മലയോര വന മേഖലയില്‍ ശക്തമായ മഴ..... മണ്ണിടിച്ചിലും ഉരുള്‍പൊട്ടല്‍ സാദ്ധ്യതയും കണക്കിലെടുത്ത് പൊന്‍മുടി അടച്ചു

സഞ്ചാരികളുടെ ശ്രദ്ധയ്ക്ക്.... മലയോര വന മേഖലയില്‍ ശക്തമായ മഴ. പൊന്‍മുടി ബോണക്കാട്,കല്ലാര്‍,പേപ്പാറ മേഖലകളിലാണ് മഴ ശക്തി പ്രാപിച്ചിരിക്കുന്നത്. വനത്തില്‍ നിന്ന് നദിയിലേക്ക് ശക്തമായ മലവെള്ളപ്പാച്ചിലുമുണ്ട്. വ്യാപകമായി കരയിടിച്ചിലുമുണ്ടായി. താഴ്ന്ന പ്രദേശങ്ങളൊക്കെ വെള്ളത്തില്‍ മുങ്ങി. നദികളിലെ നീരൊഴുക്കും ഗണ്യമായി ഉയര്‍ന്നിരിക്കുകയാണ്.
പൊന്‍മുടി തിരുവനന്തപുരം സംസ്ഥാനപാതയിലെ മിക്ക മേഖലകളിലും വെള്ളക്കെട്ടുണ്ട്. വ്യാപകമായ കൃഷിനാശവുമുണ്ട്. ഓണവിപണി ലക്ഷ്യമിട്ട് നടത്തിയിരുന്ന കൃഷികളൊക്കെയും നശിച്ചു. ശക്തമായ കാറ്റില്‍ മരങ്ങള്‍ ഒടിഞ്ഞും കടപുഴകിയും വൈദ്യുതിലൈനുകളും തകര്‍ന്നു.
മഴയെ തുടര്‍ന്ന് പൊന്‍മുടി കല്ലാര്‍ റൂട്ടില്‍ പൊന്‍മുടി ഇരുപത്തിരണ്ടാംവളവിന് സമീപം മണ്ണിടിഞ്ഞ് റോഡിലേക്ക് പതിച്ച് മണിക്കൂറുകളോളം ഗതാഗതതടസമുണ്ടായി.
വിതുരയില്‍ നിന്ന് ഫയര്‍ഫോഴ്‌സെത്തി മണ്ണ് നീക്കി ഗതാഗതം പുനഃസ്ഥാപിച്ചു. പൊന്‍മുടി -വിതുര റൂട്ടില്‍ മറ്റ് രണ്ടിടങ്ങളിലും മണ്ണിടിച്ചിലുണ്ടായി.
അതേസമയം ശക്തമായ മഴയെ തുടര്‍ന്ന് മണ്ണിടിച്ചിലും ഉരുള്‍പൊട്ടല്‍ സാദ്ധ്യതയും കണക്കിലെടുത്ത് ദുരന്തനിവാരണ അതോറിട്ടിയുടെ നിര്‍ദ്ദേശപ്രകാരം ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ പൊന്‍മുടി അടച്ചിടുമെന്ന് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസറുടെ അറിയിപ്പുണ്ട്.
https://www.facebook.com/Malayalivartha