കൊഴിഞ്ഞാമ്പാറയില്‍ വീട്ടുമുറ്റത്ത് അമ്പത്തെട്ടുകാരന്‍ മരിച്ച നിലയില്‍... സംഭവത്തില്‍ മകന്‍ കസ്റ്റഡിയില്‍....

മകന്‍ അയല്‍വാസികളോട് വിളിച്ചു പറഞ്ഞത് അച്ഛന്‍ വീട്ടുമുറ്റത്ത് കിടക്കുന്നുവെന്ന്.... നല്ലേപ്പിള്ളി വാളറയില്‍ അമ്പത്തെട്ടുകാരനെ വീട്ടുമുറ്റത്ത് വീണു മരിച്ചനിലയില്‍ കണ്ടെത്തി. സംഭവത്തില്‍ മകനെ പോലീസ് കസ്റ്റഡിയിലെടുത്തു. നല്ലേപ്പിള്ളി, വാളറ തോട്ടത്തുക്കളം സി. രാമന്‍കുട്ടിയാണ് (58) മരിച്ചത്. മകന്‍ ആദര്‍ശിനെയാണ് (26) പോലീസ് കസ്റ്റഡിയിലെടുത്തത്.
ബുധനാഴ്ച രാത്രി 10 മണിയോടെയാണ് രാമന്‍കുട്ടി വീട്ടുമുറ്റത്ത് വീണു കിടക്കുന്നതായി ആദര്‍ശ് സമീപവാസികളെ അറിയിച്ചത്. സമീപവാസിയുടെ സഹായത്തോടെ ഇയാളെ വീട്ടിലെ കട്ടിലില്‍ കൊണ്ടുകിടത്തി. തുടര്‍ന്ന്, അച്ഛന്‍ മരിച്ചതായി ആദര്‍ശ് ബന്ധുക്കളെ വിളിച്ചറിയിച്ചു.
വീട്ടിലെത്തി മൃതദേഹം കണ്ടവരില്‍ ചിലര്‍ക്ക് സംശയം തോന്നിയതിനെത്തുടര്‍ന്ന് വ്യാഴാഴ്ച 10 മണിക്ക് കൊഴിഞ്ഞാമ്പാറ പോലീസിനെ വിവരമറിയിച്ചു. സ്വാഭാവികമരണമെന്ന് വരുത്തിത്തീര്‍ത്ത് സംസ്‌കാരം നടത്താനുള്ള ശ്രമമായിരുന്നെന്നും ആരോപണമുണ്ട്. പോലീസെത്തി നടത്തിയ പരിശോധനയില്‍ രാമന്‍കുട്ടിയുടെ ശരീരത്തില്‍ പലഭാഗത്തായി മര്‍ദ്ദനമേറ്റതിന്റെ പാടുകളും രക്തക്കറയും കണ്ടെത്തി. തുടര്‍ന്ന്, ഫൊറന്‍സിക്, വിരടയാള വിദഗ്ധര്‍ സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.
രണ്ടുമാസം മുന്‍പ് രാമന്‍കുട്ടിയുടെ ഭാര്യ ചന്ദ്രിക മരിച്ചതിനുശേഷം അച്ഛനും മകനും മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്. രാമന്‍കുട്ടി രോഗങ്ങളാല്‍ വളരെയേറെ ബുദ്ധിമുട്ടിയിരുന്നു. കഴിഞ്ഞ ദിവസം ബന്ധുവീട്ടില്‍ പോയ രാമന്‍കുട്ടി ബുധനാഴ്ചയാണ് വീട്ടിലേക്കു തിരിച്ചെത്തിയത്. അന്നുരാത്രിയാണ് മരിച്ചത്. ആദര്‍ശ് മദ്യപിച്ചിരുന്നതായും രാമന്‍കുട്ടിക്കും മദ്യം നല്‍കിയിരുന്നതായും ചോദ്യംചെയ്യലില്‍ സമ്മതിച്ചതായി പോലീസ് .
ജില്ലാ ആശുപത്രിയില്‍ വെള്ളിയാഴ്ച പോസ്റ്റ്മോര്‍ട്ടം നടത്തി മൃതദേഹം സംസ്‌കരിക്കും. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മരണകാരണം വ്യക്തമാകൂ എന്നും ആദര്‍ശിനെ ചോദ്യംചെയ്തുവരുന്നു.
"
https://www.facebook.com/Malayalivartha