ഷൊര്‍ണൂര്‍-നിലമ്പൂര്‍ റെയില്‍വേ പാതയില്‍ രാത്രികാല മെമു സര്‍വീസ് നാളെ തുടങ്ങും

ഷൊര്‍ണൂര്‍-നിലമ്പൂര്‍ റെയില്‍വേ പാതയില്‍ രാത്രികാല മെമു സര്‍വീസ് ശനിയാഴ്ച തുടങ്ങും. ആദ്യ സര്‍വീസ് ഷൊര്‍ണൂരില്‍ നിന്ന് രാത്രി 8.35-ന് നിലമ്പൂരിലേക്ക് പുറപ്പെടുകയും ചെയ്യും.
എറണാകുളം, തൃശ്ശൂര്‍ മേഖലയില്‍നിന്ന് രാത്രി നിലമ്പൂര്‍ ഭാഗത്തേക്കുള്ള യാത്രക്കാര്‍ക്ക് ഇനി എക്‌സിക്യുട്ടീവ് എക്‌സ്പ്രസിനെ ആശ്രയിക്കാതെ മെമുവില്‍ പോകാം.
സര്‍വീസ് ഇങ്ങനെ രാത്രി 8.35-ന് ഷൊര്‍ണൂരില്‍ നിന്ന് പുറപ്പെടും. 10.05-ന് നിലമ്പൂരില്‍. പുലര്‍ച്ചെ 3.40-ന് നിലമ്പൂരില്‍ നിന്ന് പുറപ്പെടും. 4.55-ന് ഷൊര്‍ണൂരില്‍.
അതേസമയം മെമു സര്‍വീസിന്റെ സമയക്രമം പുതുക്കണമെന്ന ആവശ്യവും ശക്തമാണ്. നിലവിലെ സമയം വന്ദേഭാരത് ഉള്‍പ്പെടെയുള്ള ട്രെയിനുകള്‍ക്കു പ്രയാസമാകും.
ഷൊര്‍ണൂരില്‍ നിന്നുള്ള പുറപ്പെടല്‍ 9.15 ആക്കിയാല്‍ വന്ദേഭാരതിന് കണക്ഷന്‍ ലഭിക്കും. ആലപ്പുഴ, കണ്ണൂര്‍ എക്‌സിക്യുട്ടീവ് എക്‌സ്പ്രസ്, തിരുവനന്തപുരം മംഗളൂരു വന്ദേഭാരത് എക്‌സ്പ്രസ് എന്നിവയ്ക്കും കണക്ഷന്‍ ഉറപ്പിക്കാം.
നിലവില്‍ ഷൊര്‍ണൂരില്‍ നിന്ന് 8.15-ന് പുറപ്പെടുന്ന ട്രെയിന്‍ സമയത്തിലും മാറ്റം വരുത്തിയാല്‍ ഈ ട്രെയിനിനും കൂടുതല്‍ കണക്ഷന്‍ ലഭിക്കും. മെമുവിന്റെ പുലര്‍ച്ചെ നിലമ്പൂരില്‍നിന്നുള്ള പുറപ്പെടല്‍ സമയം അല്പം വൈകിയാക്കിയാല്‍ 4.30-നുള്ള ഷൊര്‍ണൂര്‍എറണാകുളം ആലപ്പുഴ മെമു കണക്ഷന്‍ ലഭിക്കും. ഏറെ യാത്രക്കാരാണ് ആ സമയത്ത് ഷൊര്‍ണൂര്‍-എറണാകുളം മെമുവിനെ ആശ്രയിക്കുന്നത്. നാലരയ്ക്കുള്ള മെമു പോയാല്‍ പിന്നീട് ഏഴരവരെ കാത്തിരിക്കണം എറണാകുളത്തേക്ക് പോകാന്‍. ഒന്ന് രണ്ട് ദീര്‍ഘദൂര വണ്ടികളുണ്ടെങ്കിലും പലപ്പോഴും വൈകിവരുന്നതിനാലും തിരക്കുള്ളതിനാലും പ്രയോജനമുണ്ടാകാറില്ല.
ട്രെയിന്‍ ക്രോസിങ് സ്റ്റേഷനായ അങ്ങാടിപ്പുറത്ത് എത്തിയശേഷമേ അടുത്ത ട്രെയിന്‍ പുറപ്പെടാനാകൂ എന്നതിനാല്‍ രാത്രി 8.15-ന് ഷൊര്‍ണൂരില്‍നിന്ന് പുറപ്പെടുന്ന ട്രെയിന്‍ അല്പം നേരത്തേയാക്കുമെന്നാണു സൂചന.
"
https://www.facebook.com/Malayalivartha