ ഡേവിഡാണ് (33) വീട്ടില്‍ നിന്ന് 91 ഗ്രാം എം.ഡി.എം.എയുമായി ഇന്ന് രാവിലെ പിടിയിലായത്. സിനിമാമേഖലയുമായി അടുത്തബന്ധം പുലര്‍ത്തുന്നയാളാണ് എഡ്‌വിനെന്ന് എക്‌സൈസ് സ്ഥിരീകരിച്ചു. ബംഗളൂരുവില്‍ ബി.ടെക്കിന് പഠിക്കുമ്പോഴാണ് ഇയാള്‍ മയക്കുമരുന്ന് വിതരണക്കാരുമായി അടുപ്പത്തിലാകുന്നത്. ഇടക്കാലത്ത് വിദേശത്ത് പോയെങ്കിലും മടങ്ങിയെത്തി എം.ഡി.എം.എ വിതരണം തുടങ്ങി.വെള്ളിയാഴ്ചയാണ് ഇയാള്‍ മയക്കുമരുന്നുമായി കിടങ്ങൂരിലെ വീട്ടിലെത്തിയത്. സംശയത്തെതുടര്‍ന്ന് നേരത്തെയും ഇയാളുടെ വീട്ടില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു.
സ്‌പെഷ്യല്‍ സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ കെ.പി. പ്രമോദിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് കപ്പല്‍ ജീവനക്കാരന്‍ മരട് വിളക്കേടത്ത് സജിത്ത് ഷാജന്‍ (29), ഹോട്ടല്‍ ജീവനക്കാരന്‍ മരട് നരത്തുരിത്തി വിഷ്ണു പ്രഹ്‌ളാദന്‍ (26), ബംഗളൂരുവില്‍ നിന്ന് മയക്കുമരുന്ന് എത്തിക്കുന്ന പള്ളുരുത്തി ചിറപ്പറമ്പില്‍ ലിജിയ മേരി ജോയി (34) എന്നിവരെ തൈക്കൂടം കനാല്‍റോഡിലെ റിസോര്‍ട്ടില്‍ നിന്ന് ശനിയാഴ്ച രാത്രി പിടികൂടിയത്. രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. 23.8499 ഗ്രാം എം.ഡി.എം.എ ഇവരില്‍ നിന്ന് കണ്ടെത്തി. എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് പ്രിവന്റീവ് ഓഫീസര്‍ സുരേഷ്‌കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പ്രജിത്ത്, സുബീഷ്, ശ്യാംകുമാര്‍, വിജി എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പരിശോധന നടത്തിയത്.
https://www.facebook.com/Malayalivartha



























