ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിന്റെ സണ്‍റൂഫിലൂടെ മുകളിലേയ്ക്ക് കയറിയ യുവതിയുടെ റീല്‍സ് ചിത്രീകരണം

ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിന്റെ സണ്‍റൂഫിലൂടെ മുകളില്‍ കയറിയിരുന്ന് റീല്‍സ് ചിത്രീകരിച്ച യുവതിക്കെതിരെ കേസ്. ഗുരുഗ്രാമിലെ ദേശീയ പാതയിലാണ് സംഭവം. ഓടിക്കൊണ്ടിരിക്കുന്ന ഥാറിന്റെ മുകളിലിരുന്ന് യുവതി റീല്‍സ് ചിത്രീകരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
ഒരു പുരുഷനാണ് വാഹനം ഓടിച്ചിരുന്നത്. സണ്‍റൂഫിലൂടെ മുകളിലേയ്ക്ക് കയറിയ യുവതി എസ്‌യുവിയുടെ മുകളില്‍ കയറിയിരിക്കുന്നതും മൊബൈല്‍ ഫോണില്‍ വീഡിയോ ചിത്രീകരിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. യുവതി ഗതാഗത നിയമങ്ങള്‍ ലംഘിക്കുക മാത്രമല്ല, സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ഥാര്‍ പിടിച്ചെടുത്തു. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും ശിക്ഷാനടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.
പ്രദേശവാസിയായ ഒരാളുടേതാണ് വാഹനം എന്നും ഇയാളുടെ മകനാണ് സംഭവസമയം ഥാര്‍ ഓടിച്ചതെന്നും പൊലീസ് പറഞ്ഞു.കേസ് അന്വേഷണത്തിന്റെ ഭാഗമായി എത്തിയപ്പോള്‍ ഇയാള്‍ വീട്ടിലില്ലായിരുന്നു. കുറ്റവാളികളെ പിടികൂടാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായും പൊലീസ് കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha