ചിങ്ങമാസ പൂജയ്ക്കായി ശബരിമല നട തുറന്നു

പതിനായിരങ്ങള്‍ക്കു ദര്‍ശന പുണ്യവുമായി ചിങ്ങമാസ പൂജയ്ക്കായി അയ്യപ്പ ക്ഷേത്രനട തുറന്നു. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരിയാണ് നട തുറന്നത്. 21 വരെ പൂജകള്‍ ഉണ്ടാകും. ദര്‍ശനത്തിന് എത്തുന്ന എല്ലാ തീര്‍ഥാടകരും വെര്‍ച്വല്‍ ക്യൂ ബുക്കു ചെയ്യണം. സന്നിധാനത്തും പമ്പയിലും ശക്തമായ മഴ തുടരുകയാണ്.
അയ്യപ്പ സന്നിധിയില്‍ ഒരുവര്‍ഷത്തെ താന്ത്രിക നിയോഗവുമായി കണ്ഠര് മഹേഷ് മോഹനര് മലകയറി എത്തി. വൈകിട്ട് നട തുറന്നത് മഹേഷിന്റെ സാന്നിധ്യത്തിലായിരുന്നു. 2015ല്‍ ആണ് മഹേഷ് മോഹനര് തന്ത്രിയുടെ പൂര്‍ണ ചുമതല ഏറ്റെടുത്തത്. താഴമണ്‍ മഠത്തിലെ അംഗങ്ങള്‍ ചേര്‍ന്നുണ്ടാക്കിയ ധാരണ അനുസരിച്ച് ഒന്നിടയിട്ട വര്‍ഷങ്ങളില്‍ തന്ത്രി മാറി വരും. കര്‍ക്കടകമാസ പൂജയും നിറപുത്തരിയും പൂര്‍ത്തിയാക്കി കണ്ഠര് രാജീവരും കണ്ഠര് ബ്രഹ്മദത്തനും പടിയിറങ്ങിയ ശേഷമാണ് മഹേഷിന്റെ ഊഴം എത്തിയത്.
നദിയില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ തീര്‍ഥാടകര്‍ പമ്പാ സ്‌നാനത്തിനു നദിയിലേക്ക് ഇറങ്ങരുതെന്ന് ജില്ലാ കലക്ടര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നട തുറന്ന് അയ്യപ്പനെ ഭക്തജന സാന്നിധ്യം അറിയിച്ച് ശ്രീകോവിലിലെ ദീപങ്ങള്‍ തെളിയിച്ചു. തുടര്‍ന്ന് മാളികപ്പുറം ക്ഷേത്രനട തുറക്കാനായി മേല്‍ശാന്തി വാസുദേവന്‍ നമ്പൂതിരിക്ക് താക്കോലും ഭസ്മവും നല്‍കി യാത്രയാക്കി. അതിനുശേഷം പതിനെട്ടാംപടി ഇറങ്ങി ആഴി തെളിയിച്ച ശേഷമാണ് തീര്‍ഥാടകരെ പടി കയറാന്‍ അനുവദിച്ചത്. ചിങ്ങമാസ പുലരിയില്‍ അയ്യപ്പ സന്നിധിയില്‍ ലക്ഷാര്‍ച്ചന നടക്കും.
തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാര്‍മികത്വത്തില്‍ നെയ്യഭിഷേകം തുടങ്ങും. അതിനു ശേഷം തന്ത്രിയുടെ കാര്‍മികത്വത്തില്‍ ബ്രഹ്മകലശം പൂജിക്കും. തുടര്‍ന്ന് 25 ശാന്തിക്കാര്‍ കലശത്തിനു ചുറ്റും ഇരുന്നു സഹസ്രനാമം ചൊല്ലി അര്‍ച്ചന കഴിക്കും. ഉച്ചയോടെ ലക്ഷം മന്ത്രങ്ങള്‍ പൂര്‍ത്തിയാക്കി ബ്രഹ്മകലശം അയ്യപ്പ വിഗ്രഹത്തില്‍ അഭിഷേകം ചെയ്യും. 21 വരെ പൂജകള്‍ ഉണ്ടാകും. എല്ലാ ദിവസവും ഉദയാസ്തമനപൂജ, പടിപൂജ, കളഭാഭിഷേകം, പുഷ്പാഭിഷേകം എന്നിവ ഉണ്ടാകും. 21ന് രാത്രി 10ന് നട അടയ്ക്കും. ഓണം പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട സെപ്റ്റംബര്‍ 3ന് വൈകിട്ട് 5ന് തുറക്കും. 7ന് അടയ്ക്കും. 4 മുതല്‍ 7 വരെ അയ്യപ്പ സന്നിധിയില്‍ ഓണ സദ്യ ഉണ്ടാകും.
https://www.facebook.com/Malayalivartha