അന്തരിച്ച പീരുമേട് എംഎല്‍എ വാഴൂര്‍ സോമന്റെ സംസ്‌കാരം ഇന്ന്...ഇന്ന് രാവിലെ 11 മണി മുതല്‍ വണ്ടിപ്പെരിയാര്‍ ടൗണ്‍ഹാളില്‍ പൊതുദര്‍ശനം, വൈകുന്നേരം സംസ്‌കാരം

അന്തരിച്ച പീരുമേട് എംഎല്‍എ വാഴൂര്‍ സോമന്റെ സംസ്‌കാരം ഇന്ന് നടക്കും. തിരുവനന്തപുരത്തുനിന്ന് പുലര്‍ച്ചെയോടെ മൃതദേഹം വണ്ടിപ്പെരിയാര്‍ വാളാഡിയിലെ വീട്ടിലെത്തിച്ചു. ഇന്ന് രാവിലെ 11 മണി മുതല്‍ വണ്ടിപ്പെരിയാര്‍ ടൗണ്‍ഹാളില്‍ പൊതുദര്‍ശനം ഉണ്ടാകും. വൈകിട്ട് നാലുമണിക്ക് പഴയ പാമ്പനാറിലുള്ള എസ് കെ ആനന്ദന്‍ സ്മൃതി മണ്ഡപത്തിന് സമീപമാണ് സംസ്‌കാരം. നേരത്തെ വീട്ടുവളപ്പിലായിരുന്നു സംസ്‌കാര ചടങ്ങുകള്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍, എസ് കെ ആനന്ദന്‍ സ്മൃതി മണ്ഡപത്തിനോട് ചേര്‍ന്ന് മൃതദേഹം സംസ്‌കരിക്കണമെന്ന ആഗ്രഹം വാഴൂര്‍ സോമന് ഉണ്ടായിരുന്നതായി കുടുംബാംഗങ്ങള്‍ അറിയിച്ചതോടെയാണ് മാറ്റം വരുത്തിയത്.
ഇന്നലെ വൈകിട്ട് ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു വാഴൂര്‍ സോമന്റെ അന്ത്യം. ഔദ്യോഗിക പരിപാടിക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് മരണം സംഭവിച്ചത്. തിരുവനന്തപുരം പി.ടി.പി. നഗറില്‍ റവന്യൂ വകുപ്പിന്റെ ഇടുക്കി ജില്ലാതല യോഗത്തില്‍ പങ്കെടുത്ത ശേഷം മടങ്ങുന്ന വഴിയാണ് വാഴൂര്‍ സോമന്‍ എംഎല്‍എയ്ക്ക് ഹൃദയാഘാതമുണ്ടായത്.
തുടര്‍ന്ന്, റവന്യൂ മന്ത്രിയുടെ വാഹനത്തില്‍ അദ്ദേഹത്തെ ഉടന്‍ തന്നെ ശാസ്തമംഗലത്തെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.തോട്ടം തൊഴിലാളികളെ സംഘടിപ്പിച്ചു വളര്‍ന്ന നേതാവായിരുന്നു വാഴൂര്‍ സോമന്‍. ഇടുക്കി പീരുമേട്ടില്‍ നിന്ന് സിപിഐ എംഎല്‍എ ആയാണ് വാഴൂര്‍ സോമന്‍ നിയമസഭയിലെത്തിയത്. 1835 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു വിജയം. യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. സിറിയക് തോമസ് ആയിരുന്നു വാഴൂര്‍ സോമന്റെ എതിരാളി. വെയര്‍ ഹൗസിങ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍, എഐടിയുസി സംസ്ഥാന വൈസ് പ്രവസിഡന്റ് എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്. ഭാര്യ: ബിന്ദു. രണ്ട് മക്കളുണ്ട്.
"
https://www.facebook.com/Malayalivartha