സൗദിഅറേബ്യയില്‍ ജയില്‍ വാസം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങിയെത്തിയ യുവാവ് നാട്ടില്‍ അറസ്റ്റില്‍

സൗദിഅറേബ്യയില്‍ ജയില്‍ വാസം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങിയെത്തിയ യുവാവിനെ തിരുവനന്തപുരം പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം പരശുവയ്ക്കല്‍ പണ്ടാരക്കോണം തൈപ്ലാങ്കാലയില്‍ റിനു(31) ആണ് പാറശാല പൊലീസിന്റെ പിടിയിലായത്.
വയോധികനെ ആക്രമിച്ച് വെട്ടി പരിക്കേല്‍പ്പിച്ച കേസിലാണ് പൊലീസ് നടപടിയുള്ളത്. സൗദി അറേബ്യയില്‍ നിന്ന് മുംബൈ വിമാനത്താവളത്തിലെത്തിയ ഇയാളെ കേരള പൊലീസ് സംഘം മുംബൈയിലെത്തിയാണ് കസ്റ്റഡിയിലെടുത്തത്. പിന്നീട് തിരുവനന്തപുരത്ത് എത്തിച്ച് കോടതിയില്‍ ഹാജരാക്കി. കോടതി ഇയാളെ റിമാന്‍ഡിലാക്കി.
പരശുവയ്ക്കല്‍ നിവാസി ശിവശങ്കരന്‍ നായരുടെ വീട്ടിന് മുന്നില്‍ നടന്നുവന്ന ലഹരിമാഫിയാ പ്രവര്‍ത്തനങ്ങള്‍ ചോദ്യം ചെയ്തതിനെതിരെയായിരുന്നു റിനു അടക്കം നാലംഗ സംഘത്തിന്റെ ആക്രമണമുണ്ടായത്. വാഹനങ്ങളില്‍ എത്തിയ സംഘം ശിവശങ്കരന്‍ നായരെ ക്രൂരമായി വെട്ടിപ്പരിക്കേല്പിച്ച ശേഷം കടന്ന് കളയുകയായിരുന്നു. മൂന്ന് വര്‍ഷം മുന്‍പാണ് ഈ സംഭവമുണ്ടായത്.
കേസിലെ ഒന്നാം പ്രതിയാണ് റിനു. വിദേശത്തേക്ക് കടന്ന ഇയാള്‍ സൗദി അറേബ്യയില്‍ ജോലി നേടി. എന്നാല്‍ അവിടെയും ഇയാള്‍ ലഹരി പ്രവര്‍ത്തനങ്ങളില്‍ സജീവമായി.
നിയമവിരുദ്ധമായി ചാരായം വാറ്റി വിപണനം നടത്തിയ ഇയാളെ വൈകാതെ സൗദി പൊലീസ് പിടികൂടുകയായിരുന്നു. മൂന്ന് വര്‍ഷത്തോളമായി ജയിലില്‍ കഴിയുന്നതിനിടെ പൊതുമാപ്പിനെ തുടര്‍ന്ന് പുറത്തിറങ്ങി. എങ്കിലും ഇയാളെ സൗദി തിരികെ ഇന്ത്യയിലേക്ക് നാടുകടത്തി. അങ്ങനെ മുംബൈയില്‍ വന്നിറങ്ങിയപ്പോഴാണ് കേരള പൊലീസിന്റെ വലയിലായത്.
https://www.facebook.com/Malayalivartha


























