ഡെസ്റ്റിനേഷന്‍ വെഡ്ഡിങ് മേഖലയില്‍ തരംഗമായി വിന്‍റേജ് കാറുകള്‍

കേരള ടൂറിസം സ്റ്റാളിലായിരുന്നു 1930 മോഡല്‍ ബ്യൂഫോര്‍ഡ് കാര്‍ പ്രദര്‍ശിപ്പിച്ചത്. കേരളത്തില്‍ ഡെസ്റ്റിനേഷന്‍ വെഡ്ഡിങ്ങിന് പ്രധാനമായും വേദിയാകുന്ന വന്‍കിട ഹോട്ടലുകളിലും ആഡംബര റിസോര്‍ട്ടുകളിലും ഇത്തരം വിന്‍റേജ് കാറുകള്‍ ഇടം പിടിച്ചിട്ടുണ്ട്. ഡെസ്റ്റിനേഷന്‍ വെഡ്ഡിങ് തരംഗമായതോടെ വിന്‍റേജ് കാറുകള്‍ക്കും ഡിമാന്‍ഡ് കൂടിയിട്ടുണ്ട്. ഇതിന്‍റെ സാക്ഷ്യമായിരുന്നു എക്സ്പോയിലെ വിന്‍റേജ് കാര്‍.
ഇംഗ്ലണ്ടില്‍ ഉള്‍പ്പെടെ വിവാഹ വേളയില്‍ വില്ലുവണ്ടികളിലും വിന്‍റേജ് കാറുകളിലും വധൂവരന്‍മാരെ ആനയിക്കുന്നത് നൂറ്റാണ്ടുകളായുള്ള പതിവാണ്. ഇതാണ് ഡെസ്റ്റിനേഷന്‍ വെഡ്ഡിങ് തംരഗമായപ്പോള്‍ കേരളത്തിലേക്ക് പകര്‍ത്തിയത്. വെറ്ററന്‍, എഡ്വാര്‍ഡിയന്‍, വിന്‍റേജ്, ക്ലാസിക്ക് മോഡല്‍ കാറുകളെല്ലാം ഇപ്പോള്‍ കേരളത്തിലെ വിവാഹ വേദിയില്‍ താരങ്ങളാണ്. ഇതിനു പുറമേ പഴയ ക്ലാസിക്ക് ജീപ്പുകളും സ്കൂട്ടറുകളുമുണ്ട്.
കേരളത്തെ മികച്ച ഡെസ്റ്റിനേഷനായി മാറ്റുന്ന പ്രകൃതിസൗന്ദര്യവും മനോഹരങ്ങളായ സ്ഥലങ്ങളെയും പോലെ പ്രാധാന്യമുള്ളതാണ് ഗൃഹാതുരതയെയും പാരമ്പര്യത്തെയും അടയാളപ്പെടുത്തുന്നതെന്നും കെ.ടി.എം സൊസൈറ്റി പ്രസിഡന്‍റ് ജോസ് പ്രദീപ് പറഞ്ഞു. വിവാഹ ചടങ്ങിലെ വിന്‍റേജ് വാഹനങ്ങളുടെ സാന്നിധ്യം അത്തരത്തിലുള്ള ഒന്നാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എക്സ്പോയില്‍ കേരള ടൂറിസം സ്റ്റാളില്‍ പ്രദര്‍ശിപ്പിച്ച വിന്‍റേജ് കാര്‍ ചങ്ങനാശ്ശേരിയിലെ കോഹിനൂര്‍ ഗാരേജില്‍ നിന്നുള്ളതാണ്. 1924 മോഡല്‍ ഓസ്റ്റിന്‍ ചമ്മി, 1929 ലെ ഡോഡ്ജ് (മൈസൂര്‍ റോയല്‍ ഫാമിലി), ഫോര്‍ഡ് മോഡല്‍ ടി, മോറിസ് മോക്ക്, ഇംപാല, ഡോഡ്ജ്, രണ്ടാം ലോകമഹായുദ്ധത്തില്‍ പങ്കെടുത്ത ഡോഡ്ജ്, വില്ലിസ് എംബി എന്നിവ കോഹിനൂര്‍ ഗാരേജിന്‍റെ ശേഖരത്തിലുണ്ട്. ഈ കാറുകളില്‍ മിക്കതും സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ നടക്കുന്ന ഡെസ്റ്റിനേഷന്‍ വെഡ്ഡിങ്ങിലെ സാന്നിധ്യങ്ങളാണ്.
ഡെസ്റ്റിനേഷന്‍ വെഡ്ഡിങ്ങിന് പ്രാധാന്യമേറിയതോടെ കാറുകള്‍ക്ക് ആവശ്യക്കാര്‍ വര്‍ധിച്ചുവെന്ന് കോഹിനൂര്‍ ഗാരേജിലെ നിമേഷ് പറഞ്ഞു. തന്‍റെ പിതാവായ സിയാദ് കോഹിനൂര്‍ 40 വര്‍ഷമായി ക്ലാസിക്ക് കാറുകള്‍ വാങ്ങി ശേഖരിക്കുന്നുണ്ട്. വിനോദമെന്ന നിലയില്‍ ആരംഭിച്ച ശേഖരം ഡെസ്റ്റിനേഷന്‍ വെഡ്ഡിങ്ങിലൂടെ ഇപ്പോള്‍ വരുമാന സ്രോതസ്സായി മാറിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha