അമ്മയെ വേണം ...നിമിഷപ്രിയയുടെ മകള്‍ യെമനിലെത്തി ; ഹൃദയം നുറുങ്ങുന്ന കാഴ്ച

ജോലി തേടി, പുതിയ ജീവിതം തേടി നാടുവിട്ടതാണ് നിമിഷപ്രിയ , അവിടെ അവള്‍ക്ക് വിധിക്കപ്പെട്ടത് വധശിക്ഷയാണ് . നിമിഷപ്രിയയെന്ന പേര് രാജ്യം കേള്‍ക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായിരിക്കുന്നു. യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷ വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായി കാത്തിരിക്കുകയാണ് രാജ്യം. അതിനിടെയാണ് വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് നിമിഷപ്രിയ നല്‍കിയ അപ്പീല്‍ യെമന്‍ സുപ്രീം കോടതി തള്ളിയിരിക്കുന്നത്. ഇനി യെമന്‍ രാഷ്ട്രപതിക്ക് മാത്രമേ ഇത് സംബന്ധിച്ച് അനുകൂല തീരുമാനം കൈക്കൊള്ളാന്‍ കഴിയുകയുള്ളൂ. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ മോചനം പ്രതീക്ഷിച്ച് 13 വയസുകാരി മകള്‍ മിഷേല്‍ അടക്കമുള്ളവര്‍ യെമനില്‍ എത്തി. പിതാവ് ടോമി തോമസിനും ഗ്ലോബല്‍ പീസ് ഇനിഷ്യേറ്റീവ് സ്ഥാപകന്‍ ഡോ. കെ എ പോളിനുമൊപ്പമാണ് മിഷേല്‍ യെമനിലെ അധികൃതരോട് അമ്മയുടെ മോചനത്തിനായി ദയ യാചിക്കാന്‍ എത്തിയിരിക്കുന്നത്.
വര്‍ഷങ്ങളായി യെമനിലെ ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയെ കഴിഞ്ഞ പത്ത് വര്‍ഷമായി മകള്‍ കണ്ടിട്ടില്ല. മലയാളത്തിലും ഇംഗ്ലീഷിലുമായി നടത്തിയ വികാരനിര്‍ഭരമായ അഭ്യര്‍ത്ഥനയില്‍ മിഷേല്‍, 'എനിക്ക് അമ്മയെ ഒരുപാട് ഇഷ്ടമാണ്. അമ്മയെ വീട്ടിലേക്ക് തിരികെ കൊണ്ടുവരാന്‍ ദയവായി സഹായിക്കണം. അമ്മയെ കാണാന്‍ എനിക്ക് അതിയായ ആഗ്രഹമുണ്ട്. അമ്മയെ ഞാന്‍ ഒരുപാട് മിസ് ചെയ്യുന്നു' എന്ന് പറഞ്ഞു.
അതേസമയം, നിമിഷയുടെ ഭര്‍ത്താവ് ടോമി തോമസും അഭ്യര്‍ത്ഥന നടത്തി. 'ദയവായി എന്റെ ഭാര്യ നിമിഷ പ്രിയയെ രക്ഷിക്കണം, സ്വന്തം നാട്ടിലെത്തിക്കാന്‍ സഹായിക്കണം.' എന്ന് അദ്ദേഹം പറഞ്ഞു. മിഷേലിനും പിതാവിനുമൊപ്പം യെമന്‍ അധികൃതരോട് സംസരിക്കാന്‍ ഡോ. കെ എ പോളും ഉണ്ടായിരുന്നു. യെമന്‍ അധികാരികള്‍ക്കും ചര്‍ച്ചകളില്‍ ഉള്‍പ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന തലാല്‍ കുടുംബത്തിനും അദ്ദേഹം നന്ദി രേഖപ്പെടുത്തി. ''നിമിഷയുടെ ഏക മകള്‍ പത്ത് വര്‍ഷമായി അവളെ കണ്ടിട്ടില്ല. മിഷേല്‍ ഇവിടെയുണ്ട്. തലാല്‍ കുടുംബത്തിന് നന്ദി പറയുന്നു. നിങ്ങള്‍ നിമിഷയെ എത്രയും വേഗം, ഒരുപക്ഷേ നാളെയോ മറ്റന്നാളോ മോചിപ്പിക്കുകയാണെങ്കില്‍ ഞങ്ങള്‍ അങ്ങേയറ്റം കടപ്പെട്ടിരിക്കും. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ' പിടിഐ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പോള്‍ പറയുന്നു.
യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കാന്‍ ശ്രമങ്ങള്‍ തുടരുന്നതിനിടെ നിമിഷ പ്രിയയുടെ അമ്മ വീട്ടുതടങ്കലില്‍ ആണെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരി. മകളെ യെമനില്‍ വിട്ടിട്ട് നാട്ടിലേക്ക് വരാന്‍ കഴിയില്ല.ആരും നിര്‍ബന്ധിച്ച് യെമനില്‍ പിടിച്ച് വച്ചിട്ടില്ല. അനാവശ്യ പ്രചാരണങ്ങള്‍ നടത്തരുതെന്നും സമൂഹമാധ്യമത്തില്‍ പങ്കുവച്ച ഒരു വിഡിയോയില്‍ പ്രേമകുമാരി പറയുന്നു. നിമിഷ പ്രിയയെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും അറിയിക്കുന്നുണ്ട്. നിമിഷയെ കാണാനും കഴിയുന്നുണ്ടെന്ന് പ്രേമകുമാരി വിഡിയോയില്‍ പറഞ്ഞു. 2024 ഏപ്രില്‍ 20 മുതല്‍ യെമനില്‍ കഴിയുകയാണ് നിമിഷ പ്രിയയുടെ അമ്മ.
നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി യെമനില്‍ വീട്ടുതടങ്കലില്‍ ആണെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് സേവ് നിമിഷപ്രിയ ഫോറം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇത്തരം പ്രചാരണങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് മറ്റെന്തൊക്കെയോ താല്‍പര്യങ്ങളുണ്ടാകുമെന്ന് നിമിഷ പ്രിയയുടെ ഭര്‍ത്താവ് ടോമി തോമസ് പറഞ്ഞതായി സേവ് നിമിഷ പ്രിയ ഫോറം പ്രസ്താവനയില്‍ അറിയിച്ചു. ഈ ദൗത്യം തികച്ചും മാനുഷികം ആണെന്ന് ഡോ. പോള്‍ ചൂണ്ടിക്കാട്ടുകയും യുദ്ധവും വിദ്വേഷവും മൂലം ഉണ്ടാകുന്ന ദുരിതങ്ങളിലേക്ക് ലോകശ്രദ്ധ ക്ഷണിക്കുകയും ചെയ്തു. 'യുദ്ധങ്ങളും അനാവശ്യമായ ഏറ്റുമുട്ടലുകളും കാരണം തകരുന്ന ഒരു ലോകത്താണ് നിര്‍ഭാഗ്യവശാല്‍ നമ്മള്‍ ജീവിക്കുന്നത്. ഈ ദൗത്യം വിജയകരമാകുമെന്നും, ദുരിതമനുഭവിക്കുന്ന ലോകത്തിന്റെ പല ഭാഗങ്ങള്‍ക്കും ഇത് ഒരു മാതൃകയാകുമെന്നും ഞങ്ങള്‍ പ്രതീക്ഷിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു' അദ്ദേഹം പറഞ്ഞു. നേരത്തെ, കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരും ഈ വിഷയത്തില്‍ ഇടപെട്ടിരുന്നു. ഇന്ത്യന്‍ സര്‍ക്കാരിന്റെ നയതന്ത്ര ഇടപെടലുകള്‍ കാരണം ജൂലൈ 16ന് നടപ്പാക്കാന്‍ നിശ്ചയിച്ചിരുന്ന നിമിഷ പ്രിയയുടെ വധശിക്ഷ താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി ഇന്ത്യന്‍ സര്‍ക്കാര്‍ പിന്നീട് അറിയിച്ചിരുന്നു. ഇരയുടെ കുടുംബത്തിന് ബ്ലഡ് മണി (ദിയ) നല്‍കാനുള്ള ശ്രമങ്ങളും തുടരുകയാണ്. എന്നാല്‍, ആ കുടുംബം ഈ വാഗ്ദാനം നിരസിക്കുകയും പകരം അവരുടെ വധശിക്ഷ നടപ്പാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
കൊല്ലപ്പെട്ട യമന്‍ പൗരന്‍ തലാലിന്റെ സഹോദരന്‍ അബ്ദുല്‍ ഫത്താഹ് മഹ്ദിക്ക് ആണ്‍കുട്ടി ജനിച്ചു. മഹ്ദി തന്നെയാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിവരം പങ്കുവച്ചത്. വിലമതിക്കാനാകാത്ത അനുഗ്രഹമാണെന്നും പറഞ്ഞറിയിക്കാനാവാത്ത സന്തോഷമാണെന്നും ദൈവത്തിന് നന്ദിയെന്നും മഹ്ദി കുറിച്ചു. എന്നാല്‍ കുറിപ്പിനോടൊപ്പം കമന്റുകളും ചര്‍ച്ചയാകുകയാണ്. പോസ്റ്റിനോടനുബന്ധിച്ച് നിരവധി മലയാളികളാണ് നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കണമെന്ന അപേക്ഷയുമായി രംഗത്തെത്തിയത്. നിമിഷ പ്രിയയോട് ദയ കാണിക്കണമെന്നും വധശിക്ഷയില്‍ നിന്നും ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് നിരവധിപേര്‍ രംഗത്തെത്തി. എന്നാല്‍, തന്റെ നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണെന്നും യാതൊരു വിധ ഇളവുകള്‍ക്കും തയ്യാറല്ലെന്നും മഹ്ദി അറിയിച്ചു. വധശിക്ഷ നടപ്പിലാക്കുമെന്നും യാതൊരു വിധത്തിലുള്ള ചര്‍ച്ചയ്ക്ക് തയ്യാറല്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ശിക്ഷ വാങ്ങി നല്‍കുക എന്ന അനിഷേധ്യമായ അവകാശത്തെ ചര്‍ച്ചയുടെയോ വിട്ടുവീഴ്ചയുടെയോ പേരില്‍ അടിച്ചമര്‍ത്താന്‍ ആരെക്കൊണ്ടും അനുവദിക്കില്ലെന്നും മഹ്ദി പറഞ്ഞു. ചില സന്ദര്‍ഭങ്ങളില്‍ വധശിക്ഷ നീട്ടിവയ്ക്കാറുണ്ടെന്നും എന്നാല്‍ അത് നടപ്പിലാക്കിയാല്‍ മാത്രമേ തങ്ങള്‍ക്ക് നീതി ലഭിക്കുകയുള്ളൂവെന്നും മഹ്ദി പറഞ്ഞു. വധശിക്ഷ നീട്ടിവയ്ക്കുന്നതിന്റെ തീരുമാനങ്ങളെക്കുറിച്ച് ചര്‍ച്ചകള്‍ നടന്നിരുന്നുവെന്ന റിപ്പോര്‍ട്ടിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. മധ്യസ്ഥത ചര്‍ച്ച നടന്നുവെന്ന കാര്യം അംഗീകരിക്കാനും അദ്ദേഹം തയ്യാറായില്ല.
നിമിഷപ്രിയയുടെ മോചനത്തിനായി കുടുംബം മുട്ടാത്ത വാതിലുകളില്ല. നിമിഷ കുറ്റം ചെയ്തിട്ടില്ലെന്നും അടിച്ചേല്‍പ്പിച്ചതാണെന്നുമാണ് കുടുംബം പറയുന്നത്. ശിക്ഷയിളവ് ലഭിക്കുന്നതിനായി അപ്പീല്‍ നല്‍കാന്‍ കുടുംബസ്വത്തടക്കം വിറ്റാണ് ബന്ധുക്കള്‍ കോടതിയില്‍ പണം കെട്ടിവെച്ചത്. നിമിഷയുടെ അമ്മ പ്രേമകുമാരി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചപ്പോഴാണ് ദയാഹര്‍ജി യെമന്‍ കോടതി തള്ളിയ വിവരംപോലൂം കുടുംബം അറിയുന്നത്. കേസ് ഉണ്ടായ ഉടന്‍ ഒരു അഭിഭാഷകനെ ഏര്‍പ്പാടാക്കാന്‍ 50,000 ഇന്ത്യന്‍ രൂപ മകള്‍ ആവശ്യപ്പെട്ടിരുന്നു. വീട്ടുജോലിക്ക് നില്‍ക്കുന്ന തനിക്ക് അന്നത് കൊടുക്കാന്‍ കഴിയാത്തതിന്റെ വേദന ആ അമ്മ പറഞ്ഞിരുന്നു. പിന്നീട് 2024 ഏപ്രിലില്‍ മഹ്ദിയുടെ കുടുംബത്തെ കണ്ട് ദയ യാചിക്കാന്‍ അമ്മ യെമനിലുമെത്തി.
സേവ് നിമിഷപ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍
നിമിഷപ്രിയയുടെ മോചനത്തിനായി 2021 ഓഗസ്റ്റില്‍ ഇന്ത്യയില്‍ സേവ് നിമിഷ പ്രിയ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചിരുന്നു. സുപ്രീം കോടതിയില്‍ നിന്ന് വിരമിച്ചതിന് ശേഷം രാജ്യാന്തരതലത്തിലെ തന്നെ അറിയപ്പെടുന്ന മധ്യസ്ഥനായ ജസ്റ്റിസ് കുര്യന്‍ ജോസഫിന്റെ നേതൃത്വത്തിലായിരുന്നു കൗണ്‍സില്‍ രൂപീകരിച്ചത്. അഭിഭാഷകര്‍, മുന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍, വിദേശത്തുള്ള ഇന്ത്യന്‍ പ്രതിനിധികള്‍ എന്നിവരെല്ലാം കൗണ്‍സിലിന്റെ ഭാഗമായിരുന്നു. സര്‍ക്കാര്‍ സര്‍ക്കാരിതര സന്നദ്ധ സംഘടനകള്‍, അന്താരാഷ്ട എജന്‍സികള്‍ തുടങ്ങിയവരുടെ സഹകരണത്തോടെ മോചനദൗത്യം ഏകോപിപ്പിക്കലാണ് ഇതിന്റെ ദൗത്യം.
യെമനിലെ മേല്‍ക്കോടതികള്‍ വിചാരണ തുടങ്ങിയപ്പോള്‍ തന്നെ ആക്ഷന്‍ കൗണ്‍സില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ തലത്തിലും എംബസി തലത്തിലും കോടതി തലത്തിലും ഇടപെടല്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് യെമനിലെ തന്നെ മുതിര്‍ന്ന അഭിഭാഷകന്റെ സേവനം നിമിഷപ്രിയയ്ക്കായി ലഭ്യമാക്കി. ദിയാധനം നല്‍കി കേസ് അവസാനിപ്പിക്കാനായി തലാല്‍ മുഹമ്മദിന്റെ കുടുംബവുമായി നടക്കുന്ന ചര്‍ച്ചകള്‍ക്കും ആക്ഷന്‍ കൗണ്‍സിലാണ് നേതൃത്വം നല്‍കുന്നത്.
നിമിഷപ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സിലിന് വേണ്ടി സുപ്രീം കോടതി അഭിഭാഷകന്‍ അഡ്വ. സുഭാഷ് ചന്ദ്രന്‍ ഡല്‍ഹി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിനോട് കോടതി വിശദീകരണം തേടിയിരുന്നു. നിമിഷപ്രിയയുടെ കേസില്‍ നേരിട്ട് ഇടപെടാനാവില്ലെന്നും എന്നാല്‍ കുടുംബത്തിന് എല്ലാ സഹായങ്ങളും നല്‍കാന്‍ സന്നദ്ധമാണെന്നുമായിരുന്നു അന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയത്. നിമിഷപ്രിയയുടെ മോചനത്തിനായി എല്ലാ ഇടപെടലുകളും നടത്തുമെന്ന് സംസ്ഥാനസര്‍ക്കാറും കുടുംബത്തിന് ഉറപ്പുനല്‍കിയിരുന്നു. നിമിഷയുടെ മോചനത്തിനായി നയതന്ത്ര ഇടപെടലടക്കം ആവശ്യപ്പെട്ട് കേരളത്തില്‍ നിന്നുള്ള നിരവധി നേതാക്കള്‍ കേന്ദ്രസര്‍ക്കാരിനെ സമീപിച്ചിരുന്നു. ദിയാധനം നല്‍കിയാല്‍ മോചനം സാധ്യമാണെങ്കില്‍ അത് നല്‍കാന്‍ സന്നദ്ധനാണെന്ന് മലയാളി വ്യവസായി യൂസഫലിയും വാക്ക് നല്‍കിയിരുന്നു.
യെമന്‍ നിയവും മോചനത്തിനുള്ള വഴികളും
ഉയര്‍ന്ന വധശിക്ഷാ നിരക്കിന് പേരുകേട്ട രാജ്യമാണ് യെമന്‍. പ്രായപൂര്‍ത്തിയാകാത്തവരെയും സംശയാസ്പദമായ സാഹചര്യങ്ങളില്‍ വിചാരണ ചെയ്യപ്പെടുന്ന വ്യക്തികളെയും അടക്കം ഇവിടെ വധശിക്ഷയ്ക്ക് വിധേയമാക്കാറുണ്ട്. ആംനസ്റ്റി ഇന്റര്‍നാഷണല്‍, ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് തുടങ്ങിയ മനുഷ്യാവകാശ സംഘടനകള്‍ പലപ്പോഴും രാജ്യത്തെ നടപടിക്രമ ലംഘനങ്ങള്‍, നിര്‍ബന്ധിത കുറ്റസമ്മതം, പരിമിതമായ നിയമസഹായം എന്നിവ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പ്രത്യേകിച്ച് ന്യായമായ വിചാരണ മാനദണ്ഡങ്ങള്‍ പാലിക്കാത്ത സാഹചര്യങ്ങളില്‍ വധശിക്ഷകള്‍ നിര്‍ത്തണമെന്ന് യുഎന്‍ വിദഗ്ധര്‍ യെമനോട് ആവശ്യപ്പെട്ടിട്ടുമുണ്ട്.
ശരീഅത്ത് തത്വങ്ങളുള്ള ക്രിമിനല്‍ കോടതികള്‍ക്ക് കീഴിലാണ് യെമനിലെ വിചാരണകള്‍ നടക്കുന്നത്. വധശിക്ഷ ലഭിക്കാവുന്ന കേസുകളില്‍, വിധിന്യായങ്ങള്‍ പലപ്പോഴും പുരുഷ സാക്ഷികളുടെ മൊഴിയെയും കുറ്റസമ്മതത്തെയും ആശ്രയിച്ചിരിക്കും. പ്രതികള്‍ക്ക് ഒന്നിലധികം തലങ്ങളില്‍ അപ്പീല്‍ നല്‍കാം. യെമന്‍ സുപ്രീം കോടതി അവലോകനം ചെയ്യും. യെമന്‍ പ്രസിഡന്റിന്റെ അനുമതിയില്ലാതെ ഒരു വധശിക്ഷയും നടപ്പിലാക്കാന്‍ കഴിയില്ല. നിമിഷപ്രിയയുടെ കാര്യത്തില്‍ പ്രസിഡന്റും അനുമതി നല്‍കി കഴിഞ്ഞു.
പിന്നെ ആകെയുള്ള വഴി ബ്ലഡ് മണിയാണ്. ഇസ്ലാമിക നിയമമനുസരിച്ച്, കുറ്റകൃത്യങ്ങളുടെ ഇരകള്‍ക്ക് കുറ്റവാളികളെ എങ്ങനെ ശിക്ഷിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശമുണ്ട്. കൊലപാതകത്തിന്റെ കാര്യത്തില്‍, ഈ തത്വം ഇരകളുടെ കുടുംബങ്ങള്‍ക്ക് ബാധകമാണ്. നഷ്ടപരിഹാരം നല്‍കുന്നതിന് പകരമായി ഇരയുടെ കുടുംബത്തിന് പ്രതിക്ക് മാപ്പ് നല്‍കാം. ഇരയുടെ കുടുംബത്തിന് നഷ്ടപരിഹാര നീതി ഉറപ്പാക്കുന്നതിനൊപ്പം ക്ഷമയുടെ ഗുണത്തെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഇതിന് പിന്നിലെ ആശയമെന്ന് പണ്ഡിതന്മാര്‍ വിശ്വസിക്കുന്നു. പ്രതിയുടെ കുടുംബമോ പ്രതിനിധികളോ ഇരയുടെ കുടുംബമായുള്ള ചര്‍ച്ചയിലൂടെയാണ് സാധാരണയായി തുക നിശ്ചയിക്കുന്നത്. ഇത് പലപ്പോഴും സ്വകാര്യമായിരിക്കും.
കുടുംബത്തിലെ എല്ലാ അംഗങ്ങളും മാപ്പുനല്‍കാന്‍ തയ്യാറായാല്‍ മാത്രമേ മോചനം സാധ്യമാവൂ. നിമിഷപ്രിയയുടെ കേസില്‍ വധശിക്ഷയില്‍ നിന്ന് വിടുതല്‍ ലഭിക്കാന്‍ 10 ലക്ഷം ഡോളര്‍ ദിയാധനമായി നല്‍കാമെന്നാണ് ഏറ്റവുമൊടുവില്‍ യെമന്‍ പൗരന്റെ കുടുംബത്തെ അറിയിച്ചത്. എന്നാല്‍ മെഹദിയുടെ കുടുംബത്തിലെ ചില അംഗങ്ങള്‍ മാപ്പു നല്‍കുന്നതിനോട് വിയോജിച്ചിരിക്കുകയാണെന്നാണ് വിവരം. മിക്ക കേസുകളിലും വെടിവച്ചാണ് വധശിക്ഷ നടപ്പിലാക്കുന്നത്. സാധാരണയായി ജയിലുകളിലാണ് വധശിക്ഷ നടപ്പാക്കുന്നത്, എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ പരസ്യമായി വധശിക്ഷ നടപ്പാക്കിയിട്ടുണ്ട്.
യെമെനുമായി ഇന്ത്യക്ക് നയതന്ത്രബന്ധമോ അവിടെ ഇന്ത്യന്‍ എംബസിയോ ഇല്ല. യെമെനില്‍ ആഭ്യന്തരപ്രശ്‌നങ്ങളുണ്ടായതിനെത്തുടര്‍ന്ന് 2016 മുതല്‍ ഇന്ത്യയില്‍നിന്ന് അവിടേക്ക് യാത്രാവിലക്കുമുണ്ട്. എംബസിയുടെ പ്രവര്‍ത്തനങ്ങള്‍ യെമനില്‍ കാര്യമായി ഇല്ല. ഗോത്രസമുദായങ്ങളാണ് അവിടെ കാര്യങ്ങള് തീരുമാനിക്കുന്നത്. തലസ്ഥാനമായ സന ഹൂതി വിമതരുടെ നിയന്ത്രണത്തിലാണ്. ഹൂത്തി അധികാരികളുമായി ഇന്ത്യയ്ക്ക് ഔപചാരിക ബന്ധമില്ല. ഇത് നയതന്ത്ര ഇടപെടല്‍ സങ്കീര്‍ണ്ണമാക്കുന്നുണ്ട്. ഇതിനിടെ വിദേശകാര്യ മന്ത്രാലയം ഇറാന്റെ പങ്കാളിത്തം തേടാന്‍ ശ്രമിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. വിദേശകാര്യ മന്ത്രാലയവും സര്‍ക്കാരും നിമിഷപ്രിയയുടെ ജീവന്‍ രക്ഷിക്കാന്‍ 'സാധ്യമായ എല്ലാ സഹായവും' തേടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. കോണ്‍ഗ്രസിന്റെ കെ.സി. വേണുഗോപാലും സിപിഎമ്മിന്റെ കെ. രാധാകൃഷ്ണനും ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കള്‍ പ്രധാനമന്ത്രി മോദിയോട് അടിയന്തര നയതന്ത്ര നടപടിക്കായി പരസ്യമായി അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഇതിനിടെ നിമിഷപ്രിയയുടെ മോചനത്തിന് കേന്ദ്രം ഇടപെടണമെന്നാവശ്യപ്പെടുന്ന ഹര്‍ജിയും സുപ്രീംകോടതി പരിഗണിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha