തേങ്ങലോടെ നാട്.... നവവധുവായി അണിഞ്ഞൊരുങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ 25കാരിയുടെ വേര്‍പാട് കണ്ണീര്‍ക്കയത്തിലാക്കി

ആ കാഴ്ച കാണാനാവാതെ.... വിവാഹത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, നാടിന്റെ ദുഃഖം കണ്ണീരായി കവിഞ്ഞൊഴുകിയ അന്തരീക്ഷത്തില്‍ അഞ്ജനയ്ക്ക് യാത്രാമൊഴി. ഇന്നലെ രാവിലെ കൊല്ലം ഭരണിക്കാവ് ഊക്കന്‍ മുക്കിന് സമീപം സ്‌കൂട്ടര്‍ അപകടത്തിലായിരുന്നു അഞ്ജനയുടെ (25)ദാരുണാന്ത്യം. സ്‌കൂട്ടറില്‍ ബാങ്കിലേക്ക് പോകവേ സ്‌കൂള്‍ ബസ് ഇടിച്ച് വീണ്, സ്വകാര്യബസ് തലയിലൂടെ കയറിയിറങ്ങി.
തൊടിയൂര്‍ നോര്‍ത്ത് ശാരദാലയത്തില്‍ കോണ്‍ഗ്രസ് നേതാവായിരുന്ന പരേതനായ എസ്.ബി. മോഹനന്റെയും തൊടിയൂര്‍ മുന്‍ ഗ്രാമപഞ്ചായത്തംഗവും തൊടിയൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരിയുമായ അജിതയുടെയും രണ്ടു പെണ്‍മക്കളില്‍ ഇളയവളായിരുന്നു അഞ്ജന. അഞ്ച് വര്‍ഷം മുന്‍പാണ് അഞ്ജനയുടെ പിതാവ് മരിച്ചത്.
പിന്നാലെ വീട്ടില്‍ അമ്മയ്ക്ക് തുണയാകാനും സ്വന്തം ജീവിതം കെട്ടിപ്പടുക്കാനും അഞ്ജന വളരെ കഷ്ടപ്പെട്ടു. ജോലി എന്ന സ്വപ്നം യാഥാര്‍ത്ഥ്യമായിട്ട് മാസങ്ങളായതേയൂള്ളു. ഒരു വര്‍ഷം മുന്‍പാണ് വിവാഹമുറപ്പിച്ചത്. മൈനാഗപ്പള്ളി കല്ലേലിഭാഗം സ്വദേശി അഖിലായിരുന്നു വരന്‍. ഒക്ടോബര്‍ 19നായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്.
ഇരുവീടുകളിലും വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ നടന്നുവരികയായിരുന്നു. കഴിഞ്ഞദിവസമാണ് വിവാഹവസ്ത്രം വാങ്ങിയത്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഈ വസ്ത്രം അണിയിച്ചാണ് പൊതുദര്‍ശനത്തിന് വച്ചത്. കരിന്തോട്ടുവ സര്‍വീസ് സഹകരണ ബാങ്കില്‍ പൊതുദര്‍ശനത്തിന് വച്ചശേഷം രാത്രിയോടെയാണ് മൃതദേഹം തൊടിയൂരിലെ വീട്ടിലേക്ക് കൊണ്ടുവന്നു.
ഫോണിലേക്ക് ആ വാര്‍ത്ത വന്നപ്പോള്‍ എന്ത് ചെയ്യണമെന്ന് അറിയാതെ നില്‍ക്കുകയായിരുന്നു അഖില്‍. റവന്യൂവകുപ്പിലാണ് അഖിലിന് ജോലി. കല്യാണക്കുറി തയ്യാറാക്കുന്ന തിരക്കിലായിരുന്നു ഇന്നലെ അഖില്‍. പ്രദേശത്തെ പ്രിന്റിംഗ് സ്ഥാപനത്തില്‍ വിവാഹക്ഷണക്കത്ത് തയ്യാറാക്കിക്കൊണ്ടിരിക്കുന്നതിനിടെയാണ് സംഭവമറിയുന്നത്. അവിടെ നിന്ന് നേരെ ഭരണിക്കാവിലെ സ്വകാര്യ ആശുപത്രിയിലെത്തി. ചേതനയറ്റുകിടന്ന ശരീരം കാണാനാകാതെ കരയാനേ കഴിഞ്ഞുള്ളൂ അദ്ദേഹത്തിന്.
ഒടുവില്‍ വൈകുന്നേരം നാലരയോടെ നടപടികള്‍ പൂര്‍ത്തിയാക്കി ആംബുലന്‍സില്‍ മൃതദേഹം കയറ്റിയശേഷമാണ് അഖില്‍ ആശുപത്രിയില്‍ നിന്നും പോയത്.
https://www.facebook.com/Malayalivartha