പാർട്ടി കൈവിട്ടു ; എംഎൽഎ സ്ഥാനം രാജി വെക്കണമെന്നാവശ്യപ്പെട്ട് പാലക്കാട്ടെ കോൺഗ്രസ് നേതാക്കളും ;അടൂരിലെ വീടിന് ചുറ്റും പോലീസ് സന്നാഹം

കേരളം തിരിച്ചുപിടിക്കാനുള്ള അവസരം കളങ്കാരോപിതനെ സംരക്ഷിച്ച് കളഞ്ഞുകുളിക്കരുതെന്ന് ഹൈക്കമാൻഡ് താക്കീത് ചെയ്തതോടെ രാഹുൽ മാങ്കൂട്ടത്തിലിന്റെ എം.എൽ.എ സ്ഥാനവും തുലാസിലായി. കോണ്‍ഗ്രസില്‍ ഒറ്റപ്പെട്ട് രാഹുല്‍ മാങ്കൂട്ടത്തില്‍ വലിയ പ്രതിസന്ധിയിലാകുകയാണ്.. പാര്‍ട്ടിക്കു നാണക്കേടുണ്ടാക്കിയ വിവാദത്തില്‍ രാഹുല്‍ എംഎല്‍എ സ്ഥാനം രാജിവെച്ചേ തീരുവെന്ന കടുത്തനിലപാടിലാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്, രമേശ് ചെന്നിത്തല തുടങ്ങിയ മുതിര്‍ന്നനേതാക്കളും അനുകൂലമല്ല. ഇനിയും വെളിപ്പെടുത്തല്‍ സതീശനും മറ്റുള്ളവരും പ്രതീക്ഷിക്കുന്നുണ്ട്. അതുകൊണ്ടാണ് മറ്റ് 'കേസുകളില്‍' നിന്നും വ്യത്യസ്തമായൊരു നിലപാട് ഈ വിഷയത്തില്‍ എടുക്കുന്നത്. ഗർഭഛിദ്ര ആരോപണത്തിൽ യുവതിയുമായുള്ള ഫോൺ സംഭാഷണത്തിന്റെ കൂടുതൽ വിവരങ്ങൾ ഇന്നലെ പുറത്തുവന്നത് കുരുക്ക് മുറുക്കി.
പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ അടൂരിലെ വീട്ടിൽ തുടരും. തൽക്കാലം പാലക്കാട്ടേക്ക് പോകില്ല. പാലക്കാട്ടെ നേതാക്കളുമായി വീട്ടിൽ കൂടിക്കാഴ്ച നടത്തുന്നതായും റിപ്പോർട്ടുകൾ പുറത്തുവന്നു. രാഹുലിന്റെ രാജിയിൽ പാർട്ടിയിൽ സമ്മർദ്ദം തുടരുന്നതിനിടെയാണ് പാലക്കാട്ടെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നത്. പാര്‍ട്ടിയിലെ ഉറ്റസുഹൃത്ത് ഷാഫി പറമ്പില്‍ എംപിയല്ലാതെ മറ്റൊരു നേതാവും രാഹുലിനെ പിന്തുണച്ച് രംഗത്തെത്തിയിട്ടുമില്ല. സ്വയം ന്യായീകരിക്കാന്‍ ശനിയാഴ്ച വൈകീട്ട് രാഹുല്‍ വാര്‍ത്താസമ്മേളനം വിളിച്ചെങ്കിലും നേതൃത്വം അനുവദിച്ചില്ല.
പരാതി കിട്ടിയാല്‍ ഉടന്‍ അറസ്റ്റു ചെയ്യാന്‍ വീട്ടിന് പുറത്ത് പോലീസുമുണ്ട്. ഒളിവില്‍ പോകുന്നത് തടയാനാണ് പോലീസിന്റെ ഈ കരുതല്‍. യുവതികളെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. അവരില്‍ നിന്നും പരാതി വാങ്ങാനുള്ള സാധ്യതയാണ് തേടുന്നത്. അത്തരത്തില്‍ പരാതി കിട്ടിയാല്‍ ഉടന്‍ എഫ് ഐ ആര്‍ ഇടും. പിന്നാലെ അറസ്റ്റും നടക്കും. എന്നാല്‍ ഇപ്പോഴും ഇരകള്‍ പരാതി നല്‍കാന്‍ തയ്യാറാല്ല.
യുവതികളുടെ കൂടുതല്‍ വെളിപ്പെടുത്തല്‍ വരുന്നതിനാല്‍ പരാതിയില്ലെന്ന സാങ്കേതികത്വം പറഞ്ഞുനിന്നാല്‍ പാര്‍ട്ടിക്കു കൂടുതല്‍ നാണക്കേടാവുമെന്നാണ് വാദം.രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ സ്ഥാനം രാജിവെക്കുന്നതാണ് ഉചിതം എന്ന് ഹൈക്കമാന്‍ഡും ചിന്തിച്ചു തുടങ്ങിയിട്ടുണ്ട് . പാലക്കാട് നഗരത്തിൽ രാഹുലിനെതിരെ ബിജെപി പ്രതിഷേധം സംഘടിപ്പിച്ചു. പ്രതീകാത്മകമായി രാഹുലിനെ ബിജെപി വനിതാ പ്രവർത്തകർ ചങ്ങലയ്ക്കിട്ട് വലിച്ചു. രാഹുൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. അതിനിടെ, വിവാദങ്ങൾക്കിടെ ട്രോൾ പോസ്റ്റുമായി കോൺഗ്രസ് നേതാവ് അജയ് തറയിലും രംഗത്തെത്തി.
രാഹുലിൻ്റെ രാജിയുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ ഭിന്നാഭിപ്രായമാണുള്ളത്. പ്രതിപക്ഷ നേതാവ് വിഡി സതീശനും മറ്റു ചില നേതാക്കളും രാഹുലിന്‍റെ രാജി വേണമെന്ന കടുത്ത നിലപാട് എടുക്കുമ്പോഴും എംഎൽ എ സ്ഥാനം രാജിവയ്ക്കില്ലെന്ന് ഉറച്ച നിലപാടിലാണ് രാഹുൽ. യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ചതിലൂടെ ധാർമ്മികമായി ചെയ്യാവുന്ന ഏറ്റവും വലിയ കാര്യം ചെയ്തെന്ന് പറഞ്ഞ് രാഹുലിന് ഷാഫി പറമ്പിൽ എംപി സംരക്ഷണം തീർക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha