പാലിയേക്കരയില്‍ ടോള്‍ പിരിവ് തടഞ്ഞതിനെതിരെ ദേശീയപാത അതോറിട്ടി സുപ്രീംകോടതിയില്‍

പാലിയേക്കരയിലെ ടോള്‍ പിരിവ് തടഞ്ഞ ഹൈക്കോടതി ഉത്തരവിനെതിരെ ദേശീയ പാത അതോറിട്ടി സുപ്രീംകോടതിയില്‍. ടോള്‍ പിരിവ് നാലാഴ്ചത്തേക്ക് തടഞ്ഞ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് അതോറിട്ടി അപ്പീല്‍ നല്‍കിയത്. ബുധനാഴ്ചയാണ് ടോള്‍ പിരിവ് തടഞ്ഞ് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
അപ്പീല്‍ സാദ്ധ്യത മുന്നില്‍ക്കണ്ട് ഹൈക്കോടതിയിലെ ഹര്‍ജിക്കാരന്‍ ഷാജി കോടകണ്ടത്ത് നേരത്തെ തടസ ഹര്‍ജിയും നല്‍കിയിരുന്നു. ഹൈക്കോടതി ഉത്തരവിനെതിരെ കരാര്‍ കമ്പനിയും ദേശീയ പാത അതോറിട്ടിയും അപ്പീല്‍ നല്‍കിയാല്‍ തന്റെ വാദം കേള്‍ക്കാതെ തീരുമാനം എടുക്കരുത് എന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്.
ദേശീയപാതയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ ദേശീയപാത അതോറിട്ടിക്ക് കഴിയാത്തത് ചൂണ്ടിക്കാട്ടിയാണ് തൃശൂര്‍ പാലിയേക്കരയില്‍ ടോള്‍ പിരിക്കുന്നത് ഹൈക്കോടതി നാലാഴ്ചത്തേക്ക് വിലക്കിയത് . ഈ സമയപരിധിക്കകം കുരുക്ക് പരിഹരിക്കാന്‍ അതോറിട്ടി നടപടിയെടുക്കണമെന്നും ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ഹരിശങ്കര്‍ വി. മേനോന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു.
ഫെബ്രുവരി മുതല്‍ അവസരം നല്‍കിയിട്ടും പരിഹാരം കാണാന്‍ അതോറിട്ടി നടപടി സ്വീകരിച്ചില്ലെന്ന് കോടതി വിമര്‍ശിച്ചു. നടപടി സ്വീകരിക്കുന്നതുവരെ ടോള്‍പിരിവ് നിറുത്തിവയ്ക്കണം. സുഗമമായ ഗതാഗതം ഉറപ്പാക്കാനാണ് ടോള്‍ പിരിവ്. ഇതില്‍ വീഴ്ച വരുമ്പോള്‍ ടോള്‍ അവകാശപ്പെടാന്‍ ദേശീയപാത അതോറിട്ടിക്കും കരാറുകാര്‍ക്കും കഴിയില്ലെന്നും ഉത്തരവില്‍ പറയുന്നു.ടോള്‍ കൊടുക്കുന്നത് യാത്രക്കാരുടെ നിയമപരമായ ബാദ്ധ്യതയാണെന്നും ചൂണ്ടിക്കാട്ടി. ജൂലായ് 17 ന് ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലെടുത്ത തീരുമാനങ്ങള്‍ നാലാഴ്ചയ്ക്കകം നടപ്പാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
https://www.facebook.com/Malayalivartha