കൊലപ്പെടുത്തിയത് അബൂബക്കർ അല്ല; പൊലീസിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി കുടുംബം

അമ്പലപ്പുഴ തോട്ടപ്പള്ളി ഒറ്റപ്പനയിൽ തനിച്ചു താമസിച്ചിരുന്ന സ്ത്രീ കൊല്ലപ്പെട്ട സംഭവത്തിൽ മുൻപ് അയൽപക്കത്ത് വാടകയ്‌ക്ക് താമസിച്ചിരുന്ന ദമ്പതികൾ അറസ്റ്റിൽ. തോട്ടപ്പള്ളി ഒറ്റപ്പനയ്‌ക്കു സമീപം ചെമ്പകപ്പള്ളി ഹംലത്താണ് (62) കൊല്ലപ്പെട്ടത്. ഹംലത്തിനെ 17നാണ് വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
ഹംലത്തുമായി അടുപ്പമുണ്ടായിരുന്ന പ്രദേശവാസി അബൂബക്കറിനെ പൊലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ യഥാർഥ പ്രതികൾ മുൻ മോഷണക്കേസ് പ്രതിയും ഭാര്യയുമാണെന്ന് പിന്നീട് വ്യക്തമാകുകയായിരുന്നു.സൈനലബ്ദ്ധീൻ എന്ന കുഞ്ഞുമോനും ഭാര്യയുമാണ് കൊല നടത്തിയത്. ഇരുവരെയും അറസ്റ്റ് ചെയ്തു. പ്രതികൾ മുൻപ് ഹംലത്തിന്റെ അയല്‍പക്കത്തു വാടകയ്‌ക്കു താമസിച്ചിരുന്നു.
അബൂബക്കർ സംഭവദിവസം കൊലപാതകം നടക്കുന്നതിനു മുമ്പേ ഇവരുടെ വീട്ടിലുണ്ടായിരുന്നു. പീഡനത്തിനിരയായതായി പോസ്‌റ്റുമോർട്ടം നടത്തിയ ഡോക്ടർ അറിയിച്ചതായി പൊലീസ് പറഞ്ഞു.കടുത്ത ആസ്ത്മാരോഗിയായ വൃദ്ധ താനുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നതിനിടെ മരിച്ചതായിരിക്കുമെന്ന് കരുതിയ അബൂബക്കർ ചോദ്യം ചെയ്യലിൽ പൊലീസിനോട് കുറ്റം സമ്മതിച്ചു. അബൂബക്കറിനെതിരെ ചുമത്തിയ കൊലപാതകക്കുറ്റം ഒഴിവാക്കും. എന്നാൽ പീഡനക്കുറ്റമുൾപ്പെടെ നിലനിൽക്കുമെന്നാണ് പൊലീസ് അറിയിച്ചത്.
ആളുമാറി പ്രതിയാക്കിയതിൽ പൊലീസിനെതിരെ അബൂബക്കറിന്റെ കുടുംബം മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി. കള്ളക്കേസിൽ കുടുക്കിയെന്നും വ്യാജ തെളിവുകൾ ഉണ്ടാക്കാൻ പൊലീസ് ശ്രമിച്ചുവെന്നും പരാതിയിൽ ആരോപിക്കുന്നു. കുറ്റം ചെയ്യാത്ത അബൂബക്കറിനെ ജയിൽ മോചിതനാക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha