മനുഷ്യക്കടത്ത് കേസില്‍ തൃശൂരിലെ കന്യാസ്ത്രീകളെ കുറ്റവിമുക്തരാക്കി

തൃശൂരില്‍ നാലുവര്‍ഷം മുന്‍പ് മനുഷ്യക്കടത്ത് ആരോപിച്ച് റെയില്‍വേ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ രണ്ടു കന്യാസ്ത്രീകളടക്കം അഞ്ചുപേരെ ഒന്നാം അഡീഷണല്‍ സെഷന്‍സ് വിചാരണ കൂടാതെ കോടതി കുറ്റവിമുക്തരാക്കി. സംഭവം നടന്ന് നാലുവര്‍ഷത്തിനുശേഷം ഈമാസം 26 നാണ്, വിചാരണ നടത്താന്‍ തക്ക തെളിവുകളില്ലാത്തതിനാല്‍ കേസ് നിലനില്‍ക്കില്ലെന്ന് നിരീക്ഷിച്ച് പ്രതിപ്പട്ടികയില്‍ നിന്ന് ഇവരെ പ്രഥമദൃഷ്ട്യാ ഒഴിവാക്കിയത്.
2021 സെപ്തംബറിലായിരുന്നു സംഭവം. കേസിലെ നാലും അഞ്ചും പ്രതികളായിരുന്നു തൃശൂരിലെ വ്യത്യസ്ത മഠങ്ങളിലെ കന്യാസ്ത്രീകള്‍. ജാര്‍ഖണ്ഡില്‍ നിന്ന് ആലപ്പുഴ – ധന്‍ബാദ് എക്‌സ്പ്രസില്‍ തൃശൂരില്‍ റെയില്‍വേ സ്‌റ്റേഷനിലെത്തിച്ച മൂന്ന് പെണ്‍കുട്ടികളെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ഇടപെട്ട് റെയില്‍വേ പൊലീസിന് കൈമാറിയിരുന്നു. ഇവരെ തൃശൂരിലെ കന്യാസ്ത്രീ മഠങ്ങളിലേക്ക് സഹായികളായി എത്തിച്ചതായിരുന്നു.
ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ (സി.ഡബ്ല്യു.സി) പരാതിയുടെ അടിസ്ഥാനത്തില്‍ റെയില്‍വേ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ ജീവിതമാര്‍ഗം തേടിയാണ് കുട്ടികള്‍ മാതാപിതാക്കളുടെ സമ്മതത്തോടൊപ്പം വന്നതെന്ന് പ്രതിസ്ഥാനത്തുള്ളവര്‍ കോടതിയെ ബോധിപ്പിച്ചു.
ഇതോടെയാണ് മനുഷ്യക്കടത്ത് കുറ്റം നിലനില്‍ക്കില്ലെന്ന നിരീക്ഷണത്തോടെ പ്രതിപ്പട്ടികയില്‍ ചേര്‍ത്ത കന്യാസ്ത്രീകള്‍ അടക്കമുള്ളവരെ ജഡ്ജി കെ.കമനീസ് കുറ്റവിമുക്തരാക്കിയത്. കുട്ടികളോടൊപ്പം ഉണ്ടായിരുന്ന ജാര്‍ഖണ്ഡ് സ്വദേശികളായ ദമ്പതികളായിരുന്നു ഒന്നും രണ്ടും പ്രതികള്‍. മൂന്നാം പ്രതി അവരുടെ സുഹൃത്തായ ജാര്‍ഖണ്ഡ് സ്വദേശിയായിരുന്നു. ഇവരുടെ അടുത്ത ബന്ധുക്കളായിരുന്നു പെണ്‍കുട്ടികള്‍.
https://www.facebook.com/Malayalivartha