ട്രംപിന്റെ നടപടിയില്‍ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് എംപി ശശി തരൂര്‍

ഇന്ത്യയുടെമേല്‍ കയറ്റുമതി തീരുവ കുത്തനെ ഉയര്‍ത്തിയ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടിയില്‍ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ട്രംപിന്റെ ഇരട്ടത്താപ്പിനെ എതിര്‍ക്കണമെന്നും ആരുടെയും നിബന്ധനകള്‍ക്ക് ഇന്ത്യ വഴങ്ങരുതെന്നും അദ്ദേഹം എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ഒരു കക്ഷി നിബന്ധനകള്‍ വെക്കുകയും എതിര്‍ കക്ഷി അത് ചോദ്യംചെയ്യാതെ അനുസരിക്കുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്ന ഒരു സാഹചര്യം അംഗീകരിക്കാനാവില്ല. ആ കാലം കഴിഞ്ഞു. 200 വര്‍ഷത്തെ കോളനി വാഴ്ചയ്ക്ക് ശേഷം, ഇത്തരം കല്‍പ്പനകള്‍ ഇന്ത്യയുടെമേല്‍ അടിച്ചേല്‍പ്പിക്കാന്‍ അനുവദിക്കാറില്ല. അദ്ദേഹം വ്യക്തമാക്കി.
യുഎസ് തന്നെ എല്ലാ വര്‍ഷവും റഷ്യയില്‍നിന്ന് കോടിക്കണക്കിന് ഡോളര്‍ വിലമതിക്കുന്ന വളം ഇറക്കുമതി ചെയ്യുന്നുണ്ട്. യുറേനിയം ഹെക്‌സാഫ്‌ലൂറൈഡ്, കാറ്റലറ്റിക് കണ്‍വെര്‍ട്ടറുകള്‍ക്ക് ആവശ്യമായ പല്ലാഡിയം എന്നിവയും യുഎസ് റഷ്യയില്‍നിന്ന് വാങ്ങുന്നു. ഈ വര്‍ഷം ജനുവരി മുതല്‍ മെയ് വരെയുള്ള അഞ്ച് മാസത്തിനുള്ളില്‍ മാത്രം, റഷ്യയില്‍ നിന്നുള്ള യുഎസ് ഇറക്കുമതി 2.4 ബില്യണ്‍ ഡോളറാണ്. ഇത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 20 ശതമാനം കൂടുതലാണ്. ട്രംപിന്റെ ഇരട്ടത്താപ്പിനെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ട് തരൂര്‍ പറഞ്ഞു.
ഇന്ത്യയുടെ പണം യുെ്രെകനിലെ റഷ്യന്‍ യുദ്ധയന്ത്രത്തിന് ഇന്ധനം നല്‍കുന്നുവെന്നും അമേരിക്കന്‍ ഡോളറുകള്‍ നല്‍കുന്നില്ലെന്നും ട്രംപിന് എങ്ങനെ വാദിക്കാന്‍ കഴിയുമെന്ന് ചോദിച്ച തരൂര്‍ ഇത് തികഞ്ഞ കാപട്യമാണെന്നും വിമര്‍ശിച്ചു. വിഷയത്തില്‍ അമേരിക്കയുമായി ഇരുന്ന് സംസാരിക്കേണ്ടിവരുമെന്ന് കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെമേല്‍ 25 ശതമാനം തീരുവയായിരുന്നു ട്രംപ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നതിനെതിരായ താക്കീത് അംഗീകരിക്കാന്‍ ഇന്ത്യ തയ്യാറാവാത്തതിനെ തുടര്‍ന്ന് 25 ശതമാനം തീരുവകൂടി അധികമായി ചുമത്തി. ഇതോടെ ഇന്ത്യയ്ക്ക് ചുമത്തിയിരിക്കുന്ന തീരുവ 50 ശതമാനമായി. ഇതുമായി ബന്ധപ്പെട്ട ഉത്തരവില്‍ ട്രംപ് ഒപ്പുവെക്കുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha