അച്ഛന്റെ കൈയ്യിൽ നിന്ന് വാവിട്ട് കരഞ്ഞ കുഞ്ഞ്; കാര്യമന്വേഷിച്ചെത്തിയ ഉദ്യോഗസ്ഥ ഞെട്ടി, പിന്നാലെ നടന്നത്

കാക്കിക്കുള്ളിലുമുണ്ട് ഒരു കുഞ്ഞ് ഹൃദയം. വേദനയിൽ സങ്കടപ്പെടാനും സന്തോഷത്തിൽ ചിരിക്കാനുമെല്ലാം അറിയുന്ന മനസ്സ്. പട്ടം സ്വദേശിയായ യുവതിയും ഭർത്താവും രണ്ട് മാസം പ്രായമുള്ള അവരുടെ കുഞ്ഞിനേയും എടുത്ത് നഗരൂർ രാജധാനി എഞ്ചിനീയറിംഗ് കോളേജിൽ എത്തിയപ്പോൾ ഒരു പക്ഷേ കരുതി കാണില്ല. അങ്ങനൊരു മനുഷ്യനെ കാണാൻ പോകുകയാണെന്ന്.
കഴിഞ്ഞ ദിവസമാണ് റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡിന്റെ പരീക്ഷയിൽ പങ്കെടുത്ത് കൊണ്ടിരുന്ന യുവതിയുടെ രണ്ട് മാസം പ്രായമായ കുഞ്ഞിന് റെയിൽവേ പോലീസ് ഉദ്യോഗസ്ഥ മൂലയൂട്ടിയ സംഭവമുണ്ടായത്. പട്ടം സ്വദേശിയായ യുവതി ഭർത്താവിനും 2 മാസം പ്രായമായ കൈകുഞ്ഞിനും ഒപ്പമാണ് പരീക്ഷയ്‌ക്കെത്തിയത്. 7:30 മുതൽ 8:30 വരെയാണ് പരീക്ഷാ ഹാളിൽ പ്രവേശിക്കേണ്ട സമയം. യുവതി പരീക്ഷാ ഹാളിൽ പ്രവേശിച്ച് ലോഗിൻ പ്രക്രിയയും പൂർത്തിയാക്കിക്കഴിഞ്ഞ ശേഷമാണ് കുഞ്ഞ് നിർത്താതെ കരയാൻ തുടങ്ങിയത്. കരഞ്ഞു കൊണ്ടിരുന്ന കുഞ്ഞുമായി യുവതിയുടെ ഭർത്താവ് പരീക്ഷ നടക്കുന്ന കെട്ടിടത്തിന് സമീപമെത്തി സഹായം അഭ്യർത്ഥിച്ചു.
കുഞ്ഞിന്റെ കരച്ചിൽ കേട്ട് കാര്യം മനസ്സിലാക്കിയ ഉദ്യോഗസ്ഥ ആ കുഞ്ഞിന്റെ വിശപ്പകറ്റാൻ തീരുമാനിച്ചു. പരീക്ഷാ കേന്ദ്രമായ നഗരൂർ രാജധാനി എഞ്ചിനീയറിംഗ് കോളേജിൽ ഡ്യൂട്ടിയിലായിരുന്നു തിരുവനന്തപുരം നോർത്ത് ഡിവിഷനിലെ വനിതാ പോലീസ് കോൺസ്റ്റബിൾ കൊല്ലം പള്ളിമൺ ഇളവൂർ പാർവ്വതി നിവാസിൽ എ പാർവ്വതിയാണ് ആ തീരുമാനത്തിന് പിന്നിൽ.
പരീക്ഷയുടെ ഭാഗമായി ലോഗിൻ പ്രക്രിയ പൂർത്തിയാക്കിയ യുവതിയ്ക്ക് പുറത്തിറങ്ങാൻ ബുദ്ധിമുട്ടാണെന്ന് മനസിലാക്കിയ പാർവ്വതി കുഞ്ഞിന് മുലപ്പാൽ നൽകാൻ സന്നദ്ധത അറിയിക്കുകയായിരുന്നു. പരീക്ഷാ ഹാളിൽ നിന്നു പുറത്തിറങ്ങിയ കുഞ്ഞിന്റെ മാതാവ് ഭർത്താവിനൊപ്പം പാർവ്വതിയെ നേരിൽ കണ്ട് നന്ദി അറിയിച്ചാണ് മടങ്ങിയത്. തന്റെ ഒന്നര വയസുള്ള കുഞ്ഞിന്റെ മുഖമാണ് ആ സമയത്ത് മനസ്സിൽ തെളിഞ്ഞതെന്ന് പാർവതി പറയുന്നു.
https://www.facebook.com/Malayalivartha